ആലുവ: മലബാർ മേഖലയിൽ നിന്നുള്ള ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളമായ ആലുവ മണപ്പുറത്ത് ഒരുക്കങ്ങളൊന്നുമില്ല. മണപ്പുറം ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഇന്നലെ 20 ദിവസത്തെ ശബരിമല സ്പെഷ്യൽ ഡ്യൂട്ടിക്കായി മലകയറി.
മണപ്പുറം മഹാദേവ ക്ഷേത്രത്തിന് ചുറ്റും പതിവായുള്ള താത്കാലിക പന്തൽ ചെലവ് ചുരുക്കലിന്റെ ഭാഗമായി ഇക്കുറിയുമില്ല. കഴിഞ്ഞ വർഷവും ഇതുതന്നെയായിരുന്നു അവസ്ഥ. നടപ്പന്തലിന് മുമ്പിൽ ചെറിയ മേൽക്കൂരമാത്രമാണുള്ളത്. മണപ്പുറത്തെ ചെറിയ ഹാളിൽ 24 മണിക്കൂറും ഭക്തർക്ക് വിരിവെക്കാൻ സൗകര്യമൊരുക്കുമെന്നാണ് ദേവസ്വം അധികൃതരുടെ നിലപാട്.
ദേശീപാത വഴി കടന്നുപോകുന്ന വടക്കൻജില്ലകളിൽ നിന്നുള്ളവരുടെയും തമിഴ്നാട്, കർണാടക, ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകരുടെയും മുഖ്യഇടത്താവളമാണ് മണപ്പുറം. മണ്ഡലകാലം ആരംഭിച്ചാൽ രാവുംപകലും ഇവിടെ ഭക്തരുടെ തിരക്കായിരിക്കും.
പെരുവാരം ദേവസ്വം ഓഫീസർ അഖിലക്കാണ് മണപ്പുറം ക്ഷേത്രത്തിന്റെ താത്കാലിക ചുമതല.
മണപ്പുറത്തെ വാഹനപാർക്കിംഗിനായി കാടും വെട്ടിത്തെളിച്ചില്ല. കർക്കടക വാവിന് കാടുവെട്ടിയതിനാൽ അതുമതിയെന്ന നിലപാടാണ് ദേവസ്വം അധികൃതർക്ക്. നൂറുകണക്കിന് ഭക്തരെത്തുന്ന ഇവിടെ ഇന്നലെ സ്ഥാപിച്ചത് രണ്ട് ഇ ടോയ്ലെറ്റുകൾ മാത്രം. കടവുകളിൽ വെളിച്ചമുണ്ടെങ്കിലും വാഹന പാർക്കിംഗ് ഏരിയിൽ കൂടുതൽ വെളിച്ചം ഏർപ്പെടുത്തിയിട്ടുമില്ല.
250 പേർക്ക് രാത്രി ലഘുഭക്ഷണം
മണപ്പുറം ഇടത്താവളത്തിലെത്തുന്ന ഭക്തർക്ക് ഇന്ന് മുതൽ മണ്ഡലകാലം അവസാനിക്കും വരെ രാത്രി 250 പേർക്ക് വീതം കഞ്ഞി വിതരണം ചെയ്യും. ദേവസ്വം ബോർഡിന്റെ ചെലവിലാണ് ലഘുഭക്ഷണ വിതരണം.
എന്നാൽ മണപ്പുറത്ത് സ്ഥിരമുണ്ടാകാറുള്ള കാന്റീൻ സൗകര്യം ഇക്കുറിയില്ല. ദേവസ്വം ബോർഡ് ഭീമമായ വാടക ഈടാക്കുന്നതിനാൽ ലേലം കൊള്ളാൻ ഇക്കുറി ആരുമെത്തിയില്ല. അതിനാലാണ് കാന്റീൻ ഒഴിവായത്. എന്നാൽ സ്ഥിരമായി മണപ്പുറത്തെ കാന്റീൻ നടത്തിപ്പ് കരാറെടുക്കുന്നയാൾ ഇക്കുറി മണപ്പുറം ആൽത്തറക്ക് സമീപത്തെ ശിവശക്തി ഹോട്ടൽ രണ്ട് മാസത്തേക്ക് വാടകക്ക് ഏറ്റെടുത്തിട്ടുണ്ട്. രാത്രിയും പ്രവർത്തിക്കും.
പൊലീസ് എയ്ഡ് പോസ്റ്റില്ല
മണപ്പുറത്തെ സ്ഥിരം എയ്ഡ് പോസ്റ്റ് പൂട്ടിയതിനാൽ മണ്ഡലകാലത്തെ താത്കാലിക പൊലീസ് സേവനം ആവശ്യപ്പെട്ട് പൊലീസിന് ദേവസ്വം കത്ത് നൽകിയിട്ടുണ്ട്. അഞ്ച് വർഷം മുമ്പ് മണപ്പുറത്ത് പിതാവിനൊപ്പം വിരിവെച്ച് ഉറങ്ങിയ മാളികപ്പുറത്തിന് നേരെ അതിക്രമം നടന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ പൊലീസിന്റെ ശക്തമായ സേവനം ആവശ്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |