
ആലപ്പുഴ : കുറ്റകൃത്യങ്ങളിലും ഇതര കേസുകളിലും അകപ്പെടുന്ന വിദേശവനിതകളെയും കുട്ടികളെയും പാർപ്പിക്കാനുള്ള സംസ്ഥാനത്തെ ആദ്യ വനിതാ ട്രാൻസിറ്റ് ഹോമിന്റെ ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും പ്രവർത്തനം ആരംഭിച്ചില്ല. അന്തേവാസികളോ ജീവനക്കാരോ ഇല്ലാതെ പ്രവർത്തനം ആരംഭിക്കാനാകാതെ കിടക്കുകയാണ് വലിയകുളത്തുള്ള ട്രാൻസിറ്റ് ഹോം.
ഇവിടെ നിയമിക്കേണ്ട കുക്ക് അടക്കമുള്ളവരുടെ യോഗ്യത സംബന്ധിച്ച അനിശ്ചിതത്വമാണ് പ്രവർത്തനം വൈകാൻ കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം.
ട്രാൻസിറ്റ് ഹോം പ്രവർത്തിക്കാനുള്ള മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതും പാസ്‌പോർട്ട്, വിസ കാലാവധിക്ക് ശേഷം തുടരുന്നതും, മറ്റുവിധത്തിൽ സംരക്ഷണം ആവശ്യപ്പെടുന്നതുമായ വിദേശ വനിതകളെ നിലവിൽ ഗാന്ധിഭവൻ പോലുള്ള സംരക്ഷണ കേന്ദ്രങ്ങളിലാണ് പാർപ്പിച്ചിരിക്കുന്നത്. വിവിധ കേസുകളിൽപ്പെട്ട് ജാമ്യം ലഭിച്ച ശേഷവും, ഇത്തരക്കാർക്ക് ജയിലിൽ കഴിയേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാനാണ് ട്രാൻസിറ്റ് ഹോം (തടങ്കൽ കേന്ദ്രം) തുടങ്ങണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചത്. വിദേശ പുരുഷന്മാർക്കായി 2022 മുതൽ കൊല്ലം കൊട്ടിയത്ത് ട്രാൻസിറ്റ് ഹോം പ്രവർത്തിക്കുന്നുണ്ട്.
കുടുങ്ങിയത് മാനനദണ്ഡങ്ങളിൽ
വലിയകുളത്തെ ശിശുവികലാംഗ സംരക്ഷണസദനമാണ് ട്രാൻസിറ്റ് ഹോമായി മാറ്റിയത്
ജില്ലാ പ്രൊബേഷൻ ഓഫീസർക്കാണ് മാനേജരുടെ ചുമതല
താമസക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ വനിതാ പൊലീസ് അടക്കമുള്ള ജീവനക്കാരെ നിയമിക്കണം
ജില്ലാ മജിസ്‌ട്രേറ്റ് അദ്ധ്യക്ഷനായ എട്ട് അംഗങ്ങളുള്ള ജില്ലാ മൂല്യനിർണ്ണയ കമ്മിറ്റിയാണ് നടത്തിപ്പ് വിലയിരുത്തുക
പത്ത് ബെഡ് അടക്കമുള്ള സൗകര്യങ്ങളാണ് കെട്ടിടത്തിലുള്ളത്.
വേണ്ടത്
കിടക്കകളോട് കൂടിയ താമസസൗകര്യം
മതിയായ ടോയ്ലറ്റുകൾ
കുടിവെള്ളം
ജനറേറ്റർ സഹിതമുള്ള വൈദ്യുതി
ശുചിത്വം
മെഡിക്കൽ സൗകര്യങ്ങൾ
ആശയവിനിമയ സൗകര്യങ്ങൾ
അടുക്കള
വിനോദ സൗകര്യങ്ങൾ
ട്രാൻസിറ്റ് ഹോമിലേക്കുള്ള കുക്കിന്റെ യോഗ്യതയടക്കമുള്ള കാര്യങ്ങളിൽ വ്യക്തതവരേണ്ടതുണ്ട്. അതിനാലാണ് പ്രവർത്തനം ആരംഭിക്കാൻ വൈകുന്നത്
- മാനേജർ, ട്രാൻസിറ്റ് ഹോം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |