
കോഴിക്കോട്: വിക്സ് തുളസി, തിരുനേറ്റ് തുളസി, ലമൺ തുളസി, അയമോദക തുളസി, പൂച്ച തുളസി... റിട്ട. അദ്ധ്യാപകൻ പി.ജെ. തോമസിന്റെ വീടിന്റെ തൊടിയിൽ കാണാം വംശനാശ ഭീഷണി നേരിടുന്നവ ഉൾപ്പെടെ 25 ഇനം തുളസിച്ചെടികൾ. പേരറിയാത്ത ഇനങ്ങളുമുണ്ട് കൂട്ടത്തിൽ. കേരളത്തിലെ തറവാടുകൾ, ബൊട്ടാണിക്കൽ ഗാർഡനുകൾ, നഴ്സറികൾ എന്നിവിടങ്ങളിൽ നിന്നടക്കം രണ്ടുവർഷം കൊണ്ട് ശേഖരിച്ചതാണ് ഏറെയും.
വിശുദ്ധ തുളസി, കുഴി മുണ്ടൻ തുളസി, മിന്റ് തുളസി, ശിവ തുളസി, എൻജാൻ തുളസി, ചെറുരാമ തുളസി അങ്ങനെ നീളുന്നു അവയുടെ നിര. കോഴിക്കോട് തിരുവമ്പാടി പുന്നക്കൽ റോഡിലെ തോമസിന്റെ വീട് ഔഷധ ഗുണമുള്ള തുളസിച്ചെടികളുടെ കേന്ദ്രമാണിപ്പോൾ. വംശനാശഭീഷണി നേരിടുന്ന തുളസിച്ചെടികളുടെ സംരക്ഷണമാണ് ലക്ഷ്യം. എട്ടുവർഷം മുമ്പ് കൂടത്തായി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് വിരമിച്ച ശേഷമാണ് തുളസിക്കൃഷിയിലേക്കിറങ്ങിയത്.
ഭാര്യ ഷെെനി ആന്റണി, മക്കളായ ഡോ.റോൺസ് തോമസ്, ഡോ.നവോമി പോൾ, എമിൻ റോസ് എന്നിവർ എല്ലാ പിന്തുണയും നൽകുന്നു.
മൂന്നരയേക്കർ
സസ്യക്കലവറ
അപൂർവ സസ്യങ്ങളും കുഞ്ഞൻ ചെടികളുടെ മിയാവാക്കി വനവും നക്ഷത്രവനങ്ങളുമെല്ലാമുള്ള തോമസ് മാഷിന്റെ മൂന്നര ഏക്കർ പുരയിടവും ശ്രദ്ധേയമാണ്. വംശനാശം നേരിടുന്ന ചോര പൈൻ, പലോഡൻഞാറ, കാക്ക കരിമരം, കുരങ്ങുപ്ലാവ് തുടങ്ങിയവയടക്കം ഇവിടെയുണ്ട്. പൂമ്പാറ്റകൾ മുട്ടകളിടുന്ന കരളയം, മുള്ളിലം അല്പം തുടങ്ങിയ സസ്യങ്ങൾ ഉൾപ്പെടുത്തി പൂമ്പാറ്റ ഗാർഡനും ഒരുക്കിയിട്ടുണ്ട്. മാംസഭോജിയായ നെഫൻഡസ്, ചൂയിംഗം പ്ലാന്റ്, മരവുരി, കർപ്പൂരസസ്യം, കായസസ്യം, അണലിവേഗം, കമണ്ടലു, കൃഷ്ണനാൽ പോലുള്ള സസ്യങ്ങളുമുണ്ട്. സംസ്ഥാന കൃഷി വകുപ്പിന്റെ 2025ലെ ക്ഷോണി സംരക്ഷണ പുരസ്കാരമടക്കം തോമസിന് ലഭിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |