
തിരുവനന്തപുരം: നാവികസേനയുടെ അഭ്യാസ പ്രകടനങ്ങളിൽ താരങ്ങളായത് വിമാനവാഹിനിക്കപ്പൽ വിക്രാന്തും മറൈൻ കമാൻഡോകളായ മാർകോസുമാണ്. ശ്രീലങ്കയിലെ സംയുക്ത നാവികാഭ്യാസത്തിനുശേഷം തലസ്ഥാനത്തെത്തിയ വിക്രാന്തിനെ കരഘോഷത്തോടെയാണ് ജനം സ്വാഗതം ചെയ്തത്. പതിനാല് നിലകളുള്ള, കടലിലൊഴുകുന്ന വ്യോമതാവളമായ വിക്രാന്തിന്റെ അടിത്തട്ടിന് ആഴം കൂടുതലായതിനാൽ ശംഖുംമുഖം തീരത്ത് അടുപ്പിക്കാനായില്ല. നാല് നോട്ടിക്കൽ മൈൽ അകലെയായിരുന്നു വിക്രാന്തിന്റെ സ്ഥാനം. 34 വിമാനങ്ങൾ നിറുത്തിയിടാനുള്ള ഹാംഗറുള്ള വിക്രാന്തിന്റെ മുകൾത്തട്ടിലെ ഡക്കിൽ നിരനിരയായി പോർവിമാനങ്ങൾ അണിനിരന്നു. റൺവേയിൽ നിന്ന് മിഗ്–29-കെ വിമാനം വാനിലുയർന്നപ്പോൾ ആവേശം അലകടലായി. വിക്രാന്തിൽ നിന്ന് പറന്നുയർന്ന മിഗ് വിമാനം അഭ്യാസപ്രകടനം നടത്തി. കൊച്ചി കപ്പൽശാലയിൽ നിർമ്മിച്ച, 45,000ടൺ ഭാരവും മൂന്ന് ഫുട്ബോൾ മൈതാനത്തിന്റെ വലിപ്പവുമുള്ള വിക്രാന്തിന് ശത്രുക്കളെ കണ്ടെത്തി സ്വയം ആക്രമിക്കാനും കഴിവുണ്ട്.
കരയിലും സമുദ്രത്തിലും ആകാശത്തും ഓപ്പറേഷനുകൾ നടത്താനുള്ള വൈദഗ്ദ്ധ്യം നേടിയ മാർകോസ് കമാൻഡോകളുടെ അഭ്യാസപ്രകടനത്തിനും ജനക്കൂട്ടം കരഘോഷം മുഴക്കി. നാവികസേനയുടെ പ്രത്യേകദൗത്യങ്ങൾ ഏറ്റെടുക്കുന്ന മറൈൻ കമാൻഡോ വിഭാഗമാണിത്. കമാൻഡർ രോഹിത് സിംഗിന്റെ നേതൃത്വത്തിൽ പാരച്യൂട്ടിൽ പറന്നിറങ്ങിയ കമാൻഡോകൾ രക്ഷാദൗത്യവും ആക്രമണവുമെല്ലാം ആവിഷ്കരിച്ചു. കടലിന് അടിത്തട്ടിലെ ഓപ്പറേഷൻ പരിശീലം കിട്ടിയ കോംപാക്ട് ഡൈവേഴ്സിനും കൈയടി കിട്ടി.
ആകാശ സല്യൂട്ടൊരുക്കി
തിരുവനന്തപുരം സ്വദേശി
രാഷ്ട്രപതി ദ്രൗപതി മുർമു വേദിയിലെത്തിയ ശേഷം ആകാശത്ത് സല്യൂട്ട് നൽകിയ ഡോണിയർ വിമാനങ്ങളുടെ സംഘത്തെ നയിച്ചത് തിരുവനന്തപുരം സ്വദേശിയായ ഫ്ലൈറ്റ് കമാൻഡർ അരവിന്ദ് നായർ. രാഷ്ട്രപതിയെ സ്വീകരിക്കാനെത്തിയ എം.എച്ച്. 60ആർ ഹെലികോപ്ടറുകൾക്കൊപ്പമാണ് അരവിന്ദിന്റെ നേതൃത്വത്തിൽ ഡോണിയർ വിമാനങ്ങൾ പറന്നെത്തിയത്. വ്യോമാഭ്യാസ പ്രകടനത്തിന്റെ അവസാനഘട്ടത്തിലും അരവിന്ദിന്റെ നേതൃത്വത്തിലുള്ള ഡോണിയർ സംഘമെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |