
ന്യൂഡൽഹി: കർണാടകയിൽ ബഡ്ജറ്റ് സമ്മേളനം നടക്കുന്ന അടുത്ത മാർച്ചുവരെ മുഖ്യമന്ത്രി പദത്തിൽ നിന്ന് തന്നെ മാറ്റരുതെന്ന് സിദ്ധരാമയ്യ. നവംബർ 20ന് സർക്കാർ രണ്ടരവർഷം പിന്നിട്ടതിനാൽ ഹൈക്കമാൻഡ് വാഗ്‌ദാനം ചെയ്‌ത മുഖ്യമന്ത്രിസ്ഥാനം തനിക്ക് കിട്ടണമെന്ന നിലപാടിലുറച്ച് ഉപമുഖ്യമന്ത്രിയും പി.സി.സി അദ്ധ്യക്ഷനുമായ ഡി.കെ.ശിവകുമാർ.
ഹൈക്കമാൻഡിൽ സമ്മർദ്ദം ചെലുത്താൻ ശിവകുമാറിനെ പിന്തുണയ്‌ക്കുന്ന എം.എൽ.എമാർ ഡൽഹിയിലുണ്ട്.
അതേസമയം, മുഖ്യമന്ത്രി കേസരയിൽ ഏഴുവർഷവും 238 ദിവസവും ഇരുന്ന കോൺഗ്രസ് നേതാവ് ഡി. ദേവരാജ് അരസുവിന്റെ റെക്കാഡ് മറികടക്കാനാണ് സിദ്ധരാമയ്യ സമയം നീട്ടിചോദിക്കുന്നതെന്നാണ് സൂചന. പോര് മുറുകിയതോടെ പ്രശ്നപരിഹാരത്തിന് തലപുകയ്ക്കുകയാണ് കോൺഗ്രസ് ഹൈക്കമാൻഡ്. തർക്കപരിഹാരത്തിന് ഇരുവരേയും ഡൽഹിക്ക് വിളിപ്പിക്കും. ഡിസംബർ ഒന്നിന് പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം തുടങ്ങുംമുമ്പ് പരിഹാരമുണ്ടാക്കാനാണ് നീക്കം.
ഇന്നലെ ഐ.ഐ.സി.സി ആസ്ഥാനത്ത് ബീഹാർ തിരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ചുള്ള അവലോകനത്തിനുശേഷം കർണാടക വിഷയവും ഹൈക്കമാൻഡ് ചർച്ച ചെയ്‌തിരുന്നു.
രാജസ്ഥാനിൽ മുഖ്യമന്ത്രിയായിരുന്ന അശോക് ഗെലോട്ടിനെതിരെ സച്ചിൻ പൈലറ്റ് ഉയർത്തിയ പ്രതിസന്ധിക്ക് സമാനമാണ് കോൺഗ്രസ് കർണാടകയിൽ നേരിടുന്നത്.
തള്ളാനും കൊള്ളാനുമാകാതെ
1.ഭൂരിപക്ഷം എം.എൽ.എമാരുടെ പിന്തുണയുള്ള സിദ്ധരാമയ്യയെ പിണക്കി ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കുന്നത് കോൺഗ്രസിന് എളുപ്പമല്ല. ഒ.ബി.സി നേതാവായ സിദ്ധരാമയ്യയ്‌ക്ക് പിന്നാക്ക, ദളിത് വിഭാഗങ്ങളുടെ പിന്തുണയുമുണ്ട്
2.കർണാടകയിലെ പ്രബല സമുദായമായ വൊക്കലിംഗ ശിവകുമാറിനെ പിന്തുണയ്‌ക്കുന്നു. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ പ്രത്യാഘാതമുണ്ടാകുമെന്ന് വൊക്കലിംഗ ആചാര്യൻ നിർമ്മലാനന്ദനാഥ സ്വാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
അവസരം നോക്കി
മറ്റു നേതാക്കൾ
സിദ്ധരാമയ്യയും ശിവകുമാറും തമ്മിലുള്ള തർക്കത്തിനിടെ മുഖ്യമന്ത്രി സ്ഥാനത്തിനായി ചരടുവലി നടത്തുകയാണ് ആഭ്യന്തരമന്ത്രിയും ദളിത് നേതാവുമായ ഡോ.ജി.പരമേശ്വര, സതീഷ് ജർക്കിഹോളി എന്നിവർ. അതേസമയം. കർണാടകക്കാരനായ മല്ലികാർജ്ജുൻ ഖാർഗെയെ പരിഗണിക്കണമെന്ന് ഒരുവിഭാഗം ആവശ്യമുയർത്തുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |