കൊയിലാണ്ടി: കൗമാരപ്രതിഭകളുടെ കേളീവിലാസമാവാൻ ഇന്നുമുതൽ കൊയിലാണ്ടി. കവിതയും കഥയുമെഴുതിയും കാർട്ടൂണുകളിൽ കാലത്തെ വരച്ചിട്ടും ഇന്ന് കുഞ്ഞ് പ്രതിഭകൾ നിറയുമ്പോൾ നാളെ മുതൽ ചിലങ്കകളുടെ പകർന്നാട്ടം. കണ്ണിമകളിൽ നൃത്തച്ചേലുകളുമായി മോഹിനിമാരും മണവാട്ടിമാരും അരങ്ങടക്കുന്ന നാലുനാൾ നീളുന്ന രാപ്പകലുകൾ. ഒപ്പം തബലയുടേയും ചെണ്ടയുടേയും ദഫ്മുട്ടിന്റേയും ചിറകടിപ്പെരുക്കങ്ങളും. കൊയിലാണ്ടിക്ക് മറ്റൊരു ഉത്സവക്കാലം. യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിൽ 42 ഇനങ്ങളിലാണ് ഇന്ന് മത്സരം നടക്കുക. ചിത്രം, കാർട്ടൂൺ, കഥ, കവിത തുടങ്ങിയ രചനകൾ ആദ്യ ദിവസത്തിലെ പ്രധാന ഇനങ്ങളാണ്. പുതിയ കാലത്തിന്റെ പ്രതീക്ഷകളും പ്രതിഷേധങ്ങളും സങ്കടങ്ങളുമൊക്കെ വാക്കിലൂടെയും വർണത്തിലൂടെയും വരയിലൂടെയും ഇന്ന് പെയ്തിറങ്ങും.
കലോത്സവത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 10 മണിക്ക് ഉജ്ജ്വല ബാല്യം പുരസ്‌കാര ജേതാവ് മാസ്റ്റർ പി. ആദി കേശ് നിർവഹിക്കും. 28ന് വെള്ളിയാഴ്ച സമാപന സമ്മേളനം ചരിത്രപണ്ഡിതനും കേരളജ്യോതി പുരസ്‌കാര ജേതാവുമായ ഡോ എം.ആർ. രാഘവവാര്യർ നിർവഹിക്കും. ഇന്ന് ജി.വി.എച്ച്.എസ്.എസ് (സബർമതി) വേദിയിലും ഖേദ വേദിയിലുമാണ് മത്സരം. ചിത്രരചന പെൻസിൽ, ജലച്ചായം, എണ്ണച്ചായം, കാർട്ടൂൺ കൊളാഷ്, കഥ, കവിത, ഉപന്യാസം, സമസ്യ പൂരണം, സിദ്ധരൂപോച്ചാരണം പ്രശ്‌നോത്തരി, ഗദ്യപാരായണം ഗദ്യവായന തർജ്ജമ, പദകേളി, പദപ്പയറ്റു ക്യാപ്ഷൻ, പോസ്റ്റർ എന്നിവയാണ് നടക്കുന്നത്. പത്ത് വർഷങ്ങൾക്ക് മുമ്പാണ് കൊയിലാണ്ടിയിൽ ജില്ലാ റവന്യു സ്‌കൂൾ കലോത്സവം നടന്നത്. അതിന് ശേഷം നടക്കുന്ന കലാേത്സവം തദ്ദേശ തിരഞ്ഞെടുപ്പിന്റേയും എസ്.ഐ.ആർ ഡ്യൂട്ടിയുടേയും ഇടയിലാണെങ്കിലും അതിനെയെല്ലാം മറികടക്കാൻ കഴിയുന്ന മട്ടിൽ സംഘാടക സമിതി ആവേശത്തോടെയാണ് കുട്ടികൾക്ക് കലാവിരുന്നൊരുക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |