
അമ്പലപ്പുഴ: പതിവു തെറ്റാതെ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ അന്നദാനം നടത്തുവാൻ എരുമേലി വാവർ പള്ളി ഭാരവാഹികളെത്തി. ക്ഷേത്രം ഊട്ടുപുരയിൽ നടക്കുന്ന അന്നദാനത്തിന്റെ ഇരുപത്തിയൊന്നാം ദിവസമായ ഞായറാഴ്ചയാണ് എരുമേലി വാവർ പള്ളി വകയായി നടത്തിയത്. പേട്ട തുള്ളലിനായി എരുമേലിയിലെത്തുന്ന അമ്പലപ്പുഴ സംഘം വാവർ പള്ളിയിൽ നടക്കുന്ന മത സൗഹാർദ സമ്മേളനത്തിൽ പങ്കെടുക്കുകയും ചന്ദനക്കുടത്തിന് വരവേൽപ്പ് നൽകുകയും ചെയ്യും. ചെറിയമ്പലത്തിൽ നിന്നും പേട്ട കെട്ടി ഇറങ്ങുന്ന സംഘം നേരെ വാവരു പള്ളിയിൽ കയറും. പുഷ്പ വൃഷ്ടി നടത്തിയും കളഭം തളിച്ചും പള്ളി ഭാരവാഹികൾ സംഘത്തെ സ്വീകരിക്കും. നൂറ്റാണ്ടുകളായി ഈ ചടങ്ങുകൾ നടക്കുന്നുണ്ട്. ക്ഷേത്രത്തിൽ വാവരു പള്ളി ഭാരവാഹികൾ കഴിഞ്ഞ പതിനഞ്ചു വർഷമായി അന്നദാനം നടത്തുന്നുണ്ട്. എരുമേലിയിലെ മത സൗഹാർദ്ദം അമ്പലപ്പുഴയിലും ഉണ്ടാകണമെന്നും അമ്പലപ്പുഴ ക്ഷേത്രത്തിലെ അന്നദാനത്തിൽ ഒരു ദിവസം വാവരു പള്ളി വകയായി നടത്തണമെന്നും അന്നത്തെ സമൂഹപ്പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായർ മുന്നോട്ടുവച്ച നിർദ്ദേശം ഉൾക്കൊണ്ട് പള്ളി ഭാരവാഹികൾ അമ്പലപ്പുഴ ക്ഷേത്രത്തിൽ ആരംഭിച്ച അന്നദാനം ഇന്നും തുടർന്നു വരുന്നു. അന്നദാനം നടത്തുന്നതിനായി ക്ഷേത്രത്തിലെത്തിയ വാവർ പള്ളി സെക്രട്ടറി മിഥു ലാജ്, വാവർ പ്രതിനിഥി ആസാദ് താഴത്തു വീട്ടിൽ പള്ളി ഭാരവാഹികൾ ഷഹനാസ്, നാസർ ചക്കാല എന്നിവരെ സംഘം ഭാരവാഹികളായ ആർ. ഗോപകുമാർ, ജി.ബിജു, കെ.സി. ഹരികുമാർ, ആർ. മധു എന്നിവർ ചേർന്ന് സ്വീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |