
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്‌ത്തിയ ശശി തരൂർ എംപിയെ വിമർശിച്ച് ഡൽഹി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മകനും കോൺഗ്രസ് നേതാവുമായ സന്ദീപ് ദീക്ഷിത്. ബിജെപിയുടെ തന്ത്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് തോന്നിയെങ്കിൽ എന്തുകൊണ്ട് തരൂർ ആ പാർട്ടിയുടെ ഭാഗമാകുന്നില്ലെന്ന് സന്ദീപ് ചോദിച്ചു. മോദിയുടെ രാംനാഥ് ഗോയങ്ക പ്രഭാഷണത്തെ പ്രശംസിച്ച് തരൂർ എക്‌സിൽ പോസ്റ്റിട്ടതിന് പിന്നാലെയാണ് വിമർശനം.
'രാജ്യത്തെക്കുറിച്ച് കാര്യമായൊന്നും അറിയില്ലെന്നതാണ് ശശി തരൂരിന്റെ പ്രശ്‌നം. കോൺഗ്രസിന്റെ നയങ്ങൾക്കെതിരായി പ്രവർത്തിക്കുന്നവർ രാജ്യത്തിന് നല്ലത് ചെയ്യുന്നുവെന്ന് തോന്നുന്നെങ്കിൽ നിങ്ങൾ അവരുടെ പാത പിന്തുടരണം. നിങ്ങൾ എന്തിനാണ് കോൺഗ്രസിൽ നിൽക്കുന്നത്? എംപിയായതുകൊണ്ടാണോ? നിങ്ങൾ പ്രവർത്തിക്കുന്ന പാർട്ടിയേക്കാൾ നല്ലതാണ് മോദിയുടെ തന്ത്രങ്ങളെങ്കിൽ അതിനെക്കുറിച്ച് വിശദീകരണം നൽകണം. അതിന് കഴിയുന്നില്ലെങ്കിൽ നിങ്ങളൊരു കപടനാട്യക്കാരനാണ് '- സന്ദീപ് ദീക്ഷിത് പറഞ്ഞു.
മോദിയുടെ പ്രസംഗം ഒരു സാംസ്കാരിക ആഹ്വാനമായും സാമ്പത്തിക നിലപാട് മികച്ചതായും തനിക്ക് അനുഭവപ്പെട്ടെന്നാണ് ശശി തരൂരിന്റെ കുറിപ്പിൽ പറഞ്ഞിരുന്നത്. ദേശീയതക്കായുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം അഭിനന്ദനം അർഹിക്കുന്നുവെന്നും തരൂർ കുറിച്ചു. എന്നാൽ, ശശി തരൂരിന്റെ സാന്നിദ്ധ്യത്തിൽ പ്രധാനമന്ത്രി കോൺഗ്രസിനെതിരെ രൂക്ഷവിമർശനമാണ് നടത്തിയത്. മുസ്ലിം ലീഗ് മാവോവാദി കോൺഗ്രസ് എന്ന വിമർശനം മോദി പ്രസംഗത്തിൽ വീണ്ടും ഉയർത്തിക്കാണിച്ചിരുന്നു. തന്റെ പാർട്ടിക്കെതിരെയുള്ള വിമർശനങ്ങൾ പോലും വകവയ്ക്കാതെയാണ് തരൂർ മോദിയുടെ പ്രസംഗത്തെ പിന്തുണച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |