
കൊച്ചി: തൃപ്പൂണിത്തുറ ശ്രീ പൂർണത്രയീശ ക്ഷേത്രത്തിൽ വൃശ്ചികോത്സവ ദിവസങ്ങളിലെ തിരക്ക് നിയന്ത്രിക്കാൻ ബൗൺസർമാരെ നിയോഗിച്ചത് ഒഴിവാക്കേണ്ടതായിരുന്നെന്നും ആവർത്തിക്കരുതെന്നും ഹൈക്കോടതി. നവംബർ 22 മുതൽ 25 വരെയാണ് ബൗൺസർമാരെ നിയോഗിച്ചത്. 'ബൗൺസർ" എന്ന എംബ്ലമുള്ള ടീ ഷർട്ടും ധരിച്ച് ഇവരെത്തിയത് ക്ഷേത്രാന്തരീക്ഷത്തിന് അനുചിതമായെന്ന് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ച് വ്യക്തമാക്കി. ഇത്തരം കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് കൊച്ചിൻ ദേവസ്വം ബോർഡിനോട് നിർദ്ദേശിച്ചു.
ബൗൺസർമാർ എത്തിയത് ദൗർഭാഗ്യകരമായെന്ന് ദേവസ്വം ബോർഡും സമ്മതിച്ചു. കരാറെടുത്ത സ്വകാര്യ സെക്യൂരിറ്റി ഏജൻസിയാണ് ഇവരെ എത്തിച്ചത്. വിമുക്ത ഭടന്മാരെയാണ് തിരക്ക് നിയന്ത്രിക്കാൻ നിയോഗിക്കാറുള്ളത്. ഇത്തവണത്തെ ഉത്സവത്തിന് 10 ദിവസം മുമ്പ് ക്ഷേത്രോപദേശക സമിതിയിൽ കൂട്ടരാജിയുണ്ടായി. ഇതേത്തുടർന്നാണ് മറ്റു മാർഗം തേടിയത്. ഇത് ആവർത്തിക്കില്ലെന്നും ദേവസ്വം സ്റ്റാൻഡിംഗ് കൗൺസൽ അറിയിച്ചു.
ബൗൺസർമാരെ നിയോഗിച്ചത് ക്ഷേത്ര വിശുദ്ധിക്കും സംസ്കാരത്തിനും നിരക്കുന്നതല്ലെന്ന് വ്യക്തമാക്കി മരട് സ്വദേശി എൻ. പ്രകാശാണ് കോടതിയെ സമീപിച്ചത്. ദേവസ്വം ബോർഡിന്റെ ഉറപ്പ് രേഖപ്പെടുത്തിയ കോടതി ഹർജി തീർപ്പാക്കി. സിനിമാതാരങ്ങളും വ്യവസായികളുമടക്കമുള്ള പ്രമുഖർക്ക് സ്വകാര്യ സംരക്ഷണം ഒരുക്കുന്നവരെയാണ് ബൗൺസർമാർ എന്നുവിളിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |