
കോഴിക്കോട്: കേരളത്തിലെ എം.പിമാരുടെ പ്രവർത്തനത്തെപ്പറ്റി സംവാദത്തിന് തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമയവും സ്ഥലവും നിശ്ചയിച്ചാൽ മതി. സംവാദത്തിന് തയ്യാറുണ്ടോ എന്ന് കെ.സി. വേണുഗോപാൽ വെല്ലുവിളിച്ചതിനോട് കാലിക്കറ്റ് പ്രസ് ക്ളബിന്റെ 'മീറ്റ് ദി ലീഡർ' പരിപാടിയിലായിരുന്നു പ്രതികരണം.
മുമ്പ് കേരളത്തിന്റെ പൊതുവായ കാര്യങ്ങളിൽ യു.ഡി.എഫ് എം.പിമാർ ഒന്നിച്ചു നിന്നിരുന്നു. എന്നാൽ ഇപ്പോഴത്തെ നിലപാട് കേരള വിരുദ്ധമാണ്. അതിദാരിദ്ര്യ നിർമ്മാർജ്ജനം പ്രഖ്യാപിച്ച കേരളത്തിൽ അന്ത്യോദയ, അന്നയോജന കാർഡുകൾ റദ്ദാക്കാനോ തുടരാതിരിക്കാനോ സാദ്ധ്യതയുണ്ടോയെന്ന് കൊല്ലം,കോഴിക്കോട് എം.പിമാർ പർലമെന്റിൽ ചോദിച്ചത് ഉദാഹരണമാണ്. വസ്തുതയുമായി ബന്ധമില്ലാത്ത ചോദ്യം ചോദിച്ച് തെറ്റായ ചിത്രം ഉയർത്തിക്കാട്ടാനാണ് ശ്രമിച്ചത്. അതിനുള്ള മറുപടിയാണ് കെ.സി.വേണുഗോപാലിനെ പോലുള്ളവരിൽ നിന്ന് പ്രതീക്ഷിക്കുന്നത്. അല്ലാതെ സംവാദം നടത്താനുണ്ടോയെന്ന വെല്ലുവിളിയല്ല.
മുമ്പ് ജമാ അത്തെ ഇസ്ലാമിയുമായി താൻ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. അവർ വർഗീയവാദികളെന്ന് അറിഞ്ഞു കൊണ്ടാണത്. കാണണമെന്നും സംസാരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. എ.കെ.ജി സെന്ററിൽ നടന്ന കൂടിക്കാഴ്ചയിൽ അവർക്ക് ഗുഡ് സർട്ടിഫിക്കറ്റ് കൊടുത്തിട്ടില്ല. അവർക്കൊപ്പം സോളിഡാരിറ്റി യുവാക്കളുമുണ്ടായിരുന്നു. ഇവരല്ലേ ഏറ്റവും വലിയ സാമൂഹ്യവിരുദ്ധരെന്ന് താനവരുടെ മുഖത്തു നോക്കി ചോദിച്ചു.
മുമ്പ് മാദ്ധ്യമങ്ങളോട് കടക്ക് പുറത്ത് എന്ന് പറഞ്ഞതിലും മുഖ്യമന്ത്രി പ്രതികരിച്ചു. 'നിങ്ങൾ വിളിച്ചിടത്തേ പോകാവൂ. വിളിക്കാത്ത സ്ഥലത്ത് ചെന്നിരിക്കരുത്. അങ്ങനെയിരുന്നപ്പോൾ നിങ്ങൾ ദയവായി പുറത്തു പോകൂ എന്ന് പറയേണ്ടതിനു പകരം ഞാൻ , കടക്ക് പുറത്തെന്ന് പറഞ്ഞിട്ടുണ്ടാകും. അത്രയേയുള്ളൂ.'
സ്ഥലവും സമയം മുഖ്യമന്ത്രിക്ക്
തീരുമാനിക്കാം: കെ.സി
ആലപ്പുഴ: യു.ഡി.എഫ് എം.പിമാരുടെ പ്രവർത്തനം ചർച്ച ചെയ്യാനുള്ള വെല്ലുവിളി മുഖ്യമന്ത്രി സ്വീകരിച്ചതിനെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി. സ്ഥലവും സമയവും മുഖ്യമന്ത്രിക്ക് തീരുമാനിക്കാം. മുഖ്യമന്ത്രി തയ്യാറാണെങ്കിൽ സംവാദത്തിന് നാളെ തന്നെ തയാറാണ്.
യു.ഡി.എഫ് എം.പിമാരുടെ പാർലമെന്റിലെ പ്രവർത്തനവുമായി ബന്ധപ്പെട്ട് കേരളത്തിലെ ജനങ്ങളെ തെറ്റിധരിപ്പിക്കാനാണ് ശ്രമിച്ചത്. കേരള താത്പര്യങ്ങൾ സംരക്ഷിക്കാനാണ് യു.ഡി.എഫ് എം.പിമാർ പോരാടിയത്. ആഴക്കടൽ മത്സ്യബന്ധനം, മണൽ ഖനനം, കപ്പൽ മുങ്ങിയത്, വന്യമൃഗ ആക്രമണം, സംസ്ഥാനത്തോടുള്ള കേന്ദ്രസർക്കാരിന്റെ സാമ്പത്തിക വിവേചനം ഉൾപ്പടെയുള്ള നിരവധി വിഷയങ്ങൾ യു.ഡി.എഫ് എം.പിമാർ പാർലമെന്റിൽ ഉന്നയിച്ചിട്ടുണ്ട്.
ഡീലുകൾക്ക് വേണ്ടി കേന്ദ്രമന്ത്രിമാരെ സ്വകാര്യമായി യു.ഡി.എഫ് എം.പിമാർ സന്ദർശിക്കാറില്ല.പക്ഷെ കേരളത്തിന്റെ ജനകീയ വികസന വിഷയങ്ങളെല്ലാം ഉന്നയിച്ചിട്ടുണ്ട്..ശബരിമല സ്വർണ്ണക്കൊള്ളക്കാരെ ന്യായീകരിക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയുടേത്. മറ്റ് അന്വേഷണം വേണ്ടെന്ന മുഖ്യമന്ത്രിയുടെ താത്പര്യം ആരെയൊക്കയോ സംരക്ഷിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |