അങ്കമാലി: കൊട്ടിക്കലാശം കഴിഞ്ഞു, ഇനി നിശബ്ദ പ്രചാരണം. അങ്കമാലി നഗരസഭ, കറുകുറ്റി, മൂക്കന്നൂർ, തുറവുർ, മഞ്ഞപ്ര പഞ്ചായത്തുകളിൽ മുന്നണികൾ തമ്മിൽ കടുത്ത മത്സരമാണ്. നഗരസഭയിൽ ഭരണം നിലനിറുത്താൻ എല്ലാ അടവുകളും പയറ്റുകയാണ് യു.ഡി.എഫ്, ഇത്തവണ ഭരണം പിടിക്കാനാകുമെന്ന ഉത്തമ വിശ്വാസത്തിലാണ് എൽ.ഡി.എഫ്, എൻ.ഡി.എയ്ക്ക് അങ്കമാലി നഗരസഭയിലും തുറവൂർ പഞ്ചായത്തിലും രണ്ട് വീതം സീറ്റുകളുണ്ട്. അത് വർദ്ധിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ്. മൂക്കന്നൂർ, കറുകുറ്റി പഞ്ചായത്തുകൾ ഭൂരിപക്ഷ കാലവും യു.ഡി.എഫിനൊപ്പമായിരുന്നു. അതിൽ കാര്യമായ വ്യത്യാസം വരില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് യു.ഡി.എഫ്. രണ്ടിടത്തും എൽ.ഡി.എഫ് ശക്തമായി ചെറുത്തുനിൽക്കുന്നു. തുറവൂർ പഞ്ചായത്തിൽ യു.ഡി.എഫിൽ നിന്ന് ഭരണം തിരിച്ചുപിടിക്കാനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. റെബൽ ശല്യം യു.ഡി.എഫിനെ കുഴക്കുന്നുണ്ടെങ്കിലും പരമ്പരാഗത വോട്ടുകളിൽ കാര്യമായ വിള്ളലുണ്ടായിട്ടില്ലെന്നും അതുകൊണ്ട് ഭരണം നിലനിറുത്താനാകുമെന്നും യു.ഡി.എഫിന് വിശ്വാസമുണ്ട്. മഞ്ഞപ്ര പഞ്ചായത്തിൽ അധികാരം നിലനിറുത്തുമെന്നാണ് എൽ.ഡി.എഫിന്റെ ഉറച്ച വിശ്വാസം. കഴിഞ്ഞ തവണ നഷ്ടപ്പെട്ട ഭരണം തിരുച്ചുപിടിക്കാനാകുമെന്നാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടൽ. ബ്ലോക്ക് പഞ്ചായത്തിൽ ഈ മേഖലയിൽ പാലിശ്ശേരി, താബോർ,കറുകുറ്റി, മൂക്കന്നൂർ, കിടങ്ങൂർ, തുറവൂർ ഡിവിഷനുകളാണ് എൽ.ഡി.എഫിനെ സംബന്ധിച്ച് ബാലികേറാ മലയായി കാണുന്നത്. ഇത്തവണ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ പല ഡിവിഷനുകളിൽ കടുത്ത വെല്ലുവിളി ഉയർത്തിയിട്ടുണ്ട്. പാലിശ്ശേരി, താബോർ, കറുകുറ്റി, മൂക്കന്നൂർ, കിടങ്ങൂർ, തുറവൂർ ഡിവിഷനുകളാണവ. ജില്ലാ പഞ്ചായത്ത് വാർഡുകളായ കറുകുറ്റിയും പുതിയതായി വന്ന തുറവൂർ ഡിവിഷനിലും കടുത്ത മത്സരമാണ് നടക്കുന്നത്. കഴിഞ്ഞ കുറേക്കാലമായി യു.ഡി.എഫ് കുത്തക മേഖലയിലാണ് ഈ രണ്ടു വാർഡുകളും. കറുകുറ്റിയിൽ ഡിവിഷനുകളിൽ വന്ന മാറ്റവും എൽ ഡി.എഫിന് ഗുണം ചെയ്തിട്ടുണ്ട്. എൻ.ഡി.എ സ്ഥാനാർത്ഥികൾ ശക്തമായി ഡിവിഷനുകളിൽ നിലയുറപ്പിച്ചിട്ടുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |