
ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിനെതിരായ പ്രചാരണത്തിന് കോൺഗ്രസ് വിദേശത്ത് പ്രവർത്തിക്കുന്ന എക്‌സ് അക്കൗണ്ടുകൾ ഉപയോഗിക്കുന്നുവെന്ന് ബി.ജെ.പി. പാകിസ്ഥാൻ, ബംഗ്ലാദേശ്, യു.എസ്, മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് കൈകാര്യം ചെയ്യുന്ന എക്‌സ് അക്കൗണ്ടുകൾ ഉപയോഗിച്ച് കോൺഗ്രസ് ആർ.എസ്.എസിനും മോദി സർക്കാരിനുമെതിരായ പ്രചാരണം നടത്തുകയാണെന്ന് ബി.ജെ.പി ദേശീയ വക്താവ് സംബിത് പാത്ര വാർത്താസമ്മേളനത്തിൽ പറഞ്ഞു.
'മഹാരാഷ്ട്ര കോൺഗ്രസ്' എന്ന എക്‌സ് അക്കൗണ്ട് അയർലൻഡിൽ നിന്നുള്ളതാണ്. ഇപ്പോൾ ഇന്ത്യയിലേക്ക് മാറ്റി. 'ഹിമാചൽ പ്രദേശ് കോൺഗ്രസ്' എന്ന അക്കൗണ്ട് ആൻഡ്രോയ്ഡ് ആപ്പിൽ തായ്‌ലൻഡ് വഴിയാണ് ബന്ധിപ്പിച്ചിരിക്കുന്നത്.
കോൺഗ്രസിന്റെ 'വോട്ട് കൊള്ള' ആരോപണവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ പ്രചാരണത്തിന് വേണ്ടിയാണ് ഈ അക്കൗണ്ടുകൾ ഉണ്ടാക്കിയിരിക്കുന്നതെന്നും സംബിത് പാത്ര പറഞ്ഞു.
ഇന്ത്യയിൽ ആഭ്യന്തര യുദ്ധമുണ്ടാകാനാണ് ലോക്‌സഭാ പ്രതിപക്ഷനേതാവിന്റെ ആഗ്രഹമെന്നും പത്ര ആരോപിച്ചു. വിദേശരാജ്യങ്ങളിൽ വച്ച് ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങൾക്കെതിരെ രാഹുൽ സംസാരിച്ചതിനെയും അദ്ദേഹം ചോദ്യം ചെയ്തു.
സാങ്കേതിക പ്രശ്നം: കോൺഗ്രസ്
ഇഅക്കൗണ്ടുകളുടെ ലൊക്കേഷൻ വിദേശത്തെന്ന് തെറ്റായി കാണിച്ചത് ബി.ജെ.പി ആയുധമാക്കുന്നതായി കോൺഗ്രസ്. ലൊക്കേഷൻ പിശകുകൾ സാങ്കേതിക തകരാറുകൾ മൂലമാണെന്ന് 'എക്സ്' വ്യക്തമാക്കിയിട്ടുണ്ട്. എക്സിലെ സാങ്കേതിക തകരാറിനെക്കുറിച്ചുള്ള അഞ്ജത കാരണം നഗ്നമായ നുണ പ്രചരിപ്പിക്കുകയാണ് ബി.ജെ.പിയെന്ന് കോൺഗ്രസ് സമൂഹമാദ്ധ്യമ വിഭാഗം മേധാവി സുപ്രിയ ശ്രീനേറ്റ് പറഞ്ഞു. 20 ദിവസത്തിനുള്ളിൽ 26 ബി.എൽ.ഒമാർ ജോലി സമ്മർദ്ദം മൂലം മരിച്ചതും ബിഹാറിലെ വോട്ട് കൊള്ളയും അടക്കം പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണെന്നും സുപ്രിയ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |