കോഴിക്കോട്: പേരിനൊപ്പം വോട്ട് കൊണ്ടുനടക്കുന്ന ഒരു കുടുംബമുണ്ട്, കോഴിക്കോട്ട്. കോൺവെന്റ് റോഡിലെ മരിയൻ ഗ്രോവ് അപ്പാർട്ട്മെന്റിലെ വീട്ടിലാണ് എല്ലാവർക്കും 'വോട്ടു'ള്ളത്. ആൽബർട്ട് വോട്ട് ജൂനിയർ, ഭാര്യ ജൂലി വോട്ട്, മാതാവ് അൽഫോൻസ വോട്ട്, മക്കളായ അലീസ്റ്റർ ഇഗ്നേഷ്യസ് വോട്ട്, അലീഷ മേരി വോട്ട് എന്നിവരാണ് ഈ വോട്ടുകുടുംബത്തിലുള്ളത്. ജർമനിയിൽ വേരുകളുള്ള തങ്ങളുടെ കുടുംബത്തിന്റെ സ്ഥാനപ്പേരാണ് വോട്ടെന്ന് ജൂലി വോട്ട് പറഞ്ഞു. ഈ പേരിലുള്ള നിരവധിപേർ ഇപ്പോഴും ജർമ്മനിയിലുണ്ട്. ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയിലെ വോട്ടുമായി ഇതിന് ഒരു ബന്ധവുമില്ലെന്നും അവർ പറഞ്ഞു.
ബ്രിട്ടീഷ് മറൈൻ ഷിപ്പിൽ ക്യാപ്റ്റനായിരുന്നു ആൽബർട്ട് വോട്ട് ജൂനിയറിന്റെ മുത്തച്ഛൻ ആൽബർട്ട് വോട്ട്. കപ്പലിൽ പല നാടുകൾ ചുറ്റി സഞ്ചരിച്ച ശേഷമാണ് അദ്ദേഹം കോഴിക്കോട്ടെത്തുന്നത്. സൈനിക സേവനത്തിന് ശേഷം ആൽബർട്ട് വോട്ട് കോഴിക്കോട്ടു നിന്ന് ജർമ്മനിയിലേക്ക് മടങ്ങിയില്ല. ബീച്ചിനടുത്ത മൂന്നാലിങ്കലിൽ വീടുണ്ടാക്കി കുടുംബത്തോടൊപ്പം ഇവിടെ താമസമാക്കി. ജന്മനാടിനേക്കാൾ കോഴിക്കോടിനെ സ്നേഹിച്ച ക്യാപ്റ്റൻ മരണപ്പെട്ടതും ഇവിടെയായിരുന്നു. ആൽബർട്ട് വോട്ടിന്റെയും ഭാര്യ ക്ലാരാ വോട്ടിന്റെയും മകൻ സെബാസ്റ്റ്യൻ ബോബി വോട്ടാണ് ഇവരുടെ പാരമ്പര്യം കേരളത്തിൽ നിലനിർത്തിയത്. കപ്പലിൽ ക്ലർക്കായിരുന്ന ഇദ്ദേഹത്തിന്റെ മരണ ശേഷം മകൻ ജൂനിയർ ആൽബർട്ട് വോട്ടും ജൂലി വോട്ടുമെല്ലാം വോട്ടിനെ പേരിനൊപ്പം ചേർത്തുപിടിച്ചു. ഈ വീട്ടിലേക്ക് മരുമകളായി കടന്നുവന്ന ജൂലിയും വോട്ടിനെ കൈവിട്ടില്ല. സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് സ്കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപികയാണ് ജൂലി വോട്ട്.
ചെറുകഥകളും ഗാനങ്ങളും കവിതകളും എഴുതുന്ന ജൂലി വോട്ടിന്റെ പുളിമരത്തണലിൽ എന്ന ചെറുകഥാസമാഹാരവും പുറത്തു വന്നിട്ടുണ്ട്.
ബോബി വോട്ടിന്റെ ഭാര്യയായ അൽഫോൻസാ വോട്ടും ജൂലി വോട്ടുമെല്ലാം വോട്ട് ചെയ്യാറുണ്ടെങ്കിലും വർഷങ്ങളായി വിദേശത്ത് ജോലി ചെയ്യുന്ന ജൂനിയർ ആൽബർട്ട് വോട്ടിന് ഇതുവരെയും വോട്ട് ചെയ്യാൻ സാധിച്ചിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |