
പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് ഡിവിഷൻ സ്ഥാനാർത്ഥി പ്രഖ്യാപനത്തെ ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി. കൊടുമൺ, റാന്നി അങ്ങാടി ഡിവിഷനുകളിൽ സ്ഥാനാർത്ഥി നിർണയം രൂക്ഷമായ വാക്കുതർക്കത്തിലെത്തി.
കോഴഞ്ചേരി, ഇലന്തൂർ ഡിവിഷനുകളിലെ സ്ഥാനാർത്ഥികളെ തന്നോട് ആലോചിക്കാതെ നിശ്ചയിച്ചതിൽ പ്രതിഷേധിച്ച് രാജിവച്ച കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ് ജെറി സാം മാത്യുവിനെ അനുനയിപ്പിക്കാൻ ആന്റോ ആന്റണിയും കെ.ശിവദാസൻ നായരും വീട്ടിലെത്തി നടത്തിയ ചർച്ച പരാജയപ്പെട്ടു. ഇന്ന് കെ.പി.സി.സി രാഷ്ട്രീയകര്യ സമിതിയംഗം പി.ജെ.കുര്യൻ ജെറിയുമായി ചർച്ച നടത്തും. ഇലന്തൂർ ഡിവിഷൻ സ്ഥാനാർത്ഥിയായി ഡി.സി.സി പ്രസിഡന്റ് പ്രഖ്യാപിച്ച ജെസി വർഗീസിനെ പിൻവലിച്ചു. ഇവിടെ സ്റ്റെല്ലാ തോമസ് സ്ഥാനാർത്ഥിയായേക്കും. മൈലപ്ര സ്വദേശിയായ ജെസിയെ ഇലന്തൂരിൽ മത്സരിപ്പിക്കുന്നതിനെതിരെ ഒരു വിഭാഗം പ്രതിഷേധം ഉയർത്തിയിരുന്നു. റാന്നി അങ്ങാടിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സാംജി ഇടമുറിക്കും ബ്ളോക്ക് പ്രസിഡന്റ് ആരോൺ ജി.പനവേലിയ്ക്കും വേണ്ടി നേതാക്കൾ ചേരിതിരിഞ്ഞു.
കൊടുമണ്ണിൽ തട്ടയിൽ ഹരികുമാർ റിബൽ
കൊടുമൺ ഡിവിഷനിൽ ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് തട്ടയിൽ ഹരികുമാർ കോൺഗ്രസ് റിബൽ സ്ഥാനാർത്ഥിയാകും. വെള്ളിയാഴ്ച നാമനിർദേശ പത്രിക നൽകുമെന്ന് അദ്ദേഹം പറഞ്ഞു. കൊടുമൺ ഡിവിഷനിലേക്ക് തന്റെ പേര് ഡി.സി.സി നേതൃത്വം ഉറപ്പു പറഞ്ഞിരുന്നതാണ്. ജില്ലാ കോർ കമ്മിറ്റിയിലെ പതിനേഴ് പേരിൽ പതിനാല് അംഗങ്ങളും തന്റെ പേര് നിർദേശിച്ചു. താൻ തിരഞ്ഞെടുപ്പ് പ്രവർത്തനം തുടങ്ങിയശേഷം ഡി.സി.സി പുറത്തുവിട്ട സ്ഥാനാർത്ഥി പട്ടികയിൽ ബി.പ്രസാദ് കുമാറിനെയാണ് കൊടുമൺ ഡിവിഷനിൽ സ്ഥാനാർത്ഥിയാക്കിയത്. ഇതിനെതിരെ കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുൻഷി, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, കെ.സുധാകരൻ എം.പി എന്നിവർക്ക് പരാതി നൽകിയെന്ന് തട്ടയിൽ ഹരികുമാർ പറഞ്ഞു.
ആന്റോ ആന്റണിക്കെതിരെ വ്യാപക പരാതി
കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിൽ ഡി.സി.സി നേതൃത്വത്തെ അപ്രസക്തമാക്കി അമിതമായി ഇടപെടുന്ന ആന്റോ ആന്റണി എം.പിക്കെതിരെ വ്യാപക പരാതി. കൊടുമൺ, കോഴഞ്ചേരി, റാന്നി അങ്ങാടി, ഇലന്തൂർ എന്നിവിടങ്ങളിൽ നിന്ന് പ്രാദേശിക നേതാക്കൾ എ.ഐ.സി.സിക്കും കെ.പി.സി.സിക്കും പരാതി നൽകി.
കൊടുമണ്ണിൽ പാർട്ടി തീരുമാനിച്ച തന്നെ തഴഞ്ഞ് മറ്റൊരാൾക്ക് പേമെന്റ് സീറ്റായി നൽകിയത് ആന്റോയും കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധുവുമാണെന്ന് ഡി.കെ.ടി.എഫ് ജില്ലാ പ്രസിഡന്റ് തട്ടയിൽ ഹരികുമാർ പറഞ്ഞു. പത്തനംതിട്ട ബ്ളോക്ക് കമ്മിറ്റി പ്രസിഡന്റ് ജെറി സാം മാത്യുവിനോട് അഭിപ്രായം പോലും ചോദിക്കാതെ കോഴഞ്ചേരി, ഇലന്തൂർ ഡിവിഷൻ സ്ഥാർത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നിലും ആന്റോ ആന്റണിയാണെന്ന് ആക്ഷേപം ഉയർന്നു. റാന്നി അങ്ങാടി സീറ്റിലും ആന്റോ പിടിമുറുക്കി. ഇതോടെ ഡിവിഷനിലെ സ്ഥാനാർത്ഥി പ്രഖ്യാപനം തർക്കത്തിലായി.
കൊടുമൺ, റാന്നി അങ്ങാടി ഡിവിഷനുകൾക്കായി തർക്കം.
രാജിവച്ച പത്തനംതിട്ട ബ്ളോക്ക് പ്രസിഡന്റിനെ അനുനയിപ്പിക്കാൻ നീക്കം.
ഇലന്തൂരിലെ ഒൗദ്യോഗിക സ്ഥാനാർത്ഥിയെ പിൻവലിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |