കൊച്ചി: സ്വകാര്യ ബസുകൾക്ക് വാതിലുകൾ നിർബന്ധമാക്കി ഹൈക്കോടതി ഉത്തരവിറക്കുകയും ഗതാഗത വകുപ്പ് പലവട്ടം നടപടിയെടുക്കുകയും ചെയ്തെങ്കിലും കൊച്ചി നഗരത്തിൽ കാര്യങ്ങൾ ഇപ്പോഴും തഥൈവ. ഇന്നലെ വാതിലില്ലാത്ത സ്വകാര്യ ബസിന്റെ ഫുട്ബോർഡിൽ യാത്ര ചെയ്ത 16കാരി റോഡിലേക്ക് തെറിച്ചു വീണ് ഗുരുതര പരിക്കേറ്റത് നിയമലംഘനങ്ങളിൽ ഏറ്റവും പുതിയ സംഭവമാണ്. കൃത്യം ഒരു വർഷം മുൻപ് ഇതേ റൂട്ടിൽ ഓടിയ മറ്റൊരു സ്വകാര്യ ബസിലും സമാന സംഭവം ഉണ്ടായിട്ടുണ്ട്. കുട്ടികൾ സുരക്ഷിതമായി കയറുന്നതിന് മുന്നേ ബസുകൾ മുന്നോട്ടെടുക്കുന്നതും സ്ഥിരം സംഭവമാണ്.
നഗരത്തിലൂടെ തലങ്ങും വിലങ്ങും ചീറിപ്പായുന്ന ബസുകളിൽ പലതിനും ഇപ്പോഴും വാതിലുകളില്ല. വാതിലുകളുള്ളവ അതൊരിക്കലും അടയ്ക്കാറുമില്ല. തിരക്കേറിയ സമയങ്ങളിലുൾപ്പെടെ സ്ഥിതിയിൽ മാറ്റമില്ല. വാതിലുകൾ തുറന്നിട്ട് സർക്കസിന് തുല്യമായ അഭ്യാസമാണ് ചില ബസുകൾ നടത്തുന്നത്. വാതിലുകൾ അടക്കാതെയുള്ള ഓട്ടപ്പാച്ചിലിനും ഓവർ ടേക്കിംഗിനും ഒരു കുറവുമില്ല. പൊലീസും ഗതാഗത വകുപ്പുമെല്ലാം നിരന്തരം പരിശോധനകൾ നടത്തുന്നുണ്ടെങ്കിലും ഫലം കാണുന്നില്ല.
പ്രവൃത്തി ദിവസങ്ങളിൽ രാവിലെയും വൈകിട്ടും ബസുകളിൽ അസാധാരണ തിരക്കുണ്ട്. ഈ സമയങ്ങളിൽ പലപ്പോഴും നിരവധി പേർ ഫുട്‌ബോർഡുകളിൽ നിന്ന് യാത്ര ചെയ്യാറുണ്ട്. അപ്പോഴും ഡോറുകൾ അടക്കാറില്ല. ഇത് അപകടം വിളിച്ചുവരുത്തുന്നതും പതിവ് സംഭവമാണ്.
2016 മുതൽ വാതിൽ നിർബന്ധം
വാതിലുകൾ നിർബന്ധമാണെന്ന നിബന്ധനയിൽ നിന്ന് സിറ്റി ബസുകൾ ഒഴിവായിരുന്നതിനാൽ മോട്ടോർ വാഹനച്ചട്ടം ഭേദഗതി ചെയ്താണ് സിറ്റി, ടൗൺ സർവീസ് ഉൾപ്പെടെയുള്ള ബസുകൾക്ക് വാതിൽ നിർബന്ധമാക്കി ഗതാഗതവകുപ്പ് 2016ൽ ഉത്തരവിറക്കിയത്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണർമാർക്കും മേഖലാ ട്രാൻസ്‌പോർട്ട് ഓഫീസർമാർക്കുമായിരുന്നു നിർദേശം. തുടക്കത്തിൽ പരിശോധനകൾ നടന്നെങ്കിലും പിന്നീട് കേസും നടപടികളും പ്രഹസനമായി.
ബസുകൾ വാതിലുകൾ അടക്കാതെ ഓടുന്നത് സംബന്ധിച്ച് പരിശോധന ഉടൻ തന്നെ നടത്തും.
മോട്ടോർ വാഹന വകുപ്പ് അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |