ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിൽ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമാണ് ഇന്ന്. ഇതോടെ യഥാർത്ഥ മത്സരചിത്രം വ്യക്തമാകും. അതേസമയം, വിമതരെ ചാക്കിലാക്കാനുള്ള അവസാന വട്ട ശ്രമങ്ങൾ ഇന്നലെയും തുടർന്നു. സീറ്റ് നിഷേധത്തെ തുടർന്ന് മുന്നണികളിൽ നിന്ന് അകന്നു നിൽക്കുന്നവരെ കൂട്ടിയിണക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. സൂക്ഷപരിശോധനയിൽ ജില്ലയിൽ ആകെ 71 പത്രികകൾ തള്ളിപ്പോയിരുന്നു. ജില്ലാ പഞ്ചായത്തിലേക്കുള്ള പത്രികകളിൽ തണ്ണീർമുക്കം ഡിവിഷനിൽ നിന്ന് പത്രിക നൽകിയ ബി.ജെ.പി സ്ഥാനാർത്ഥി സന്ധ്യയുടെ മൂന്ന് നാമനിർദ്ദേശപത്രികകളിൽ ഒരെണ്ണം തള്ളുകയും മറ്റ് രണ്ടെണ്ണം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. പുന്നപ്ര ഡിവിഷനിൽ നിന്ന് പത്രിക നൽകിയ യു.ഡി.എഫ് ഡമ്മി അനന്ദ നാരായണന്റെ പത്രികയായിരുന്നു മതിയായ രേഖകളില്ലാത്തത് കാരണം തള്ളിപ്പോയത്. എല്ലാ സ്ഥാനാർത്ഥികളും ആദ്യ ഘട്ട പ്രചരണത്തിന്റെ തിരിക്കിലാണ്. പാർട്ടി കൺവൻഷനുകൾക്കും തുടക്കമായിട്ടുണ്ട്.
പത്രിക പിൻവലിക്കൽ ഇന്ന് അവസാനിക്കും
1. ആലപ്പുഴ നഗരസഭയിലെ 53 വാർഡുകളിലെയും യു.ഡി.എഫ് സ്ഥാനാർത്ഥികൾ പങ്കെടുക്കുന്ന ശക്തി പ്രകടന പരിപാടി ഇന്ന് വൈകിട്ട് 3ന് ആലപ്പുഴ ടൗൺഹാളിന് മുന്നിൽ കെ.സി.വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും
2.തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സമ്മതിദായകർക്കുള്ള പോസ്റ്റൽ ബാലറ്റ് വിതരണം 26 മുതൽ ആരംഭിക്കും.പ്രിസൈഡിംഗ് ഉദ്യോഗസ്ഥർക്കും ഫസ്റ്റ് പോളിംഗ് ഉദ്യോഗസ്ഥർക്കുമുള്ള പരിശീലനം 25 മുതൽ 28 വരെ നടക്കും. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ പ്രായോഗിക പരിശീലനവുമുണ്ടാകും
3. പോളിംഗ് സ്റ്റേഷനിൽ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നവർ,
പോളിംഗ് ദിവസം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിലെ ജീവനക്കാർ എന്നിവർക്ക് പോസ്റ്റൽ ബാലറ്റ് അർഹതയുണ്ട്
4.ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസുകളിലെയും ഇലക്ഷൻ വിഭാഗങ്ങളിലെയും ജീവനക്കാർ വരണാധികാരികരുടെ ഓഫീസുകളിലെ ഇലക്ഷൻ വിഭാഗം ജീവനക്കാർ,ഒബ്‌സർവർമാർ,സെക്ടറൽ ഓഫീസർമാർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്കും അർഹതയുണ്ട്
ചിഹ്നം കുട, ലാപ്ടോപ്..
സെക്കുലർ നാഷണൽ ദ്രാവിഡ പാർട്ടിക്ക് കുട , കേരള കോൺഗ്രസ് (സ്കറിയ തോമസ്) പാർട്ടിക്ക് ലാപ്ടോപ്, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ പാർട്ടിക്ക് കപ്പൽ എന്നീ ചിഹ്നങ്ങൾ അനുവദിച്ചു. ദേശീയ പാർട്ടിയായ നാഷണൽ പീപ്പിൾസ് പാർട്ടിക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ച അതേ ചിഹ്നമായ പുസ്തകം അനുവദിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |