കൽപ്പറ്റ: പലവിധ പ്രതിസന്ധികളിൽ ഉലയുന്ന കർഷകർക്ക് പുതിയ ഭീഷണി ആവുകയാണ് മലയണ്ണാൻ ആക്രമണം.
മലയണ്ണാൻ വ്യാപക കൃഷി നാശമാണ് ജില്ലയിലെ കൃഷിയിടങ്ങളിൽ വരുത്തുന്നത്. തെങ്ങ് കൃഷിക്കാണ് മലയണ്ണാൻ കൂടുതൽ നാശനഷ്ടം വരുത്തുന്നത്. തെങ്ങിന് മുകളിൽ നിന്നുതന്നെ മലയണ്ണാൻ തേങ്ങ കാർന്നു തിന്നുകയാണ്. നേരത്തെ വനാതിർത്തി പ്രദേശങ്ങളിലായിരുന്നു മലയണ്ണാന്റെ ശല്യം രൂക്ഷമായിരുന്നത്. എന്നാൽ ഇപ്പോൾ മറ്റു പ്രദേശങ്ങളിലേക്കും മലയണ്ണാൻ എത്തുകയാണ്. നഗരപ്രദേശങ്ങളിൽ മാത്രമാണ് അൽപ്പമെങ്കിലും കുറവുള്ളത്. തെങ്ങുകളിൽ നിന്നും മാറിമാറി സഞ്ചരിക്കുന്നതിനാൽ കർഷകർക്ക് മലയണ്ണാന്റെ ആക്രമണത്തെ പ്രതിരോധിക്കാൻ കഴിയുന്നില്ല. തെറ്റാലി ഉപയോഗിച്ചാണ് കർഷകർ മലയണ്ണാനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നത്. എന്നാൽ കാര്യമായ ശബ്ദംപോലും ഉണ്ടാക്കാതെ ആക്രമണം നടത്തുന്നതിനാൽ തന്നെ പെട്ടെന്ന് കണ്ടുപിടിക്കാൻ കഴിയില്ല. കൽപ്പറ്റക്ക് സമീപം പുത്തൂർവയൽ വിനായകയിൽ വൻതോതിൽ കൃഷിനാശം ആണ് മലയണ്ണാൻ വരുത്തിയിട്ടുള്ളത്. തേങ്ങയ്ക്ക് മെച്ചപ്പെട്ട വില ലഭിക്കുന്ന സമയത്തുള്ള മലയണ്ണാൻ ആക്രമണം കടുത്ത പ്രതിസന്ധിയാണ് കർഷകർക്കുണ്ടാക്കുന്നത്. കുരങ്ങ് ശല്യവും പ്രദേശത്ത് വ്യാപകമാണ്.
കഴിഞ്ഞ ഒരു വർഷത്തിനിടയിലാണ് മലയണ്ണാൻ ഈ ഭാഗത്തേക്ക് എത്തിത്തുടങ്ങിയത്. തെങ്ങുകൾക്ക് പുറമെ കമുങ്ങ് മറ്റ് പഴവർഗങ്ങൾ എന്നിവയും മലയണ്ണാൻ നശിപ്പിക്കുന്നുണ്ട്. കൃഷിക്ക് രാപ്പകൽ വ്യത്യാസം ഇല്ലാതെ കാവൽ നൽകേണ്ട അവസ്ഥയാണെന്ന് കർഷകർ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |