
ചണ്ഡീഗഢ്: കുടുംബത്തിന്റെ ഇഷ്‌ടത്തെ എതിർത്ത് കാമുകനെ വിവാഹം കഴിച്ച യുവതിയെ സഹോദരൻ വെടിവച്ച് കൊന്നു. ഹരിയാനയിലെ റോഹ്‌തക്കിലാണ് സംഭവം. പ്രതിയായ സഞ്ജുവിനെയും കൂട്ടാളികളായ രാഹുൽ, അങ്കിത്, ഗൗരവ് എന്നീ മൂന്നുപേരെയും ഇന്ന് രാവിലെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. സഹോദരിയുടെ ഭർത്താവിനെയും ഇയാൾ കൊല്ലാൻ പദ്ധതിയിട്ടിരുന്നു.
ഓട്ടോ ഡ്രൈവറായ സൂരജിനെ വിവാഹം കഴിച്ചതിന്റെ പേരിലാണ് റോഹ്‌തക്കിലെ കഹാലി ഗ്രാമത്തിലെ വീട്ടിൽ വച്ച് സഞ്ജുവും മൂന്ന് കൂട്ടാളികളും ചേർന്ന് സഹോദരി സപ്‌നയെ (23) ബുധനാഴ്‌ച കൊലപ്പെടുത്തിയത്. സംഭവസമയത്ത് സൂരജ് വീട്ടിലില്ലായിരുന്നു. അക്രമികളെ തടയാൻ ശ്രമിച്ച സൂരജിന്റെ സഹോദരൻ സാഹിലിന് പരിക്കേറ്റു.
സൂരജിനെയും കൊലപ്പെടുത്താൻ പ്രതികൾ ലക്ഷ്യമിട്ടുവെന്ന് വിവരം ലഭിച്ചതോടെ ചെക്ക്‌പോസ്റ്റിൽ വാഹനങ്ങൾ തടഞ്ഞ് പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടാനായത്. വളഞ്ഞതോടെ പ്രതികൾ പൊലീസിന് നേരെ വെടിയുതിർക്കാൻ ശ്രമിച്ചു. എന്നാൽ പൊലീസ് സ്വയംപ്രതിരോധത്തിനായി പ്രതികളെ വെടിവച്ചു. പരിക്കേറ്റ പ്രതികൾ ഇപ്പോൾ റോഹ്‌തക്കിലെ പിജിഐഎംഎസ് ആശുപത്രിയിൽ ചികിത്സയിലാണ്.
നാല് പ്രതികൾക്കും ക്രിമിനൽ പശ്ചാത്തലമില്ലെന്ന് പൊലീസ് പറഞ്ഞു. പ്രതികളിൽ നിന്ന് 32 തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളും ഒരു ബൈക്കും പിടിച്ചെടുത്തു. കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |