വടക്കാഞ്ചേരി : ഒമ്പത് കോടി രൂപ ചെലവഴിച്ച് അടിമുടി നവീകരണം പൂർത്തിയാക്കി അമൃത് ഭാരത് സ്റ്റേഷനായി മാറി വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ. നവീകരിച്ച റെയിൽവേ സ്‌റ്റേഷന്റെ ഉദ്ഘാടനം ഡിസംബർ അവസാനവാരം നടത്തും. രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിന് മേൽക്കൂര സ്ഥാപിക്കൽ, കുടിവെള്ളം, വെളിച്ചം, ഇരിപ്പിടം എന്നിവ ഒരുക്കൽ, ഉയർന്ന ക്ലാസിലെ യാത്രക്കാർക്കായി ശീതീകരിച്ച വിശ്രമ മുറി സജ്ജീകരണം, ശൗചാലയങ്ങൾ, പാർക്കിംഗ് സൗകര്യ വിപുലീകരണം, ഇലക്ട്രോണിക്‌സ് ഡിസ്‌പ്ലേ, സൂചനാ ബോർഡുകൾ, ട്രെയിൻ സ്ഥിതി വിവരണ ബോർഡ് എന്നിവയെല്ലാം പൂർത്തിയായി. 3697ചതുരശ്ര മീറ്ററാണ് പുതിയ പാർക്കിംഗ് ഇടം. സംസ്ഥാനപാത മുതൽ റെയിൽവേ സ്റ്റേഷൻ വരെ രണ്ടുവരി പാതയാക്കി. സ്റ്റേഷന് മുന്നിൽ നൂറടി ഉയരത്തിൽ സ്ഥാപിച്ച ദേശീയ പതാകയ്ക്ക് 40 അടി നീളവും 20 അടി വീതിയുമുണ്ട്. നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ. കഴിഞ്ഞ വർഷം മാർച്ച് 30ന് റെയിൽവെ പാസഞ്ചേഴ്‌സ് അമിനിറ്റി കമ്മിറ്റി (പി.എ.സി) മുൻ ചെയർമാൻ പി.കെ.കൃഷ്ണദാസ് റെയിൽവെ സ്‌റ്റേഷൻ സന്ദർശിച്ചപ്പോഴാണ് അമൃത് സ്‌റ്റേഷനായി വടക്കാഞ്ചേരിയെ ഉയർത്തുമെന്ന് പ്രഖ്യാപിച്ചത്. കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ സ്റ്റേഷനെ കൂടുതൽ ജനകീയമാക്കി മാറ്റണമെന്നാണ് ഉയരുന്ന ആവശ്യം.
വടക്കാഞ്ചേരിയിൽ നിറുത്തുന്ന ട്രെയിനുകൾ
മെമു, പാസഞ്ചർ, ശബരി, ബൊക്കാറോ, ചെന്നൈ-ആലപ്പി, ബംഗളൂരു ഐലൻഡ്, പൂനെ എക്‌സ്പ്രസ്, കണ്ണൂർ -ആലപ്പി , കൊച്ചുവേളി ഇൻഡോർ, കോർബ, ഗോരഖ്പൂർ, ബറൗണി, പരശുറാം, വേണാട്, തൃശിനാപ്പിള്ളി.
വേണം, കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ്
ഇന്റർസിറ്റി, അമൃത, പാലരുവി എക്‌സ്പ്രസ് എന്നിവയ്ക്കും കൊവിഡ് കാലത്ത് നിറുത്തലാക്കിയ എക്‌സ്പ്രസ് ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |