
അഗളി: അട്ടപ്പാടി വനത്തിൽ കടുവ സെൻസസിന് പോയ വനവകുപ്പ് ജീവനക്കാരൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പുതൂർ ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചർ അഗളി നെല്ലിപ്പതി ഉന്നതിയിലെ കാളിമുത്തുവാണ്(48) മരിച്ചത്. ഒരാൾക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ രണ്ട് സഹപ്രവർത്തകരോടൊപ്പം മുള്ളി വനത്തിൽ കടുവ കണക്കെടുപ്പിന് പോയതായിരുന്നു ബീറ്റ് ഫോറസ്റ്റ് ഓഫീസർ അസിസ്റ്റന്റായി പ്രവർത്തിക്കുന്ന കാളിമുത്തു. തിരികെ വരുന്നതിനിടയിൽ കാട്ടാനയുടെ മുന്നിൽ അകപ്പെട്ടു. കൂടെയുള്ളവർ ഓടി രക്ഷപ്പെട്ടെങ്കിലും കാളിമുത്തുവിനെ ആന ആക്രമിക്കുകയായിരുന്നു.
ജനവാസ മേഖലയിൽ നിന്നും രണ്ടുകിലോമീറ്റർ അകലെ ഉൾവനത്തിൽവച്ച് ഉച്ചയ്ക്ക് ശേഷം രണ്ടുമണിയോടെയായിരുന്നു സംഘത്തിനു നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. കാളിമുത്തുവിനെ കൂടാതെ കണ്ണൻ,അച്യുതൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. അച്യുതൻ കാട്ടാനയുടെ കാലുകൾക്കിടയിൽപെട്ടെങ്കിലും അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. കാട്ടാനയെകണ്ട് ഓടുന്നതിനിടെ താഴെ വീണ കാളിമുത്തുവിനെ ആന ചവിട്ടുകയായിരുന്നു. സംഭവ സ്ഥലത്തുവച്ചുതന്നെ കാളിമുത്തു മരിച്ചു. അച്യുതന് പരിക്കേറ്റിട്ടുണ്ട്.
രക്ഷപെട്ടവർ വിവരം അറിയിച്ചതിനെ തുടർന്ന് വനംവകുപ്പിന്റെ ദ്രുതകർമ്മസേന സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് കാളിമുത്തുവിന്റെ മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങൾക്ക് മുമ്പ് മുള്ളിയോട് ചേർന്ന കോർക്കുന്ത ഭാഗത്ത് കടുവാ സെൻസസിനിടെ അഞ്ചംഗ വനപാലക സംഘം വഴിതെറ്റി ഉൾവനത്തിൽ അകപ്പെട്ടിരുന്നു. യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെയാണ് വനപാലകരെ സെൻസസിന് നിയോഗിക്കുന്നത്. മരിച്ച കാളിമുത്തുവിന്റെ ഭാര്യ സെൽവി. മകൻ:അനിൽകുമാർ.മൃതദേഹം അഗളി ഗവ.ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |