ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ കൗമാരകലയുടെ സൗരഭ്യം. ഇന്ന് മുതൽ മൂന്നുനാൾ കലയുടെ ആറാട്ടിൽ ഇരിങ്ങാലക്കുട മുങ്ങി നിവരും. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ആദ്യദിനത്തിൽ ഇന്നലെ സ്റ്റേജിതര മത്സരങ്ങൾക്ക് പുറമേ അറബനമുട്ട്, ദഫ്മുട്ട്, കുച്ചിപ്പുടി, നാടകം, ഇംഗ്ലീഷ് സ്കിറ്റ്, പദ്യം ചൊല്ലൽ, തായമ്പക, പഞ്ചവാദ്യം, നാദസ്വരം, ദേശഭക്തിഗാനം, ചാക്യാർക്കൂത്ത്, നങ്ങ്യാർക്കൂത്ത്, കൂടിയാട്ടം എന്നിവ ആസ്വാദകരുടെ മനം നിറച്ചു. ഇന്നലെ രാവിലെ ഒമ്പതരയ്ക്കായിരുന്നു തുടക്കം. രാവിലെ ഒമ്പതരയ്ക്കാണ് ഇരിങ്ങാലക്കുട മുനിസിപ്പൽ ടൗൺഹാളിൽ സിനിമാതാരം ജയരാജ് വാര്യർ നിർവഹിക്കും. സബ് കളക്ടർ അഖിൽ വി.മേനോൻ, സാഹിത്യ അക്കാഡമി വൈസ് ചെയർമാൻ അശോകൻ ചരുവിൽ എന്നിവർ മുഖ്യാതിഥികളാകും. 20 വേദികളിലായി വിദ്യാർത്ഥികളിലാണ് മത്സരം. സംസ്കൃതോത്സവം നാഷണൽ സ്കൂളിലും അറബിക് കലോത്സവം ഗവ. എൽ.പി സ്കൂളിലുമാണ് നടക്കുന്നത്. ഒപ്പന, മാപ്പിളപ്പാട്ട്, അക്ഷരശ്ലോകം, പ്രസംഗമത്സരം, കേരള നടനം, ചവിട്ടുനാടകം, പരിചമുട്ടുകളി, മോണോ ആക്ട്, മിമിക്രി, ശാസ്ത്രീയ സംഗീതം, ബാൻഡ് മേളം തുടങ്ങിയ മത്സരങ്ങളാണ് വിവിധ വേദികളിലായി നടക്കും. 21ന് വൈകീട്ട് നടക്കുന്ന സമാപനസമ്മേളനം കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്യും.
ആശുപത്രി കിടക്കയിൽ നിന്നെത്തിയ ശ്രദ്ധ
'ചെമ്പക'ത്തെ അവിസ്മരണീയമാക്കി
ഇരിങ്ങാലക്കുട : ആശുപത്രി കിടക്കയിൽ നിന്ന് അരങ്ങത്തെത്തി ശ്രദ്ധ 'ചെമ്പക'മായി മാറിയപ്പോൾ ആ അഭിനയത്തികവ് കണ്ട് സദസ് പോലും അമ്പരന്നു. രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് വെള്ളിയാഴ്ച മുതൽ ശ്രദ്ധ കെ.രാജ് ചികിത്സയിലായിരുന്നു. നാടകത്തിൽ അഭിനയിക്കുന്നതിനെ കുറിച്ച് ഡോക്ടറോട് പറഞ്ഞപ്പോൾ കർശന നിർദ്ദേശം വന്നു. അരുത്...
എന്നാൽ താൻ മൂലം തന്റെ ടീമിലുള്ളവർ സങ്കടപ്പെടരുതെന്ന ദൃഢനിശ്ചയമാണ് അവശതകൾ മറന്ന് വേദിയിലെത്താനിടയാക്കിയത്. ജന്മി, കുടിയാൻ വ്യവസ്ഥകളിലെ ക്രൂരതകൾ ഏറ്റുവാങ്ങി മരണത്തിന് കീഴടങ്ങുന്ന ഇക്കണ്ടനെന്ന കുടിയാന്റെ ഭാര്യ ചെമ്പകമായാണ് ശ്രദ്ധ വേദിയിലെത്തിയത്. ഉള്ളു പിടഞ്ഞു കരയുന്ന ചെമ്പകമായി വേദിയിലെത്തിയപ്പോൾ ശ്രദ്ധ ഡോക്ടറുടെ നിർദ്ദേശം മറന്നു.
ശ്രദ്ധയുടെ ഉള്ളുപിടഞ്ഞുള്ള കരച്ചിലും ഇടറിയ ശബ്ദവും കാണികളുടെ ഹൃദയം കീഴടക്കി. വേദിയിൽ വച്ചും ശ്വാസതടസം അനുഭവപ്പെട്ടിട്ടും ചെമ്പകം എന്ന കഥാപാത്രത്തെ പൂർണമായും ഉൾക്കൊണ്ടായിരുന്നു അവതരണം. ജന്മിയും കൂട്ടരും മകളെ ഇല്ലാതാക്കാൻ ശ്രമിക്കുമ്പോഴുള്ള ചെമ്പകത്തിന്റെ അലർച്ചയും അഭിനയത്തികവിന്റെ നേർക്കാഴ്ച്ചയായി. മാള സെന്റ് ആന്റണീസ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു കൊമേഴ്സ് വിദ്യാർത്ഥിയാണ് ശ്രദ്ധ. കഴിഞ്ഞ ആഴ്ച നടന്ന സബ്ജില്ലാ കലോത്സവത്തിന് ശേഷമെത്തുന്നത് ജില്ലാ കലോത്സവ വേദിയിലേക്കാണ്.
ചെണ്ടയിൽ കൊട്ടിക്കയറി അർജ്ജുൻ
തൃശൂർ: പാണ്ടിയും പഞ്ചാരിയും തായമ്പകയും കൊട്ടിക്കയറുന്ന കൂടൽ മാണിക്യത്തിന്റെ മണ്ണിൽ വാദ്യ വിസ്മയം തീർത്ത്
കൗമാര പ്രതിഭകൾ. ചെണ്ടയിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇരിങ്ങാലക്കുട എസ്.എൻ.എച്ച്.എസ്.എസിലെ അർജ്ജുൻ എസ്.മാരാർ ഒന്നാമതെത്തി. മേള കലാകാരനായ അച്ഛൻ ശ്രീകുമാർ മാരാരുടെ ശിക്ഷണത്തിൽ ചെറുപ്പം മുതൽക്കെ ചെണ്ട പരിശീലിച്ച അർജ്ജുൻ കഴിഞ്ഞ ഒൻപത് വർഷമായി കലോത്സവങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമാണ്. കുട്ടിക്കാലം മുതൽ അച്ഛന്റെ ചെണ്ട പരിശീലനമാണ് മത്സരങ്ങളിൽ പങ്കെടുക്കാനുള്ള കരുത്തെന്ന് അർജ്ജുൻ പറയുന്നു.
ഹൈസ്കൂൾ വിഭാഗത്തിൽ ഗുരുവായൂർ ശ്രീകൃഷ്ണ എച്ച്.എസ്.എസിലെ അനുനന്ദ് എ ഗ്രേഡോടെ ഒന്നാമതെത്തി.
പൈങ്കുളത്തിന്റെ
പെരുമയിൽ കലോത്സവം
ഇരിങ്ങാലക്കുട: സ്കൂൾ കലോത്സവങ്ങളിൽ പെരുമ ചോരാതെ പൈങ്കുളം നാരായണൻ ചാക്യാർ. യു.പി,ഹൈസ്കൂൾ,ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ പങ്കെടുത്ത ഒമ്പതു ടീമുകളിൽ എട്ടെണ്ണവും നാരായണൻ ചാക്യാരുടെ ശിഷ്യരാണ്. മൂന്നും വിഭാഗത്തിലും സംസ്ഥാന സ്കൂൾ കലോത്സവത്തിന് അർഹത നേടിയതും ചാക്യാരുടെ ശിഷ്യർ തന്നെ. നാലു പതിറ്റാണ്ടോളമായി സ്കൂൾ കലോത്സവങ്ങളിൽ മികച്ച പ്രകടനമാണ് ശിഷ്യർ കാഴ്ച്ചവയ്ക്കുന്നത്. 1987 മുതൽ കലോത്സവങ്ങളിൽ ഇദ്ദേഹം കലകളുടെ പ്രചാരണത്തിന് പ്രാധാന്യം നൽകുകയാണ്. കൂടിയാട്ടത്തിൽ മാത്രമല്ല, ചാക്യാർകൂത്ത്, പാഠകം തുടങ്ങിയ വിവിധ ഇനങ്ങളിലും കുട്ടികൾ മത്സരിച്ചിട്ടുണ്ട്. സംസ്ഥാന കലോത്സവങ്ങളിലും ഭൂരിഭാഗം ടീമുകളും നാരായണ ചാക്യാരുടെ ശിക്ഷണത്തിലെത്തുന്നവരാണ്.
താളംതെറ്റി മത്സരങ്ങൾ
തൃശൂർ: ആദ്യ ദിനത്തിൽ താളംതെറ്റി റവന്യൂ ജില്ലാ കലോത്സവം. വൈകിട്ട് മൂന്നിന് ആരംഭിക്കേണ്ട ഹയർ സെക്കൻഡറി വിഭാഗം മൂകാഭിനയം ആരംഭിച്ചത് രാത്രി ഏറെ വൈകിയാണ്. രാവിലെ ആരംഭിച്ച ഹയർ സെക്കൻഡറി നാടകവും ഏറെ വൈകിയാണ് അവസാനിച്ചത്. അറബി, സംസ്കൃത കലോത്സവ വേദികളിലും സമയക്രമം പാലിക്കാത്തത് വിദ്യാർത്ഥികളെ വലച്ചു. മൂകാഭിനയത്തിനായി മണിക്കൂറുകളോളമാണ് കുട്ടികൾ വേഷമിട്ട് കാത്തിരുന്നത്.പന്ത്രണ്ട് ഉപജില്ലകളിൽ നിന്നുള്ള ഓരോ ടീമിന് പുറമേ അപ്പീൽ വഴിയെത്തിയ ടീമുകളും പങ്കെടുത്തു. ഇരിങ്ങാലക്കുട എൽ.എഫ് സ്കൂളിലായിരുന്നു വേദി. ഹൈസ്കൂൾ, യു.പി. ഹയർ സെക്കൻഡറി വിഭാഗങ്ങളുടെ ഇംഗ്ലീഷ് സ്കിറ്റ് പൂർത്തിയായ ശേഷമാണ് മൂകാഭിനയ മത്സരം ആരംഭിച്ചത്. ഇന്നലെ മത്സരങ്ങളുടെ എണ്ണം കുറവായിരുന്നിട്ടും സമയക്രമം പാലിക്കാതിരുന്നത് മത്സരാർത്ഥികളെ വലച്ചെന്ന് രക്ഷിതാക്കൾ പറയുന്നു.
മുന്നിൽ വലപ്പാട്
സ്കൂളുകളിൽ മതിലകം സെന്റ് ജോസഫ്സ്
ഇരിങ്ങാലക്കുട : റവന്യൂ ജില്ലാ കലോത്സവത്തിൽ ആദ്യ ദിനം പിന്നിടുമ്പോൾ 206 പോയിന്റുമായി വലപ്പാട് ഉപജില്ല മുന്നിൽ. 204 പോയിന്റുമായി തൃശൂർ വെസ്റ്റ് തൊട്ടുപിന്നിൽ. 203 പോയിന്റുമായി കുന്നംകുളമാണ് മൂന്നാമത്. 198 പോയിന്റുമായി തൃശൂർ ഈസ്റ്റ് നാലാം സ്ഥാനത്താണ്. 197 പോയിന്റുമായി കൊടുങ്ങല്ലൂരാണ് അഞ്ചാം സ്ഥാനത്ത്. ചാലക്കുടി (191), ഇരിങ്ങാലക്കുട (191), ചേർപ്പ് (184), മാള (184), ചാവക്കാട് (176), വടക്കാഞ്ചേരി (172), മുല്ലശ്ശേരി (162) എന്നിവയാണ് പിന്നാലെയുള്ളത്. സ്്കൂളുകളിൽ 63 പോയിന്റോടെ കൊടുങ്ങല്ലൂർ ഉപജില്ലയിലെ മതിലകം സെന്റ് ജോസഫ്സ് എച്ച്.എസ്.എസും തൃശൂർ ഈസ്റ്റ് ഉപജില്ലയിലെ തൃശൂർ എസ്.എച്ച്.സി.ജി.എച്ച്.എസ്.എസുമാണ് ഒന്നാം സ്ഥാനത്ത്. ചാലക്കുടി കാർമൽ എച്ച്.എസ്.എസ് 60 പോയിന്റോടെ തൊട്ടുപിന്നാലെയുണ്ട്. മമ്മിയൂർ എൽ.എഫ്.സി.ജി.എച്ച്.എസ്.എസും തൃശൂർ വി.ബി.എച്ച്.എസ്.എസും 45 പോയിന്റോടെ മൂന്നാം സ്ഥാനത്തുണ്ട്.
റിപ്പോർട്ടുകൾ
കൃഷ്ണകുമാർ ആമലത്ത്
വി.ആർ.സുകുമാരൻ
ഫോട്ടോ: റാഫി.എം.ദേവസി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |