ആയിരത്തിലധികം ഇ.എൽ.സി, എൻ.എസ്.എസ് വോളണ്ടിയർമാർ പങ്കാളികളായി
കോഴിക്കോട്: വാനിൽ പറന്നുയർന്ന വർണപ്പട്ടങ്ങൾ കണ്ടപ്പോൾ കോഴിക്കോട് കടപ്പുറത്തെത്തിയവർക്ക് ആദ്യമൊന്നും മനസിലായില്ല. പരസ്പരം ചോദിച്ചും പട്ടത്തിലെ വാചകങ്ങളിലൂടെയും സംഗതി പിടികിട്ടിയതോടെ എസ്.ഐ.ആറിന്റെ പ്രചാരണം സഞ്ചാരികൾ ഒന്നാകെ ഏറ്റെടുക്കുന്ന കാഴ്ചയായിരുന്നു. ജനാധിപത്യ പ്രക്രിയയിൽ പ്രാതിനിധ്യം വർദ്ധിപ്പിക്കൽ ലക്ഷ്യമിട്ട് കോഴിക്കോട് ബീച്ചിൽ ഒരുക്കിയ മെഗാ എസ്.ഐ.ആർ കൈറ്റ് ഫെസ്റ്റ് ജനശ്രദ്ധ പിടിച്ചുപറ്റി. തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ (എസ്.ഐ.ആർ) പ്രചാരണാർത്ഥം ജില്ലയിലുടനീളം സംഘടിപ്പിച്ച വിവിധ പ്രചാരണ പ്രവർത്തനങ്ങളുടെ സമാപനമായി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം, ജില്ലാ സ്വീപ് സെൽ, ജില്ലാ ഇലക്ടറൽ ലിറ്ററസി ക്ലബ്, കാലിക്കറ്റ് സർവകലാശാല നാഷണൽ സർവീസ് സ്‌കീം, വൺ ഇന്ത്യ കൈറ്റ് ടീം തുടങ്ങിയവയുടെ ആഭിമുഖ്യത്തിലാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നുള്ള ആയിരത്തിലധികം ഇലക്ടറൽ ലിറ്ററസി ക്ലബ്-നാഷണൽ സർവീസ് സ്‌കീം വോളണ്ടിയർമാർ പങ്കാളികളായി.
രാജ്യത്തെ ഏറ്റവും വലിയ
എസ്.ഐ.ആർ പ്രചാരണം
രാജ്യത്തെ ഏറ്റവും ഉയർന്ന യുവജന പങ്കാളിത്തമുള്ള എസ്.ഐ.ആർ പ്രചാരണ പരിപാടിയാണ് കോഴിക്കോട് നടന്നത്. ഇ.എൽ.സി, എൻ.എസ്.എസ് എന്നിവയുടെ നേതൃത്വത്തിൽ 4000 വോളണ്ടിയർമാർ നാല് ലക്ഷം വോട്ടർമാരിലേക്ക് നേരിട്ടിറങ്ങിയ 'എ ഡേ വിത്ത് ബി.എൽ.ഒ', ഗൃഹസന്ദർശനങ്ങൾ, സന്ദേശരേഖ വിതരണം, സംശയ ദുരീകരണം, ഫോം പൂരിപ്പിക്കുന്നതിനുള്ള പിന്തുണ സംവിധാനങ്ങൾ, പൂരിപ്പിച്ച ഫോമുകളുടെ ശേഖരണം, പട്ടികവർഗ ഉന്നതികൾ, തീരദേശങ്ങൾ തുടങ്ങിയ മേഖലകളിലെ സവിശേഷ എന്റോൾമെന്റ് പരിപാടികൾ, ഡിജിറ്റൈസേഷൻ പ്രവർത്തനങ്ങൾ തുടങ്ങിയ പരിപാടികൾ എസ്.ഐ.ആർ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. ഫെസ്റ്റിവലിന് മുന്നോടിയായി വ്യാഴാഴ്ച സരോവരം ബയോപാർക്കിൽ തിരഞ്ഞെടുത്ത 15 കോളേജുകളിലെ മുന്നൂറോളം കോളേജ് വിദ്യാർഥികൾക്കായി കൈറ്റ് നിർമാണ ശിൽപശാല ഒരുക്കിയിരുന്നു. ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ് ഉദ്ഘാടനം നിർവഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |