
കിളിമാനൂർ: രാജഭരണ കാലത്തും, ജനാധിപത്യ ഭരണം വന്നപ്പോഴും ഒക്കെയായി ഒരു ജനതയ്ക്ക് ദാഹജലം നൽകിയ നിരവധി പൊതു കിണറുകൾ ഇന്ന് ചരിത്രത്തിന്റെ അവശേഷിപ്പുമായി നാശത്തിന്റെ വക്കിൽ നിൽക്കുന്നു. പണ്ടേ ജലക്ഷാമം രൂക്ഷമായപ്പോൾ നാശോന്മുഖമായ ഈ പൊതുകിണറുകൾ ശുചിയാക്കിയെടുത്തിരുന്നെങ്കിൽ ഈ തലമുറയ്ക്ക് ഇത് ഉപയോഗിക്കാമായിരുന്നു. ഇപ്പോഴെങ്കിലും വൃത്തിയാക്കിയാൽ വരും തലമുറയെങ്കിലും ഉപയോഗിച്ചേനെ.
വഴിയമ്പലങ്ങൾക്കും ചുമടുതാങ്ങികൾക്കും സമീപത്തായുമൊക്കെ സ്ഥാപിച്ച ഇത്തരത്തിലുളള പൊതുകിണറുകൾ മാലിന്യമിട്ടും, കരിങ്കൽക്കെട്ട് തകർന്നും ഉപയോഗശൂന്യമാണ്. കരിങ്കല്ലിൽ തീർത്ത ആൾമറയോടുകൂടിയതാണ് മിക്കതും. എന്നാൽ മിക്കവയും കാടുമൂടിയും ഉള്ളിൽ കുറ്റിച്ചെടികളടക്കം വളർന്നു പൊന്തിയും നിൽക്കുകയാണ്. കല്ലറ,തൊളിക്കുഴി,കിളിമാനൂർ,മിതൃമ്മല എന്നിവിടങ്ങളിൽ ഇത്തരത്തിലുളള കിണറുകളുണ്ട്.
ജലസമൃദ്ധി മലിനമാക്കുന്നു
ചിലതിന്റെ സംരക്ഷണഭിത്തി തകർന്ന് ഉള്ളിൽ വീണും തൂണുകൾ ചരിഞ്ഞ നിലയിലുമാണ്.പൊതു കിണറുകളിൽ മാലിന്യം തള്ളുക പതിവാണ്.ഗാർഹിക,വ്യവസായിക മാലിന്യങ്ങളും ഭക്ഷ്യ,മാംസാവശിഷ്ടങ്ങളുമാണ് തള്ളിയിരിക്കുന്നത്. കവലകൾ കേന്ദ്രീകരിച്ചുള്ള കിണറുകളിൽ വിവിധതരം പോസ്റ്ററുകളും ബാനറുകളും പതിച്ചിരിക്കുകയാണ്. മേൽമൂടിയുള്ളതാകട്ടെ തുറന്നിട്ട നിലയിലും.
കിണറുകൾ വീണ്ടെടുക്കണം
ഭൂരിഭാഗം കിണറുകളും പതിറ്റാണ്ടുകൾക്കു മുൻപേ നിർമ്മിച്ചവയാണ്. ഇക്കൂട്ടത്തിൽ കുളങ്ങളുമുണ്ട്. എന്നാൽ നിർമ്മിക്കാനുള്ള ആവേശം പരിപാലിക്കുന്നതിൽ കാണിക്കുന്നില്ല. ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ ജല അതോറിട്ടിയുടെ ശുദ്ധജല വിതരണത്തിനായി ആഴ്ചകളോളം കാത്തിരിക്കുന്നവർ നിരവധിയാണ്. ഈ സാഹചര്യത്തിൽ പഴയ ജലാശയങ്ങൾ വൃത്തിയാക്കിയെടുക്കുന്നത് ഗൗരവമായി കാണണമെന്നാണ് ആവശ്യം.
ആവശ്യകത
മുഴുവൻ ജലസമൃദ്ധമായ കിണറുകളും കണ്ടെത്തണം
തേകിയും വൃത്തിയാക്കിയും വക്കുകെട്ടിയും സംരക്ഷിക്കണം
കുടിക്കാൻ കഴിയില്ലെങ്കിലും മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാം
ഫോട്ടോ: തൊളിക്കുഴി മാർക്കറ്റിനകത്ത് ഉണ്ടായിരുന്ന പൊതു കിണർ മൂടിയ നിലയിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |