കാഞ്ഞിരപ്പുഴ: വന്യമൃഗശല്യം രൂക്ഷമായ പാലക്കയം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ നിർമ്മിക്കുന്ന സൗരോർജ്ജ തൂക്കുവേലി 18 കിലോമീറ്റർ പൂർത്തിയായി. 37 കിലോമീറ്ററിലാണ് തൂക്കുവേലി നിർമ്മിക്കുന്നത്. അതേസമയം, കരാർ കാലാവധി കഴിഞ്ഞതിനെത്തുടർന്ന് നിലവിൽ പ്രവൃത്തികൾ നടക്കുന്നില്ല. ഒരുവർഷമായിരുന്നു കരാർ കാലാവധി. പ്രതികൂല കാലാവസ്ഥയും ദുർഘടമായ പ്രദേശവും ഉൾപ്പെടെ വിവിധ കാരണങ്ങളാലാണ് നിശ്ചിത കാലാവധിക്കുള്ളിൽ പണിപൂർത്തിയാക്കാൻ കഴിയാതിരുന്നതെന്നാണ് വിവരം. ഇതുസംബന്ധിച്ച് കരാർ കമ്പനിയിൽ നിന്ന് വനംവകുപ്പ് വിശദീകരണം തേടിയിട്ടുണ്ട്. നിർമ്മാണം പൂർത്തിയാക്കുന്നതിനുള്ള നടപടികൾ വനംവകുപ്പ് സ്വീകരിച്ചുവരികയാണ്.
കഴിഞ്ഞ വർഷം ജൂണിലാണ് 3.5 കോടി രൂപ ചെലവിൽ പാലക്കയം ഫോറസ്റ്റ് സ്റ്റേഷനുകീഴിൽ കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കരിമ്പ പഞ്ചായത്തുകളിലെ വനാതിർത്തിയിൽ തൂക്കുവേലി നിർമ്മാണം തുടങ്ങിയത്. കരിമ്പയിൽ വേലിക്കാടു മുതൽ മീൻവല്ലംവരെ 14 കിലോമീറ്ററാണ് നിർമ്മിക്കുന്നത്. ഇതിൽ വാക്കോടുവരെ ആറുകിലോമീറ്റർ പൂർത്തിയായി. തച്ചമ്പാറ പഞ്ചായത്തിൽ തരിപ്പപ്പതി മുതൽ ഇഞ്ചിക്കുന്നു വരെ 14 കിലോമീറ്ററിലുമാണ് വേലി നിർമ്മാണം. ഇതിൽ ചീനിക്കപ്പാറ ഭാഗം വരെ ആറു കിലോമീറ്ററും പൂർത്തിയായി. കാഞ്ഞിരപ്പുഴ പഞ്ചായത്തിൽ പൂഞ്ചോല മുതൽ ഇഞ്ചിക്കുന്നു വരെ ഒൻപത് കിലോമീറ്ററിലാണ് വേലി നിർമ്മാണം. പൂഞ്ചോല വരെയുള്ള ആറുകിലോമീറ്ററും പൂർത്തിയായി.
കരിമ്പയിൽ പഞ്ചായത്ത് അനുവദിച്ച ഫണ്ടും വാച്ചർമാരെയും ഉപയോഗിച്ചാണ് വേലിയുടെ പരിപാലനം നടത്തുന്നത്. തച്ചമ്പാറയിൽ മൂന്നുകിലോമീറ്റർ ദൂരത്തിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിലുള്ള ജനകീയസമിതിക്കാണ് തൂക്കുവേലിയുടെ പരിപാലനം. ശേഷിക്കുന്ന ഭാഗത്തെ വേലിയുടെ പരിപാലനം വനംവകുപ്പാണ് നടത്തുന്നത്. ജനകീയ സമിതി രൂപവത്കരിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നുമുണ്ട്. കാഞ്ഞിരപ്പുഴ പഞ്ചായത്തിൽ വനംവകുപ്പു തന്നെയാണ് തൂക്കുവേലി പരിപാലിച്ചു വരുന്നത്. അതേസമയം, തൂക്കുവേലി പ്രവർത്തന സജ്ജമായ ഇടങ്ങളിൽ കാട്ടാന ശല്യത്തിന് അയവു വന്നിട്ടുണ്ട്. നിലവിൽ കരിമ്പ പഞ്ചായത്തിലെ കരിമല ഭാഗങ്ങളിലാണ് കാട്ടാന ശല്യമുള്ളത്. വാക്കോടൻ ഭാഗങ്ങളിൽ പുലി ഭീതിയാണുള്ളത്. പുലിയെ പിടികൂടുന്നതിനായി പൂഞ്ചോല ഭാഗത്ത് കൂടുവെച്ച് വനംവകുപ്പ് കാത്തിരിപ്പ് തുടരുകയാണ്. കാമറ ഉപയോഗിച്ചുള്ള നിരീക്ഷണവും നടത്തുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |