വാദങ്ങളുമായി ഭരണപക്ഷവും പ്രതിപക്ഷവും
പത്തനംതിട്ട: കടുത്തസാമ്പത്തിക പ്രതിസന്ധികൾക്കിടയിലും നഗരസഭയിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിയതായി പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ.ടി. സക്കീർഹുസൈൻ . ബസ് സ്റ്റാൻഡിൽ കയറി ടൗൺ സ്‌ക്വയറിൽ അവസാനിക്കുന്ന വികസനമാണ് നഗരത്തിൽ നടപ്പായതെന്ന് മുൻ നഗരസഭ ചെയർമാൻ അഡ്വ.എ. സുരേഷ് കുമാർ. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട പ്രസ്‌ക്ലബിൽ നടന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
ജനറൽ ആശുപത്രിയിൽ അടിസ്ഥാന സൗകര്യം ഒരുക്കി നൽകിയതായി അഡ്വ.സക്കീർ ഹുസൈൻ പറഞ്ഞു. ഓക്‌സിജൻ പ്ലാന്റ് യാഥാർത്ഥ്യമായി . ധനകാര്യ കമ്മിഷൻ ഗ്രാന്റ് കുറഞ്ഞത് പ്രവർത്തനങ്ങളെ ബാധിച്ചിരുന്നു. വിവിധ ഇടങ്ങളിൽ നിന്ന് തുക സമാഹരിച്ചാണ് വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയത്. ബസ് സ്റ്റാൻഡ് , ശബരിമല ഇടത്താവളം നവീകരണം എന്നിവ നടപ്പാക്കി.ജില്ലാ സ്റ്റേഡിയം നിർമ്മാണം പുരോഗമിക്കുന്നു.
ടൗൺഹാൾ പുനർനിർമ്മിച്ചു. സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായി നാല് ഘട്ടങ്ങളിലായി അമൃത് 2.0 പദ്ധതി പൂർത്തിയായി വരുന്നു. ഭാവിയെ മുന്നിൽ കണ്ട് മണിയാർ ഡാമിൽ നിന്നും കുടിവെള്ളം എത്തിക്കാനുള്ള മറ്റൊരു പദ്ധതിയും തയ്യാറാക്കി.
നഗര സൗന്ദര്യവത്കരണം ജനശ്രദ്ധ നേടി . നഗരത്തിൽ എ . ഐ ക്യാമറ സ്ഥാപിച്ചതോടെ കുറ്റകൃത്യങ്ങൾ കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സാധാരണക്കാരുടെ പ്രതീക്ഷകൾക്ക് യോജിച്ച വികസനങ്ങൾ നടപ്പായിട്ടില്ലെന്ന് അഡ്വ. എ.സുരേഷ് കുമാർ പറഞ്ഞു. പ്രതിപക്ഷം വികസനത്തിൽ രാഷ്ട്രീയം നോക്കിയില്ല. കുറെ കോൺക്രീറ്റ് നിർമ്മാണം മാത്രമാണ് നഗരത്തിൽ നടന്നത് . ഭിന്നശേഷിക്കാരെ സഹായിക്കുന്ന ബഡ്‌സ് സ്‌കൂൾ പദ്ധതി ഉൾപ്പെടെ പൂർത്തിയാകാതെ കിടക്കുന്നു. വ്യദ്ധസദനവും നടപ്പായിട്ടില്ല. ദുരിതാശ്വാസ നിധിയുടെ പ്രവർത്തനവും നിലച്ചു. ശബരിമല ഇടത്താവളത്തിൽ പുതുതായി യാതൊന്നും നടപ്പായില്ല. തെരുവുനായ ശല്യം പരിഹരിക്കാൻ ഒരു യോഗം പോലും വിളിച്ചില്ല. നഗരസഭയിലെ പല വാർഡുകളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ് . നഗരസഭയിലെ നികുതിപിരിവ് സാധാരണജനങ്ങളുടെ നടുവൊടിച്ചു.നഗരസഭയിൽ നിന്നുള്ള പണം നവകേരള സദസ് പോലെയുള്ള സർക്കാർ ധൂർത്തിന് നൽകി . പ്രസ് ക്ലബ്‌വൈസ് പ്രസിഡന്റ് അഭിലാൽ സ്വാഗതവും ട്രഷറർ എസ്. ഷാജഹാൻ നന്ദിയും പറഞ്ഞു.
----------------------
നാല് ഘട്ടങ്ങളിലായി അമൃത് 2.0 പദ്ധതി പൂർത്തിയായി വരുന്നു. മണിയാർ ഡാമിൽ നിന്ന് കുടിവെള്ളം എത്തിക്കാനുള്ള മറ്റൊരു പദ്ധതിയും തയ്യാറാക്കി. ഇവ ഉൾപ്പടെ നിരവധി വികസന പ്രവർത്തനങ്ങളുണ്ട്.
അഡ്വ.ടി. സക്കീർഹുസൈൻ , നഗരസഭ ചെയർമാൻ
------------------------
പത്തനംതിട്ട ജനറൽ ആശുപത്രിയുടെ ചുമതല ജില്ല പഞ്ചായത്തിന് വിട്ടുനൽകിയത് ആരോഗ്യമന്ത്രിയും ചെയർമാനും തമ്മിലുള്ള ശീതസമരത്തെ തുടർന്നാണ്. . ആശുപത്രി വിട്ടുനൽകിയത് നഗരത്തിന് ദോഷമായി
അഡ്വ. എ. സുരേഷ്‌കുമാർ
മുൻ നഗരസഭ ചെയർമാൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |