
തൃശൂർ: സംസ്ഥാനത്ത് നാല് വൻകിട പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കുന്നതിന് ആവശ്യമായ 20,000 കോടി രൂപ കിഫ്ബി വഴി കണ്ടെത്തുമെന്നും, അത് തടയാനാണ് ഉദ്ദേശ്യമെങ്കിൽ നടക്കാൻ പോകുന്നില്ലെന്നും, മസാല ബോണ്ടിൽ സർക്കാരിനെതിരായ ഇ.ഡി നോട്ടീസിനെ പരാമർശിച്ച് മൂഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.തൃശൂരിൽ കോർപറേഷൻ തല ഇടതു സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണ കൺവെഷനിൽ
സംസാരിക്കുകയായിരുന്നു അദ്ദേഹം.
കിഫ്ബി വഴി പശ്ചാത്തല വികസനത്തിന് പണം ചെലവഴിച്ചത് റിസർവ് ബാങ്ക് മാനധണ്ഡങ്ങൾ പാലിച്ചാണ്.ഭൂമി വിലയ്ക്ക് വാങ്ങി കച്ചവട താത്പര്യത്തോടെ മറിച്ചു വിൽക്കുന്നുവെന്നാണ് ഇ.ഡിയുടെ ആരോപണം. കിഫ്ബി പദ്ധതികൾക്ക് പിന്നിൽ ഒരു റിയൽ എസ്റ്റേറ്റ് താൽപ്പര്യവുമില്ല.കാലാനുസൃത വികസനമില്ലാതെ ശപിക്കപ്പെട്ട നാടായി കരുതിയ കേരളത്തെ അടിസ്ഥാന സൗകര്യ വികസനത്തിലും കാർഷിക വ്യാവസായിക വളർച്ചയിലും അത്ഭുതകരമായ പുരോഗതി നേടിയ നാടാക്കി മാറ്റാനായി.ഇടതു സർക്കാരിന് തുടർ ഭരണം ലഭിച്ചപ്പോൾ ചരിത്രം തിരുത്തിയെഴുതപ്പെട്ടു.
2016ന് ശേഷം ബഡ്ജറ്റ് വഴി 44,000 കോടി ചെലവഴിച്ചെങ്കിലും അത് പോരെന്നതിന്റെ അടിസ്ഥാനത്തിലാണ് കിഫ്ബിയെ പുനരുജ്ജീവിപ്പിച്ചത്. ആദ്യ അഞ്ചുവർഷം 50,000 കോടിയുടെ അടിസ്ഥാന സൗകര്യ വികസനമാണ് ലക്ഷ്യമിട്ടതെങ്കിലും 62,000 കോടിയുടെ പദ്ധതികൾ നടപ്പാക്കാനായി. വീണ്ടും നാലര വർഷം പിന്നിട്ടപ്പോൾ 90,000 കോടി കിഫ്ബി വഴി ചെലവഴിച്ചു. പത്ത് വർഷക്കാലയളവിൽ ഒന്നര ലക്ഷം കോടി രൂപ ചെലവഴിച്ചു.
വയനാട് തുരങ്ക
പാത ഉടൻ
കൊച്ചി -ബംഗളൂരു വ്യവസായ ഇടനാഴി, വയനാട് തുരങ്ക പാത എന്നിവ ഉടൻ യാഥാർത്ഥ്യമാകും. കോവളം മുതൽ ചേറ്റുവ വരെയുള്ള ജലപാത ഉടൻ സഞ്ചാരയോഗ്യമാക്കും. വിഴിഞ്ഞം തുറമുഖം, ഗെയിൽ പൈപ്പ് ലൈൻ, വാട്ടർ മെട്രോ, വൈദ്യുത പ്രസരണ രംഗത്തെ കുതിച്ചുച്ചാട്ടം, കാർഷിക വ്യവസായിക അഭിവൃദ്ധി എന്നിവയെല്ലാം ഉണ്ടായത് തുടർഭരണം കിട്ടിയതിനാലാണ്-മുഖ്യമന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |