
ന്യൂഡൽഹി: സ്ത്രീധനം സ്ത്രീയുടെ സ്വത്താണ്, അത് തിരികെകിട്ടാൻ വിവാഹമോചിതയായ മുസ്ലിം സ്ത്രീക്ക് അവകാശമുണ്ടെന്ന് സുപ്രീംകോടതി. നിക്കാഹ് വേളയിൽ ലഭിച്ച സ്വർണവും പണവും മുൻ ഭർത്താവ് തിരികെ കൊടുക്കേണ്ടതില്ലെന്ന കൽക്കട്ട ഹൈക്കോടതിയുടെ വിധി റദ്ദാക്കിയാണിത്. ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ് വിവാഹമോചിതയുടെ സാമ്പത്തിക സുരക്ഷ. അക്കാര്യം ഉറപ്പാക്കണമെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കരോൽ,എൻ. കോട്ടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
1986ലെ മുസ്ലിം വിമൻ ആക്‌ടിന്റെ (പ്രൊട്ടക്ഷൻ ഒഫ് റൈറ്റ്സ് ഓൺ ഡിവോഴ്സ്) ലക്ഷ്യങ്ങളിൽപ്പെട്ടതാണിത്. പശ്ചിമബംഗാളിലെ യുവതി ഈ നിയമപ്രകാരമാണ് സ്ത്രീധനം ആവശ്യപ്പെട്ടത്. എന്നാൽ കൽക്കട്ട ഹൈക്കോടതിക്ക് തെറ്റുപറ്റി. വെറും സിവിൽ തർക്കമെന്ന നിലയിലാണ് സമീപിച്ചത്. ഈ നിയമത്തിലെ വ്യവസ്ഥകൾ വ്യാഖ്യാനിക്കുന്നത് വിവാഹമോചിതരായ മുസ്ലിം സ്ത്രീകൾക്ക് നീതി ഉറപ്പാക്കണമെന്ന ലക്ഷ്യത്തോടെയായിരിക്കണം. ഇപ്പോഴും പലയിടത്തും പുരുഷ മേധാവിത്തം നിലനിൽക്കുന്നു. മുസ്ലിം സ്ത്രീകളുടെ അന്തസും സമത്വവും സംരക്ഷിക്കാനുള്ള നിയമം പ്രയോഗിക്കപ്പെടണമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി ലഭിച്ചതോടെ യുവതി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
44 പവനും 8 ലക്ഷവും
ഹർജിയിൽ അനുകൂല നിലപാടെടുത്ത സുപ്രീംകോടതി, ബംഗാളിലെ ബോൽപൂർ അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയുടെ വിധി പുനഃസ്ഥാപിച്ചു. 44 പവൻ സ്വർണാഭരണങ്ങളും 8 ലക്ഷം രൂപയും മുൻഭർത്താവ് ആറാഴ്ചയ്‌ക്കകം തിരികെ കൊടുക്കണം. വീഴ്ച വരുത്തിയാൽ 9 ശതമാനം വാർഷിക പലിശയും ചേർത്ത് നൽകണം. 2005 ആഗസ്റ്റ് 28നായിരുന്നു വിവാഹം. ബന്ധം വഷളായതോടെ 2009ൽ വധു ഭർതൃഗൃഹം ഉപേക്ഷിച്ചു. 2011 ഡിസംബർ 13നായിരുന്നു വിവാഹമോചനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |