വടക്കഞ്ചേരി: തേങ്ങയ്ക്ക് പിന്നാലെ സംസ്ഥാനത്ത് അടയ്ക്കാ വിലയും കുതിച്ചുയരുന്നു. വില കിലോയ്ക്ക് 500 രൂപ കടന്നത് കർഷകർക്ക് നേട്ടമായി. കവുങ്ങിൻ തോട്ടങ്ങളിൽ ഇലപ്പുള്ളി, മഹാലി രോഗങ്ങൾ മൂലമുണ്ടായ വിളനാശത്തിനിടയിലാണ് കർഷകർക്ക് ആശ്വാസമായി അടയ്ക്കാ വില ഉയർന്നത്. രോഗങ്ങൾ മൂലം അടയ്ക്ക ഉത്പാദനത്തിൽ കുറവുണ്ടായിട്ടുണ്ട്. ആ നക്ഷ്ടം വില വർദ്ധന നികത്തുമെന്ന പ്രതീക്ഷയിലാണ് കർഷകർ. പഴയതരം(പ്രീമിയം) അടയ്ക്ക കിലോയ്ക്ക് 90 രൂപയാണ് വർദ്ധിച്ചത്.
2024 ജനുവരിയിൽ, പഴയതരം കായ്കൾ കിലോയ്ക്ക് 390-410 രൂപ ആയിരുന്നു വില. 2025 ജനുവരി ആയപ്പോഴേക്കും ഇത് 425-450 ആയി. 10 മാസത്തിന് ശേഷം വില 495-520 രൂപ ആയി ഉയർന്നു. ഇതിനു വിപരീതമായി 2023 ജനുവരി മുതൽ 2024 ജനുവരി വരെ പരിപ്പിന്റെ വില കിലോഗ്രാമിന് 100 രൂപയോളം കുറഞ്ഞു. മറ്റിനം അടയ്ക്കകൾക്കും (സെക്കൻഡറി ഗ്രേഡുകൾ) വലിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം, കരിങ്കോട്ട്, ഉള്ളി, ഫോട്ടർ തുടങ്ങിയ താഴ്ന്ന നിലവാരമുള്ള ഇനങ്ങൾക്ക് കുത്തനെ വിലക്കുറഞ്ഞിരുന്നു. 2023 നെ അപേക്ഷിച്ച്, കരിങ്കോട്ട്, ഉള്ളി എന്നിവ കിലോഗ്രാമിന് 100ൽ അധികം കുറഞ്ഞു. എന്നാൽ അടുത്തിടെ വിലകൾ തിരിച്ചുകയറിയത് കർഷകർക്ക് ആശ്വാസമായി. വിളവെടുത്ത കായ്കൾ ഈർപ്പം നിലനിറുത്താതെ ഒരു വർഷത്തിലേറെ ശ്രദ്ധാപൂർവ്വം ഉണക്കിയാണ് പ്രീമിയം ഓൾഡ്‌ഗ്രേഡ് പരിപ്പ് തയ്യാറാക്കുന്നത്. വിളവെടുത്തവ വ്യത്യസ്ത ഗ്രേഡുകളായ പഴയ ഗ്രേഡ്, ഉള്ളി, ഫോട്ടർ, കരിങ്കോട്ട് എന്നിവയായി തരംതിരിക്കുന്നു. ഈ സീസണിൽ വിളവെടുക്കുന്ന അടയ്ക്കയാണ് പുതിയ ഗ്രേഡായി കണക്കാക്കുന്നത്. പൂർണ്ണമായും കേടുകൂടാത്ത പുറംതൊലിയുള്ള കായ്കളെ ഉള്ളി എന്നും പിളർന്ന തൊലിയുള്ളവ ഫോട്ടർ എന്നും ഇരുണ്ടതും നേർത്തതും ഗുണനിലവാരം കുറഞ്ഞതുമായ കായ്കൾ കരിങ്കോട്ട് എന്നും അറിയപ്പെടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |