
തിരുവനന്തപുരം: ഉത്തർപ്രദേശിലെ ലക്നൗവിൽ നടക്കുന്ന ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സിന്റെ രാജ്യത്തെ അഭിമാന പരിപാടിയായ ഗ്രാന്റ് ഫിനാലെ ഓഫ് ഡയമണ്ട് ജൂബിലി ജാംബൂരിയിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തു നിന്നും എട്ടു പെൺകുട്ടികൾ. തിരുവനന്തപുരം സെന്റ് ഷാന്തൽ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എട്ടു വിദ്യാർത്ഥിനികൾക്കാണ് ഇത്തവണത്തെ ജാംബൂരിയിലേക്ക് അവസരം ലഭിച്ചത്.
തിരുവനതപുരം ജില്ലാ സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് വിഭാഗത്തെ പ്രതിനിധീകരിച്ചാണ് ഇവർ ലക്‌നൗവിൽ നവംബർ 23 മുതൽ 29 വരെ നടക്കുന്ന നടക്കുന്ന ഡയമണ്ട് ജൂബിലി ജാംബൂരിയിൽ പങ്കെടുക്കുക. പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട ഇവർ കേരളത്തെ പ്രതിനിധീകരിച്ചു മാർച്ച് പാസ്റ്റിൽ അണിനിരക്കും. രംഗോലി, സ്കിൽ ഓ രമ, പെജന്റ് ഷോ, ക്യാമ്പ് ഫയർ എന്നീ വിഭാഗങ്ങളിൽ മാറ്റുരക്കും. തിരുവനന്തപുരം ജില്ലാ ട്രയിനിംഗ് കമ്മീഷണർ കെ.ഹരികുമാറും മലമുകൾ സെന്റ് ഷാന്തൽ സ്കൂൾ ഗൈഡ് ക്യാപ്റ്റൻ ശാലിനി എസ്.വിയും നയിക്കുന്ന സംഘം 19-ാം തീയതി പുലർച്ചെ തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും യാത്ര തിരിക്കും.
ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സിന്റെ 75-ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായ ഗ്രാന്റ് ഫിനാലെ ഓഫ് ഡയമണ്ട് ജൂബിലി ജാംബൂരി ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലക്നൗവിലെ ഡിഫൻസ്എക്സ്പൊ ഗ്രൗണ്ടിൽ നടക്കുന്നു. ജാമ്പൂരിയുടെ ഔപചാരികമായ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും സമാപന സമ്മേളനം രാഷ്ട്രപതി ദ്രൗപതി മുർമുവും നിർവഹിക്കും. സമ്മേളനങ്ങളിൽ മുഖ്യമന്ത്രിമാർ, കേന്ദ്ര - സംസ്ഥാന മന്ത്രിമാർ എന്നിവർ പങ്കെടുക്കും.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമായി 30,000 പേർ പങ്കെടുക്കുന്ന ജാമ്പൂരിയുടെ തീം വികസിത് യുവ, വികസിത് ഭാരത് എന്നാണ്. സ്കൗട്ട്, ഗൈഡുകളുടെ ശാരീരിക മാനസിക ഉല്ലാസത്തിനും സാഹസിക, സേവന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനുമുള്ള അവസരങ്ങൾ പരിപാടിയുടെ ഭാഗമാണ്.കൂടാതെ അഡ്വഞ്ചർ ആക്ടിവിറ്റീസ്, യോഗ, ഗ്ലോബൽ വില്ലേജ്, പെജന്റ് ഷോ, എയർഷോ എന്നിവ ജാംബൂരിയുടെ പ്രത്യേകതയാണ്.
സെന്റ് ഷാന്തൽ സ്കൂൾ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനികളായ കമ്പനി ലീഡർ നന്ദ ലക്ഷ്മി ആർ ആർ, ശിവാത്മീക മഹേഷ്, പവിത്ര കിഷോർ, ആരാധന ആർ കൃഷ്ണൻ, എട്ടാം ക്ലാസ് വിദ്യാർഥിനികളായ നന്ദിത ആർ നായർ, വൈഗ എ ആർ, ദേവേന്ദു, ഗൗരി എ എസ് എന്നിവരാണ് ടീമിലുള്ളത്. ഇത്തവണത്തെ ലക്‌നൗവിലെ ജാംബൂരിയിൽ കേരളത്തിൽ നിന്നും 160 ഗൈഡുകളും 200 സ്കൗട്ടുകളും ഉൾപ്പെടെ ആകെ 430 പേർ പങ്കെടുക്കുന്നുണ്ട്.
സ്റ്റേറ്റ് സെക്രട്ടറി എൻ.കെ.പ്രഭാകരൻ, സ്റ്റേറ്റ് ഓർഗനൈസിംഗ് കമ്മീഷണർമാരായ സി.പി. ബാബുരാജൻ, ഷീലാ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ ഇവർക്കായി തിരൂരിൽ വച്ച് ഗെറ്റ് ടുഗതർ ക്യാമ്പും ജില്ലാ തലത്തിൽ പരിശീലനപരിപാടികളും ഉൾപ്പെടെ വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്തിരുന്നു. ജില്ലാ ട്രയിനിംഗ് കമ്മീഷണർ കെ.ഹരികുമാർ : 9495458953, ഗൈഡ് ക്യാപ്റ്റൻ ശാലിനി എസ്.വി : 9349147108
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |