തിരുവനന്തപുരം: വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിംഗ് റോഡിന് പരിസ്ഥിതി അനുമതി ഉടൻ ലഭിക്കും. പുതിയതായി രൂപീകരിച്ച സ്റ്റേറ്റ് എൻവയൺമെന്റൽ ഇംപാക്ട് അസസ്‌മെന്റ് അതോറിട്ടി (എസ്.ഇ.ഐ.എ.എ) സമിതി ആദ്യഘട്ട തെളിവെടുപ്പ് നടത്തി റിപ്പോർട്ട് നൽകി. അന്തിമ റിപ്പോർട്ട് വൈകാതെ നൽകുമെന്നാണ് സൂചന. അതോടെ പരിസ്ഥിതി അനുമതി ലഭിക്കും.
സ്റ്റേറ്റ് എൻവയൺമെന്റൽ ഇംപാക്ട് അസസ്‌മെന്റ് അതോറിട്ടിയുടെ പുനഃസംഘടന വൈകിയതാണ് ഇതുസംബന്ധിച്ച നടപടികൾ നീണ്ടുപോകാൻ കാരണം.
അതേസമയം, 314 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ പ്രസിദ്ധീകരിച്ച പ്രാഥമിക വിജ്ഞാപനത്തിന്റെ (3 എ) കാലാവധി അവസാനിച്ചെങ്കിലും വിജ്ഞാപനം അസാധുവാകില്ലെന്ന് ദേശീയപാത അതോറിട്ടി അറിയിച്ചു.
വിജ്ഞാപനം അസാധുവാകില്ല
2024 നവംബർ 22നാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. ഒരു വർഷത്തിനുള്ളിൽ ഭൂമി ഏറ്റെടുത്തുള്ള 3 ഡി വിജ്ഞാപനം വന്നില്ലെങ്കിൽ സ്വാഭാവികമായി 3എ അസാധുവാകേണ്ടതാണ്. എന്നാൽ, ഔട്ടർ റിംഗ് റോഡുമായി ബന്ധപ്പെട്ട ഒരു കേസിൽ കോടതി ഉത്തരവുള്ളതിനാൽ നിലവിലെ 3എ വിജ്ഞാപനം അസാധുവാകില്ലെന്നും 3ഡി വിജ്ഞാപനം പുറത്തിറക്കാൻ കഴിയുമെന്നുമാണ് ദേശീയപാത അതോറിട്ടി പ്രതീക്ഷിക്കുന്നത്.
വിജ്ഞാപനം പ്രസിദ്ധീകരിച്ചത്..... 2024ൽ
ആദ്യ വിജ്ഞാപനം മൂന്നു വർഷം മുമ്പ്
ജില്ലയിലെ 11 വില്ലേജിലായി 100.8723 ഹെക്ടർ ഭൂമി ഏറ്റെടുത്തുള്ള 3 ഡി വിജ്ഞാപനം 3 വർഷം മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു. സംസ്ഥാനവുമായുള്ള തർക്കത്തെ തുടർന്ന് ദേശീയപാത അതോറിട്ടി നടപടികൾ നിറുത്തിവച്ചതിനാൽ ആദ്യഘട്ടത്തിൽ പ്രസിദ്ധീകരിച്ച ചില 3എ വിജ്ഞാപനങ്ങൾ അസാധുവായിരുന്നു. കഴിഞ്ഞവർഷം സംസ്ഥാനവും ദേശീയപാത അതോറിട്ടിയുമായി ധാരണയിലെത്തിയ ശേഷമാണ് 24 വില്ലേജിലായി 314 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ വീണ്ടും 3എ പ്രസിദ്ധീകരിച്ചത്.
തുണയായി കോടതി ഉത്തരവ്
ഭൂമി ഏറ്റെടുത്തുള്ള 3ഡി വിജ്ഞാപനത്തിന് സംസ്ഥാനത്തെ ഭൂമി ഏറ്റെടുക്കൽ വിഭാഗം ദേശീയപാത അതോറിട്ടിക്ക് വിവരങ്ങൾ കൈമാറിയെങ്കിലും തേക്കട – നാവായിക്കുളം റീച്ചിന് പരിസ്ഥിതി അനുമതി ലഭിക്കാത്തതിനാൽ തിരിച്ചയച്ചു. പരിസ്ഥിതി അനുമതി ലഭിച്ച ശേഷം ഔട്ടർ റിംഗ് റോഡിനായി ഇനി 3 ഡി വിജ്ഞാപനം ഇറക്കിയാൽ മതിയെന്ന കോടതി ഉത്തരവ് നിലവിലുണ്ടെന്നും അത് തത്‌സ്ഥിതി തുടരാനുള്ള അനുമതിക്ക് തുല്യമാണെന്നും ദേശീയപാത അതോറിട്ടി അധികൃതർ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |