SignIn
Kerala Kaumudi Online
Monday, 28 September 2026 7.10 PM IST

സവർണ്ണ-അവർണ്ണ ജാതികൾക്കിടയിൽ വേർതിരിവുണ്ടാക്കി വർഗീയ കലാപത്തിന് വഴിമരുന്നിടുന്നു: സർക്കാരിനെ കടന്നാക്രമിച്ച് സുകുമാരൻ നായർ

sukumaran

ചങ്ങനാശ്ശേരി: സംസ്ഥാന സർക്കാരിനെതിരെ ഗുരുതരമായ ആരോപണവുമായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. സംസ്ഥാനത്തെ സവർണ്ണ, അവർണ്ണ ജാതികൾക്കിടയിൽ വേർതിരിവുണ്ടാക്കി സർക്കാർ വർഗീയ കലാപത്തിന് വഴിമരുന്നിടുകയാണെന്നാണ് സുകുമാരൻ നായരുടെ ആരോപണം. ചങ്ങനാശേരിയിൽ വച്ച് നടന്ന 'വിജയദശമി നായർ സമ്മേളന'ത്തിൽ പ്രസംഗിക്കുകയായിരുന്നു സുകുമാരൻ നായർ.

രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് സർക്കാർ ഇതിനു ശ്രമിക്കുന്നതെന്നും സവർണനും അവർണനും തമ്മിൽ വേർതിരിവുണ്ടെന്ന്‌ കേട്ടിട്ടുണ്ടെങ്കിലും ഇപ്പോൾ അങ്ങനെയൊന്നുമില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. മനുഷ്യരുടെ മനസ്സിൽ നിന്നും ജാതിചിന്തകൾ എന്നെന്നേക്കുമായി മാറിയിട്ടും സർക്കാർ അത് വളർത്തുകയും അവരെ ജാതീയമായി പോലും വേർതിരിക്കുകയാണെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി പറഞ്ഞു.

'കേരളത്തിൽ വർഗീയ കലാപത്തിന് വഴിയൊരുക്കുകയാണ് യഥാർത്ഥത്തിൽ ഈ സർക്കാരിന്റെ തലപ്പത്തിരിക്കുന്നവര്‍ ഇതിലൂടെ ചെയ്യുന്നത്. പിന്നാക്ക വിഭാഗങ്ങൾക്കും പട്ടിക ജാതി വിഭാഗങ്ങൾക്കും വേണ്ടി മാത്രം നിലകൊണ്ടാൽ അവരുടെ വോട്ട് നോടാം എന്നാണ് സർക്കാർ കരുതുന്നത്. മുന്നാക്ക വിഭാഗം എണ്ണത്തിൽ കുറവാണ് എന്നതാണ് ഇതിന് കാരണം. മുന്നാക്ക സമുദായങ്ങളിലെ പാവങ്ങൾക്ക് മുൻ കാലങ്ങളിൽ ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ പോലും ഇപ്പോഴത്തെ സർക്കാർ അട്ടിമറിച്ചു. എല്ലാ ആനുകൂല്യങ്ങളും എപ്പോഴും പറ്റുന്ന വിഭാഗങ്ങളെ സന്തോഷിപ്പിക്കാൻ കൂടിയാണ് ഇത് ചെയ്യുന്നത്. സംസ്ഥാന മുന്നാക്ക ക്ഷേമ കോർപ്പറേഷൻ വഴി നൽകി വന്നിരുന്ന ധനസഹായങ്ങൾക്കായി അനുവദിച്ചിരുന്ന പണം കഴിഞ്ഞ രണ്ട് വർഷമായി സർക്കാർ തടഞ്ഞ് വെച്ചിരിക്കയാണ്. 50 കോടിയിൽ കൂടുതൽ രൂപയാണ് ഇങ്ങനെ തടഞ്ഞു വെച്ചിരിക്കുന്നത്.' സുകുമാരൻ നായർ ആരോപിച്ചു.

ഈ വിഷയം സർക്കാരിനോട് വളരെ ഗൗരവത്തിൽ തന്നെ ഉന്നയിച്ചിട്ടും തങ്ങളുടെ ആവശ്യം പരിഗണിക്കാൻ സർക്കാർ തയാറായില്ലെന്നും അതേസമയം സമുദായ നേതാക്കൾ ഒന്ന് തുമ്മിയാൽ അവരുടെ വീട്ടിൽ ചെന്ന് ക്യാബിനറ്റ് അവിടെ കൂടി അവർ ചോദിക്കുന്നതെല്ലാം അനുവദിച്ച്‌ കൊടുത്ത് അവരുടെ അനുഗ്രഹം വാങ്ങിക്കുന്ന സർക്കാരാണ് ഇപ്പോഴത്തേതെന്നും സുകുമാരൻ നായർ രൂക്ഷമായി വിമർശിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: G SUKUMARAN NAIR, G SUKU, NSS, KERALA, KERALA GOVERNMENT, CPM, KERALA BYELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA