
ധാക്ക: അതീവ ഗുരുതരാവസ്ഥയിൽ തുടരുന്ന ബംഗ്ലാദേശ് മുൻ പ്രധാനമന്ത്റിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബി.എൻ.പി) ചെയർപേഴ്സണുമായ ഖാലിദ സിയയെ (80) വിദഗ്ദ്ധ ചികിത്സയ്ക്കായി ലണ്ടനിലേക്ക് മാറ്റും. ഇന്നലെ രാവിലെ കൊണ്ടുപോകാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ ഖത്തറിന്റെ എയർ ആംബുലൻസ് ധാക്കയിൽ എത്താൻ വൈകുന്നതും ഖാലിദയുടെ ആരോഗ്യനില മോശമായതും കണക്കിലെടുത്ത് യാത്ര നാളത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്. യാത്രാ മദ്ധ്യേ സാങ്കേതിക തടസം നേരിട്ട എയർ ആംബുലൻസ് ഇന്ന് ധാക്കയിലെത്തും. ശ്വാസകോശ അണുബാധയെ തുടർന്ന് നവംബർ 23നാണ് ഖാലിദയെ ധാക്കയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നാല് മാസത്തെ വിദഗ്ദ്ധ ചികിത്സയ്ക്ക് ശേഷം ഇക്കഴിഞ്ഞ മേയിലാണ് ഖാലിദ ലണ്ടനിൽ നിന്ന് ബംഗ്ലാദേശിലേക്ക് തിരിച്ചെത്തിയത്. കരൾ, വൃക്ക, ഹൃദയ, നേത്ര സംബന്ധമായ രോഗങ്ങളുള്ള ഖാലിദയെ ഷെയ്ഖ് ഹസീന പ്രധാനമന്ത്രിയായിരിക്കെ അഴിമതിക്കേസിൽ ശിക്ഷിച്ചിരുന്നു. ഹസീന സർക്കാരിന്റെ പതനത്തിന് പിന്നാലെ ഖാലിദയെ സുപ്രീംകോടതി കുറ്റവിമുക്തയാക്കി. ഫെബ്രുവരിയിൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ബി.എൻ.പിയ്ക്കായി പ്രചാരണത്തിനിറങ്ങുമെന്ന് ഖാലിദ പ്രഖ്യാപിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |