കണ്ണൂർ: ഇന്നലെ നടന്ന കേരള സൂപ്പർ ലീഗിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് ഫോഴ്സ കൊച്ചി കണ്ണൂർ വാരിയേഴ്സിനെ പരാജയപ്പെടുത്തി. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം നാല് ഗോൾ തിരിച്ചടിച്ചാണ് ഫോഴ്സയുടെ മിന്നും ജയം. ഫോഴ്സ കൊച്ചിക്ക് വേണ്ടി നിജോ ഗിൽബേർട്ട് രണ്ടും സജീഷ്, അഭിത്ത് എന്നിവർ ഓരോ ഗോൾ വീതവും നേടി. മുഹമ്മദ് സിനാന് ആണ് കണ്ണൂരിന്റെ ആശ്വാസ ഗോൾ നേടിയത്. കണ്ണൂർ വാരിയേഴ്സിന്റെ സീസണിലെ രണ്ടാം തോൽവിയും ഫോഴ്സ കൊച്ചിയുടെ ആദ്യ ജയവുമാണ്.
ആദ്യ മിനുട്ടിൽ തന്നെ ഫോഴ്സ കൊച്ചി ആക്രമണം ആരംഭിച്ചു. നാലാം മിനിറ്റിൽ കണ്ണൂർ മുഹമ്മദ് സിനാനിലൂടെ ലീഡ് എടുത്തു. പതിനഞ്ചാം മിനിറ്റിൽ സജിഷിലൂടെ കൊച്ചി സമനില പിടിച്ചു. കോർണറിൽ നിന്ന് ലഭിച്ച അവസരം കണ്ണൂർ ഗോൾ കീപ്പർ ഉബൈദ് പഞ്ച് ചെയ്യാൻ ശ്രമിച്ചെങ്കിലും പിഴവിലൂടെ ലഭിച്ച അവസരം സജീഷ് ഹെഡറിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു.
34-ാം മിനിറ്റിൽ നിജോ ഗിൽബേർട്ട് രണ്ടാമത്തെ ഗോൾ അടിച്ച് കൊച്ചി ലീഡ് നേടി. 48ാം മിനിറ്റിൽ നിജോ കൊച്ചിയുടെ ലീഡ് രണ്ടാക്കി ഉയർത്തി. ഇടത് വിങ്ങിൽ നിന്ന് ബോക്സിലേക്ക് കട്ട് ചെയ്ത് കയറിയ നിജോ ഗിൽബേർട്ട് കണ്ണൂരിന്റെ പ്രതിരോധ താരങ്ങളെ മറികടന്ന് ഗോളാക്കി മാറ്റുകയായിരുന്നു. 63 ാം മിനിറ്റിൽ കണ്ണൂരിന് ബോക്സിന് തൊട്ട് മുന്നിൽ വച്ച് ഫ്രീകിക്ക് ലഭിച്ചു. നിക്കോളാസ് ഡെൽമോണ്ടേ എടുത്ത കിക്ക് ഗോൾ പോസ്റ്റിന് അരികിലൂടെ പുറത്തേക്ക് പോവുകയായിരുന്നു. 66 മിനുട്ടിൽ കൊച്ചിക്ക് വേണ്ടി അഭിത്ത് അവസാന ഗോൾ നേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |