പാലക്കാട്: നിറപ്പകിട്ടാർന്ന വേഷങ്ങളാലും ആടയാഭരണങ്ങളാലും വേദിയെ ആവേശം കൊള്ളിച്ച് ആലത്തൂർ ബി.എസ്.എസ് ഗുരുകുലം സ്‌കൂൾ. കർണാടകയിൽ ഉരുത്തിരിഞ്ഞ നാടോടി കലാരൂപമായ യക്ഷഗാനത്തിലാണ് ഗുരുകുലത്തിലെ വിദ്യാർത്ഥികൾ എച്ച്.എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. അർജുനൻ, സുധൻവൻ, പ്രഭാവതി, റിക്ഷകേതു, പ്രതുക്ജ്ഞ, അനുസാൽവ എന്നീ കഥാപാത്രങ്ങളടങ്ങിയ കുരുക്ഷേത്രയുദ്ധത്തിലെ ഭാഗമാണ് ഇവർ അവതരിപ്പിച്ചത്. കർണാടകയിലാണ് യക്ഷഗാനത്തിന്റെ തുടക്കം. കാസർകോട് വഴിയാണ് കേരളത്തിലേക്കെത്തിയത്. ക്ഷേത്രങ്ങളിൽ വളരെ ഭക്തിയോടെ അനുഷ്ഠിച്ചുപോരുന്ന കലാരൂപമാണിത്.
ചെണ്ട മുഴക്കിയാണ് യക്ഷഗാനം ആരംഭിക്കുന്നത്. ഒരു അവതാരകൻ കഥ ഒരു പാട്ടുപോലെ പാടുന്നു. ഇതിനൊത്ത് വാദ്യക്കാർ വാദ്യങ്ങൾ മുഴക്കുന്നു. താളത്തിനൊത്ത് നൃത്തവും കൂടെയാവുമ്പോൾ യക്ഷഗാനം പൂർണമാകുന്നു. തെയ്യത്തിനു സമാനമായ ചലനമാണ് യക്ഷഗാനത്തിനും. ഇലത്താളം, തൊപ്പി മദ്ദളം, ചെണ്ട, ചേങ്ങില ഇവ പ്രയോഗിക്കുന്നു ഇവയാണ് ഉപയോഗിക്കുന്നത്. കഥകളിയുടെ വേഷവിധാനത്തെ അനുകരിച്ചുള്ള ആടയാഭരണങ്ങളും കിരീടവുമാണ് യക്ഷഗാനത്തിലും. ആദിശേഷന്റെ ഫണത്തെ അനുസ്മരിപ്പിക്കുന്ന കിരീടമാണ് നടൻ ധരിക്കുന്നത്. കൊണ്ടവച്ച കിരീടമാണ് അണിയുക. മുഖത്ത് പച്ച തേക്കലും കണ്ണും പുരികവും എഴുതുന്നതാണ് രീതി. ഹസ്തകടകം, തോൾപ്പൂട്ട്, മാർമാല, കഴുത്താരം, കച്ച, ചരമുണ്ട്, കച്ചമണി, ചിലമ്പ് എന്നിവ വേഷത്തിനുപയോഗിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |