സി.പി.എം ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിന്റെ പടക്കളത്തിലാണ് വി.ജോയി എം.എൽ.എ. അഭിമാനപോരാട്ടം നടക്കുന്ന തിരുവനന്തപുരം കോർപ്പറേഷൻ അടക്കമുള്ള തദ്ദേശ സ്ഥാപനങ്ങളിലെ ജനവിധിയുടെ ഭാരിച്ച ചുമതലയുണ്ടെങ്കിലും പതിവുപോലെ കൂളാണ് ജോയി. തിരഞ്ഞെടുപ്പ് വിശേഷങ്ങൾ അദ്ദേഹം കേരളകൗമുദിയുമായി പങ്കുവയ്ക്കുന്നു.
ജില്ലാ സെക്രട്ടറിയായ ശേഷമുള്ള ആദ്യ
തിരഞ്ഞെടുപ്പാണല്ലോ?. എങ്ങനെയാണ് അവസ്ഥ.
തിരുവനന്തപുരം കോർപ്പറേഷനിൽ മെച്ചപ്പെട്ട വിജയമാണ് പ്രതീക്ഷിക്കുന്നത്. അതിനായുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ ഭരണസമിതി പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏതു നഗരമെടുത്താലും ഏറ്റവും ശ്രദ്ധേയമാണ് തിരുവനന്തപുരം. അതിന് കിട്ടിയ പുരസ്കാരങ്ങൾ ഇതെല്ലാം സാക്ഷ്യപ്പെടുത്തുന്നു. രണ്ടാമത്തെ കാര്യം ഈ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളതും നടപ്പാക്കിയതുമായ കാര്യങ്ങൾ. ഏതു വീട്ടിലും കയറിച്ചെന്ന് പറയാവുന്ന വിധത്തിലുള്ള പ്രവർത്തനങ്ങളാണ് ചെയ്തിട്ടുള്ളത്. പെൻഷൻ വർദ്ധനവായാലും സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട നടപടികളായാലും ശ്രദ്ധേയമാണ്. വിദ്യാർത്ഥികൾക്കുള്ള സഹായമാണ് മറ്റൊന്ന്.
യു.ഡി.എഫിനും എൻ.ഡി.എയ്ക്കും തിരിച്ചടിയാവുമെന്ന്
കരുതുന്ന കാര്യങ്ങൾ എന്തെല്ലാമാണ്.
കോൺഗ്രസിനെ സംബന്ധിച്ച് ശബരീനാഥനെ സ്ഥാനാർത്ഥിയാക്കിയെങ്കിലും ഏതാണ്ട് 60ഓളം വാർഡുകളിൽ മെച്ചപ്പെട്ട സ്ഥാനാർത്ഥികളെയല്ല അവർ നിറുത്തിയിട്ടുള്ളത്. പരമാവധി വോട്ട് സമാഹരിക്കാൻ കഴിയുന്നവരല്ല അവർ. ഘടകകക്ഷികൾക്ക് കൊടുത്തിട്ടുള്ള സീറ്റുകളും തൃപ്തികരമല്ല. നിലവിലുള്ള പത്തുസീറ്റുകൾ നിലനിറുത്തുകയെന്നത് തന്നെ അവർക്ക് വലിയ ടാസ്കാണ്. കോൺഗ്രസിന് കിട്ടിക്കൊണ്ടിരുന്ന വോട്ടുകൾ പോലും ബി.ജെ.പിയിലേക്ക് പോകാൻ സാദ്ധ്യതയുണ്ട്.
ബി.ജെ.പി കഴിഞ്ഞ ആറുമാസമായി വലിയ പ്രതിരോധത്തിലാണ്. തിരുമല അനിൽ,ആനന്ദ് കെ.തമ്പി എന്നിവരുടെ ആത്മഹത്യ അവരെ വെട്ടിലാക്കിയിരിക്കുകയാണ്. ജില്ലയുടെ ചുമതലക്കാരനായ സംസ്ഥാന സെക്രട്ടറി സുരേഷ് വായ്‌പയെടുത്ത വകയിൽ 50 ലക്ഷം തിരിച്ചടയ്ക്കണമെന്ന സർക്കാർ ഉത്തരവ്. ഇതെല്ലാം ജനങ്ങൾ തിരിച്ചറിയും. രണ്ട് മുന്നണികളെയും ജനങ്ങൾ തമസ്കരിക്കും.
കെ.മുരളീധരനെപ്പോലെ സീനിയറായ ഒരു നേതാവിനാണ് കോർപ്പറേഷനിലെ
തിരഞ്ഞെടുപ്പ് ചുമതല കോൺഗ്രസ് നൽകിയിട്ടുള്ളത്. അതിനെ എങ്ങനെ കാണുന്നു.
കെ.മുരളീധരൻ തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്നത് ഒരു പരിധി വരെ നല്ലതാണ്. കോൺഗ്രസിന്റെ വോട്ടുകൾ ചോരാതിരിക്കാൻ പരിശ്രമിക്കുന്നെങ്കിൽ നല്ലത്. പക്ഷെ ഞാൻ മനസിലാക്കിയിടത്തോളം ബി.ജെ.പിയും കോൺഗ്രസും തമ്മിലുണ്ടാക്കിയിട്ടുള്ള ഡീലിന്റെ അടിസ്ഥാനത്തിലാണ് 60ഓളം സീറ്റുകളിൽ പ്രാധാന്യമില്ലാത്ത സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നത്.
കോർപ്പറേഷൻ ഒഴികെയുള്ള മറ്റു
തദ്ദേശ സ്ഥാപനങ്ങളിലെ അവസ്ഥ എങ്ങനെ
ജില്ലാ പഞ്ചായത്തിലാണ് രാഷ്ട്രീയമായ തിരഞ്ഞെടുപ്പ് നടക്കുക. 28 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും ജയിക്കാനുള്ള പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 73 ഗ്രാമപഞ്ചായത്തുകളിൽ 52 ഇടത്ത് ഞങ്ങൾ ജയിച്ചു. അത് നിലനിറുത്തും. ബ്ളോക്ക് പഞ്ചായത്തുകളിൽ കഴിഞ്ഞ തവണ രണ്ടിടത്ത് കോൺഗ്രസ് ജയിച്ചു. അത് തിരിച്ചുപിടിക്കും. നാല് മുനിസിപ്പാലിറ്റികളിലും ജയിക്കും.
ശബരിമല സ്വർണത്തട്ടിപ്പ് എൽ.ഡി.എഫിന് തിരിച്ചടിയാവില്ലേ.
മറ്റു പാർട്ടികളിൽ നിന്ന് വ്യത്യസ്തമായ നിലപാടാണ് സി.പി.എം സ്വീകരിക്കുന്നത്. സംസ്ഥാനം ഭരിക്കുന്നത് ഇടതു സർക്കാരാണ്,ആഭ്യന്തരം മുഖ്യമന്ത്രിക്കാണ്. തെറ്റു ചെയ്യുന്നത് ഏതു വ്യക്തിയായാലും രക്ഷിക്കുന്ന നിലപാട് സർക്കാരിനില്ല. അല്ലെങ്കിൽ ഈ പറയുന്ന അറസ്റ്രുകളൊന്നും ഉണ്ടാവുമായിരുന്നില്ല. കോടതി മേൽനോട്ടമുണ്ടെന്നത് വാസ്തവമാണെങ്കിലും സ്വാഭാവികമായി ഗവൺമെന്റിന് അഭിപ്രായമുണ്ട്. തെറ്റു ചെയ്തത് ആരാണെങ്കിലും ശിക്ഷിക്കപ്പെടണമെന്ന നിലപാടാണ് സർക്കാരും മുഖ്യമന്ത്രിയും സ്വീകരിച്ചത്. സ്വതന്ത്ര നിലപാടാണ് പാർട്ടിയും സർക്കാരുമെടുത്തത്. അത് ജനങ്ങളെ ബോദ്ധ്യപ്പെടുത്തും. ഇപ്പോഴത്തെ ആരോപിതർ കുറ്റക്കാരോ അല്ലെയോ എന്നത് പിന്നീടേ വ്യക്തമാവൂ. സത്യം പുറത്തുവരട്ടെ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |