
ശബരിമല : മണ്ഡലകാലത്തിന്റെ ആദ്യദിനങ്ങളിൽ ശബരിമലയിലുണ്ടായ അനിയന്ത്രിതമായ തിരക്കിന് പിന്നിൽ അട്ടിമറിസാദ്ധ്യതയും ബാഹ്യഇടപെടലുകളും ഉള്ളതായി പൊലീസ് സംശയിക്കുന്നു. ഇത് സംബന്ധിച്ച് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന് പുറമെ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയും അന്വേഷണം തുടങ്ങി. ക്യൂ കോംപ്ളക്സുകളിലെ ഇരുമ്പ് വേലികൾ മറികടന്ന് സുരക്ഷാ സംവിധാനങ്ങൾ അട്ടിമറിച്ച് ആയിരക്കണക്കിന് തീർത്ഥാടകർ പലവഴികളിലൂടെ സന്നിധാനത്ത് എത്തിയത് ദുരന്തഭീതി സൃഷ്ടിച്ചു. തിരക്ക് രൂക്ഷമായതോടെ പലരും ദർശനം നടത്താതെ മടങ്ങിയത് വലിയ വിവാദങ്ങൾക്കും കാരണമായി. ഈ സാഹചര്യത്തിലാണ് അട്ടിമറി സാദ്ധ്യതയും ബാഹ്യഇടപെടലുകളും അന്വേഷിക്കുന്നത്.
മണ്ഡലപൂജ, മകര വിളക്ക് തുടങ്ങിയ വിശേഷാൽ ദിവസങ്ങളിൽ തിരക്ക് വർദ്ധിക്കാൻ സാദ്ധ്യതയുണ്ട്. ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ ഡിസംബർ ആറിന് പഴുതുകളടച്ച സുരക്ഷയാണ് ഒരുക്കുന്നത്. എ.ഡി.ജി.പി എസ്.ശ്രീജിത്ത് ഉൾപ്പടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സന്നിധാനത്ത് ഉണ്ടായിരുന്നപ്പോൾ ആണ് നിയന്ത്രണം പാളിയത്.
ആശങ്കയായി വ്യാജരേഖക്കാർ
ശബരിമലയിലും അനുബന്ധ കേന്ദ്രങ്ങളിലും വ്യാജരേഖകളുമായി ഇതരസംസ്ഥാനക്കാർ ഉൾപ്പടെ തമ്പടിക്കുന്നത് സുരക്ഷാഭീഷണി സൃഷ്ടിക്കുന്നുണ്ട്. വ്യാജ പൊലീസ് ക്ളിയറൻസ് സർട്ടിഫിക്കേറ്റ് ഉൾപ്പടെയുള്ള രേഖകളുമായാണ് ഇവർ എത്തുന്നത്. ഇത്തരം സംഘങ്ങളുടെ കടന്നുകയറ്റം സുരക്ഷാഭീഷണി സൃഷ്ടിക്കുമെന്ന് സംസ്ഥാന ഇന്റലിജൻസും രഹസ്യാന്വേഷണ വിഭാഗവും റിപ്പോർട്ട് നൽകി. വ്യാജ സർട്ടിഫിക്കേറ്റുകളുമായി എത്തുന്നവരെ പൊലീസ് കസ്റ്റഡിയിൽ എടുക്കാറുണ്ടെങ്കിലും ചോദ്യം ചെയ്ത് വിട്ടയക്കുകയാണ് പതിവ്.സീസൺ തുടങ്ങിയപ്പോൾ ദേവസ്വം ബോർഡിൽ നിന്ന് തിരിച്ചറിയൽ കാർഡ് കൈപ്പറ്റിയ പലരും ഇപ്പോൾ ജോലിയിൽ ഇല്ലെന്നും പകരക്കാരാണ് ഉള്ളതെന്നും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. ഇവരുടെ വിവരങ്ങൾ ശേഖരിച്ചശേഷം പകരക്കാരെ മടക്കി അയച്ചു. ജോലിക്കാരുടെ എണ്ണം കുറഞ്ഞതോടെ ദേവസ്വം ബോർഡ് വീണ്ടും താത്കാലിക ജീവനക്കാരെ വിളിച്ചിട്ടുണ്ട്.
കേന്ദ്രസേനകൾ എത്തി
സുരക്ഷ ശക്തിപ്പെടുത്താൻ കേന്ദ്രസേനകളായ എൻ.ഡി.ആർ.എഫും ആർ.എ.എഫും കഴിഞ്ഞദിവസം ശബരിമലയിൽ എത്തി. തൃശൂർ മേഖലാ കേന്ദ്രത്തിൽ നിന്ന് ഇൻസ്പെക്ടർ ജി.സി.പ്രശാന്തിന്റെ നേതൃത്വത്തിലുള്ള 30 അംഗ എൻ.ഡി.ആർ.എഫ് സംഘമാണ് സേവനത്തിലുള്ളത്. ചെന്നൈയിൽ നിന്നുള്ള 38 അംഗസംഘവും ഉടൻ എത്തും. കോയമ്പത്തൂർ 105-ാം ബറ്റാലിയനിൽ നിന്ന് ഡെപ്യൂട്ടി കമാൻഡർ ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള 140 അംഗം ആർ.എ.എഫ് സംഘമാണ് സേവനത്തിനുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |