
കേരളത്തിൽ ഇത്രമേൽ ഉയരത്തിൽ റോഡ് നിർമ്മിക്കുമ്പോൾ വയഡക്ട് മാതൃകയിൽ ഉയരപ്പാത നിർമ്മിക്കുന്നതാണ് നല്ലത്. കോൺക്രീറ്റ് തൂണുകൾക്ക് മുകളിൽ റോഡ് നിർമ്മിച്ചാൽ ദേശീയപാത 66ൽ കൊട്ടിയത്തിനടുത്ത് മൈലക്കാട്ട് സംഭവിച്ചതു പോലെയുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനാകും. മണ്ണിട്ട് ഉയർത്തി റോഡ് നിർമ്മിക്കുമ്പോൾ പാലിക്കേണ്ട എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിക്കണം. ഇവിടെ അതുണ്ടായിട്ടുണ്ടോയെന്ന് സംശയമുണ്ട്. മണ്ണിന് ബലമില്ലെങ്കിൽ ഇതൊക്കെ സംഭവിക്കാം.
നിർമ്മാണ ചെലവിലെ വ്യത്യാസം കാരണമാകും വയഡക്ടിനു പകരം മണ്ണിട്ട് ഉയർത്തിയുള്ള നിർമ്മാണ രീതി സ്വീകരിക്കുന്നത്. ദേശീയപാതാ നിർമ്മാണത്തിൽ ഇത്രയും പൊക്കത്തിലാണ് റോഡ് നിർമ്മാണം വരുന്നതെങ്കിൽ മണ്ണ് പരിശോധന ഉൾപ്പെടെയുള്ളവയിൽ വീഴ്ച പാടില്ല. ആർ.ഇ വാൾ (റീഇൻഫോഴ്സ്ഡ് എർത്ത് വാൾ) സാങ്കേതിക വിദ്യ ലോകമെമ്പാടും ഉപയോഗിക്കുന്നതാണ്. ഏറ്റവും അടിയിലുള്ള മണ്ണിന്റെ ഗുണം,നിറയ്ക്കുന്ന മണ്ണിന്റെ ഗുണം,മണ്ണ് നിറയ്ക്കുന്ന രീതി ഇതെല്ലാം റോഡ് നിർമ്മാണത്തേയും അതിന്റെ ഭാവിയേയും ബാധിക്കും.
നിർമ്മാണത്തിലെ എല്ലാ ഘട്ടത്തിലും ഗുണമേന്മ ഉറപ്പാക്കേണ്ടതുണ്ട്.
റോഡ് നിർമ്മാണം എങ്ങനെ വേണമെന്ന് ഐ.ആർ.സി (ഇന്ത്യൻ റോഡ്സ് കോൺഗ്രസ്)യിൽ കൃത്യമായിട്ട് നിർദ്ദേശിച്ചിട്ടുണ്ട്. അതിൽ ആദ്യത്തേത് മണ്ണ് പരിശോധനയാണ്. അടിത്തട്ടിലെ മണ്ണ് പരിശോധിച്ച് അതിനുസരിച്ചുവേണം അടിത്തട്ട് ശരിയാക്കേണ്ടത്. അടുത്തത് നിറയ്ക്കാൻ ഉപയോഗിക്കുന്ന മണ്ണിന്റെ സ്വാഭാവമാണ്. മണ്ണ് നിറയ്ക്കുന്ന രീതിയാണ് അടുത്തത്. ഇത്രയും ഉയരത്തിൽ നിർമ്മാണം നടത്തുമ്പോൾ അതിൽ ഓരോ പാളിയായിട്ട് മണ്ണിട്ട് കൃത്യമായി ഉറപ്പിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |