
ലക്നൗ: നിയമവിരുദ്ധമായി ഇന്ത്യയിൽ പ്രവേശിച്ച് അതിർത്തി പ്രദേശം വീഡിയോയിൽ പകർത്തിയ ചൈനീസ് പൗരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിലെ ഇന്ത്യ-നേപ്പാൾ അതിർത്തിയിലെ രൂപൈദിഹ ചെക്ക്‌പോസ്റ്റിലാണ് സംഭവം. 49കാരനായ ചൈനീസ് പൗരനെ സശസ്ത്ര സീമ ബാൽ (എസ്എസ്ബി) ആണ് അറസ്റ്റ് ചെയ്തത്. ഇയാൾ പാകിസ്ഥാൻ സന്ദർശിച്ചിട്ടുണ്ടെന്നും ഇയാളിൽ നിന്ന് പാകിസ്ഥാൻ, ചൈനീസ്, നേപ്പാൾ കറൻസികൾ കണ്ടെടുത്തതായും അധികൃതർ അറിയിച്ചു.
നേപ്പാളിൽ നിന്ന് ഇന്ത്യയിലേക്ക് പ്രവേശിച്ച ശേഷം ഇയാൾ തന്ത്രപ്രധാനമായ അതിർത്തി പ്രദേശത്തിന്റെ വീഡിയോ പകർത്തുകയായിരുന്നുവെന്ന് എസ്എസ്ബി 42ാം ബറ്റാലിയന്റെ കമാൻഡന്റ് ഗംഗാ സിംഗ് ഉദാവത്ത് പറഞ്ഞു. ചൈനയിലെ ഹുനാൻ പ്രവിശ്യയിൽ താമസിക്കുന്ന ലിയു കുൻജിംഗ് ആണെന്ന് തിരിച്ചറിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിന് സാധുവായ രേഖകൾ ഇയാളുടെ കൈവശം ഇല്ലെന്നാണ് വിവരം. മൂന്ന് മൊബൈൽ ഫോണുകളും ഇയാളിൽ നിന്ന് പിടിച്ചെടുത്തു, അതിലൊന്നിൽ ഇന്ത്യയിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളുടെ വീഡിയോകൾ ഉണ്ടായിരുന്നു. ഇയാളിൽ നിന്ന് നേപ്പാളിന്റെ ഒരു ഭൂപടം കണ്ടെത്തി. ഭൂപടത്തിലെ എല്ലാം ഇംഗ്ലീഷിലാണ് എഴുതിയിരുന്നത്. എന്നാൽ തനിക്ക് ഹിന്ദിയോ ഇംഗ്ലീഷോ അറിയില്ലെന്ന് ആംഗ്യങ്ങളിലൂടെ ക്വിൻജിംഗ് പറഞ്ഞു. എസ്എസ്ബിയും പൊലീസും മറ്റ് സുരക്ഷാ ഏജൻസികളും ഒരു വ്യാഖ്യാതാവിന്റെ സഹായത്തോടെ ഇയാളെ ചോദ്യം ചെയ്യുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |