
തിരുവനന്തപുരം: നൂറുകണക്കിന് പേർ ദിവസേന ആശ്രയിക്കുന്ന വഞ്ചിയൂർ അഡിഷണൽ സബ് ട്രഷറിയിൽ അറ്റകുറ്റപ്പണി ആരംഭിച്ചു. വഞ്ചിയൂർ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ കോമ്പൗണ്ടിലുള്ള ട്രഷറിയിലെ അസൗകര്യങ്ങളെക്കുറിച്ച് കേരളകൗമുദി വാർത്ത നൽകിയിരുന്നു. ഷീറ്റിട്ട മേൽക്കൂര ഏത് നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലായിരുന്നു. കേരളകൗമുദി വാർത്തയെതുടർന്ന് പ്രധാന ക്യാഷ്യറുടെ ഇരിപ്പിടത്തിന് മുകളിലെ പകുതിയിളകിയ ഷീറ്റ് മാറ്റി പുതിയതിട്ടു. മറ്റ് ജീവനക്കാർ ഇരിക്കുന്ന സീറ്റിന് മുകളിലെ സീലിംഗും മാറ്റി. പിൻവശത്ത് ടോയ്ലെറ്റിന്റെ പണി തുടങ്ങി. പതിനഞ്ചോളം ജീവനക്കാരുണ്ടെങ്കിലും സ്ത്രീകൾക്കും പുരുഷന്മാർക്കുമായി ഒരു പൊതു ടോയ്‌ലെറ്റ് മാത്രമാണ് നിലവിലുള്ളത്. കോടതിയുടെ നേതൃത്വത്തിലാണ് പണി ആരംഭിച്ചത്.ഏറ്റവും പഴക്കമേറിയ ട്രഷറികളിലൊന്നാണ് വഞ്ചിയൂരിലേത്. ജില്ലാ കോടതിയിലെ തെളിവുകൾ,പ്രധാനപ്പെട്ട രേഖകൾ എന്നിവ സൂക്ഷിക്കുന്നത് ഇവിടെയാണ്. ധനകാര്യവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ട്രഷറി തിരുവനന്തപുരം നിയോജകമണ്ഡത്തിലാണ് ഉൾപ്പെടുന്നത്.
സ്വന്തം കെട്ടിടമെന്ന ആവശ്യം
നിലവിൽ ട്രഷറി സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് മുൻപ് കളക്ടറേറ്ര് പ്രവർത്തിച്ചിരുന്നത്.കളക്ടറേറ്റ് കുടപ്പനക്കുന്നിലേക്ക് മാറിയപ്പോൾ സ്ഥലം ട്രൈബ്യൂണലിന് കൈമാറി. ട്രഷറിക്ക് പുതിയ കെട്ടിടം നിർമ്മിക്കാനുള്ള ഫണ്ട് ഉണ്ടായിരുന്നെങ്കിലും സ്ഥലം കണ്ടെത്തുന്നത് വെല്ലുവിളിയായി. കാലപ്പഴക്കമുള്ള കെട്ടിടമായതിനാൽ അറ്റകുറ്റപ്പണി നടത്തുന്നതിന് പരിമിതിയുണ്ട്. സ്വന്തമായൊരു കെട്ടിടം വേണമെന്നത് ജീവനക്കാരുടെ ദീർഘകാല ആവശ്യമാണ്. 'കേരളകൗമുദി' റിപ്പോർട്ടിനു പിന്നാലെ മെഡിക്കൽ കോളേജിന് സമീപം വിദ്യാഭ്യാസവകുപ്പിന് കീഴിൽ ഉപയോഗശൂന്യമായി കിടക്കുന്നൊരു പഴയ സ്കൂളിന്റെ സ്ഥലം ട്രഷറി നിർമ്മിക്കാൻ കണ്ടെത്തി.ചർച്ചകൾ ആരംഭിച്ചെങ്കിലും പുരോഗതിയുണ്ടായില്ല. 2018ൽ വഞ്ചിയൂർ പൊലീസ് സ്റ്റേഷന് സമീപം ട്രഷറി നിർമ്മിക്കാൻ ഹൈക്കോടതി നിർദ്ദേശപ്രകാരം ഏഴുസെന്റ് അനുവദിച്ചിരുന്നു. ആ തീരുമാനത്തിനും പരിഹാരമായില്ല.
വഴക്കും ബഹളവും
സ്ഥലപരിമിതിയിൽ ശ്വാസംമുട്ടുന്ന അവസ്ഥയാണ് ട്രഷറിയിൽ.പെൻഷൻ വാങ്ങാനെത്തുന്ന പ്രായമായവർക്ക് ഉപയോഗിക്കാൻ ടോയ്ലെറ്റില്ല. വെളിച്ചവുമില്ല. ഭിന്നശേഷിക്കാർക്ക് റാംപ് സൗകര്യമില്ല. ചിലദിവസങ്ങളിൽ ഇത് പരിഹരിക്കണമെന്നാവശ്യപ്പെട്ട് പെൻഷൻകാർ വഴക്കും ബഹളവുമൊക്കെ നടത്താറുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |