
ഭോപാല്‍: അവിഹിതബന്ധം ആരോപിച്ചുള്ള സഹപ്രവര്‍ത്തകരുടെ അതിര് കടന്ന പരിഹാസത്തില്‍ മനംനൊന്ത് രണ്ട് പേര്‍ ജീവനൊടുക്കി. മദ്ധ്യപ്രദേശിലെ ബേതുല്‍ പരിഷത്തിലെ ഓഫീസ് ക്ലാര്‍ക്ക് രജനി (48), ജലവിതരണ വകുപ്പിലെ ഉദ്യോഗസ്ഥനായ മിഥുന്‍ (29) എന്നിവരാണ് കിണറ്റില്‍ ചാടി ജീവനൊടുക്കിയത്. ഭായാവാഡി ഗ്രാമത്തിലെ കിണറ്റില്‍ നിന്നാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ പൊലീസ് കണ്ടെത്തിയത്. മുമ്പ് ഒരേ ഓഫീസിലാണ് മിഥുനും രജനിയും ജോലി ചെയ്തിരുന്നത്.
ഇരുവരും തമ്മില്‍ അവിഹിതബന്ധമുണ്ടെന്ന് ഓഫീസിലെ സഹപ്രവര്‍ത്തകര്‍ പറഞ്ഞു പരത്തിയിരുന്നു. ഇതേച്ചൊല്ലിയുള്ള പരിഹാസവും പലപ്പോഴും വേദനയുണ്ടാക്കിയിരുന്നുവെന്നും വീട്ടില്‍ നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പില്‍ ആരോപിക്കുന്നുണ്ട്. മിഥുനുമായി തനിക്കുണ്ടായിരുന്നത് ഒരു മകനോടുള്ള ബന്ധമാണെന്നും ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. വിധവയായ രജനിക്ക് രണ്ട് മക്കളാണുള്ളത്. ഇവരുടെ മകന്റെ വിവാഹം ഉടനെ നടക്കാനിരിക്കെയാണ് ആത്മഹത്യയെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചൊവ്വാഴ്ച രാത്രി ഇരുവരും ജോലികഴിഞ്ഞ് വീടുകളിലെത്തിയിരുന്നില്ല. ഇതോടെയാണ് പൊലീസ് തെരച്ചില്‍ ആരംഭിച്ചത്. മിഥുന്റെ ഫോണിന്റെ അവസാന ലൊക്കേഷന്‍ പിന്തുടര്‍ന്ന പൊലീസ് ഭായാവാഡി ഗ്രാമത്തിലെത്തി. ഇതിനിടെയാണ് ഒരു വയലില്‍ ബൈക്കും രണ്ട് ചെരിപ്പുകളും മൊബൈല്‍ ഫോണും ഉപേക്ഷിച്ചനിലയില്‍ കണ്ടത്. തുടര്‍ന്ന് ഇതിന് സമീപത്തെ കിണറ്റില്‍ പരിശോധന നടത്തിയതോടെയാണ് രണ്ടുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
മിഥുനുമായുള്ള ബന്ധത്തെക്കുറിച്ച് സഹപ്രവര്‍ത്തകര്‍ അപവാദം പ്രചരിപ്പിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് കുറിപ്പില്‍ പറയുന്നത്. മിഥുന്‍ തനിക്ക് മകനെപ്പോലെയാണ്. പക്ഷേ, തങ്ങള്‍ തമ്മില്‍ അവിഹിതബന്ധമുണ്ടെന്നാണ് സഹപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്. ഇത്തരം പരാമര്‍ശങ്ങളും പരിഹാസങ്ങളും അസഹനീയമായി മാറിയെന്നും കുറിപ്പില്‍ പറയുന്നു. അപവാദപ്രചരണം നടത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തെന്ന് ആരോപിച്ച് അഞ്ചുപേരുടെ വിവരങ്ങളും കുറിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |