
കണ്ണൂർ: എന്നും ഇടതിനൊപ്പം നിന്ന ചരിത്രമുള്ള മയ്യിൽ ഡിവിഷനിൽ ഇത്തവണ പോരാട്ടം ശക്തമാണ്. വാർഡ് വിഭജനത്തിന് ശേഷമാണ് യു.ഡി.എഫ് പ്രതീക്ഷ പുലർത്തുന്നത്. ജില്ല പഞ്ചായത്തിന്റെ ഇരിക്കൂർ ബ്ലോക്കിൽ ഉൾപ്പെടുന്നതാണ് മയ്യിൽ ഡിവിഷൻ. ഇത്തവണ പട്ടികവർഗ സംവരണ ഡിവിഷനാണ് മയ്യിൽ. കാലങ്ങളായി ഇടതിന്റെ കൂടെയാണ് ഡിവിഷനെങ്കിലും മറ്റ് രണ്ട് മുന്നണികളും വലിയ പ്രതീക്ഷയിലാണ് ഡിവിഷനെ കാണുന്നത്. മയ്യിലും സമീപ പഞ്ചായത്തുകളായ കുറ്റ്യാട്ടൂർ, കൊളച്ചേരി, മുണ്ടേരി ഗ്രാമപഞ്ചായത്തുകളിലെ ചില വാർഡുകളും ഉൾപ്പെടുന്നതാണ് ഡിവിഷൻ. കഴിഞ്ഞ തവണ 15,617 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സി.പി.എം സ്ഥാനാർത്ഥിയായ എൻ.വി.ശ്രീജിനിയാണ് ജയിച്ചത്. ഡിവിഷനിൽ കൊളച്ചേരി പഞ്ചായത്തിൽ മാത്രമാണ് യു.ഡി.എഫിന് മേൽക്കൈയുള്ളത്. പുതുതായി രൂപീകരിച്ച ഡിവിഷനായതുകൊണ്ട് അനുകൂല സാഹചര്യങ്ങളുണ്ടെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ്. വോട്ട് വലിയ തോതിൽ വർദ്ധിപ്പിക്കാൻ കഴിയുമെന്ന വിശ്വാസം എൻ.ഡി.എയ്ക്കുമുണ്ട്.
അങ്കത്തട്ടിൽ ഇവർ
ഇരിട്ടി സ്വദേശിയായ കെ. മോഹനനാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി.മുൻ ഇരിട്ടി ബ്ലോക്ക് പഞ്ചായത്തംഗം, എ.കെ.എസ് ജില്ല സെക്രട്ടറി, സംസ്ഥാന കമ്മിറ്റി എക്സികൂട്ടിവ് അംഗം, ബി.എസ്.എൻ.എൽ ഉപദേശകസമിതിയംഗം, ജില്ലയിലെ ലൈബ്രറി വ്യാപന മിഷൻ ഡയറക്ടർ ബോർഡംഗം എന്നീ നിലകളിൽ പ്രവർത്തിച്ച കെ.മോഹനന് നല്ല ജന പിന്തുണയുമുണ്ട്.യു.ഡി.എഫ് സ്ഥാനാർത്ഥി ഏരുവേശി ചളിമ്പറമ്പ് സ്വദേശി മോഹനൻ മൂത്തേടനാണ്. നിലവിൽ ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യസ്ഥിരം സമിതി അദ്ധ്യക്ഷനാണ്. മൂന്നുതവണ ഏരുവേശി സഹകരണ ബാങ്ക് ഡയറക്ടറായിരുന്നു. എസ്.സി സഹകരണ സംഘം പ്രസിഡന്റ്, കോൺഗ്രസ് ഏരുവേശ്ശി മണ്ഡലം കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയാണ്. പയ്യാവൂർ കാട്ടിക്കണ്ടം സ്വദേശി കെ.സജേഷാണ് എൻ.ഡി.എ സ്ഥാനാർത്ഥി. ബി.ജെ.പി കണ്ണൂർ നോർത്ത് ജില്ല സെക്രട്ടറിയാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ 2015ൽ വാർഡിൽ മത്സരിച്ചു. പട്ടികവർഗ മോർച്ച ജില്ല പ്രസിഡന്റ്, എസ്.സി, എസ്.ടി മോർച്ച ജില്ല സെക്രട്ടറി, ബി.ജെ.പി ബൂത്ത് പ്രസിഡന്റ്, ബി.എം.എസ് പയ്യാവൂർ പഞ്ചായത്ത് കൺവീനർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |