
വോട്ടിംഗ് ശതമാനം കുറയുമെന്ന ഭീതിയിൽ മുന്നണികൾ
കോട്ടയം: യുവാക്കളിൽ പലരും പഠനവും ജോലിയുമായി അന്യ നാടുകളിൽ, മരിച്ചവരും സ്ഥലം മാറി പോയവരും വേറേ. വോട്ടേഴ്സ് ലിസ്റ്റിൽനിന്നു പേരു വെട്ടിയവരുടെ എണ്ണം കൂടിയത് ക ണ്ട് സ്ഥാനാർത്ഥികളുടെ കണ്ണു തള്ളുകയാണ്. വോട്ടേഴ്സ് ലിസ്റ്റിൽ പേരുള്ള യുവാക്കൾക്ക് വോട്ട് ചെയ്യാൻ വലിയ താത്പര്യവുമില്ല. ഇതെല്ലാം ചേർന്നു പോളിംഗ്ശതമാനം കുറയുന്നത് ജയാപജയം നിർണയിക്കുന്നതിൽ നിർണായകമാകുമെന്നതിനാൽ ലിസ്റ്റിലുള്ളവരെ മുഴുവൻ എങ്ങനെയും ബൂത്തിലെത്തിക്കാനുള്ള മത്സരമായിരിക്കും പാർട്ടി പ്രവർത്തകർ നടത്തുക.
കേരളത്തിനു പുറത്തുള്ള വോട്ടർമാരെ കൊണ്ട് വരുന്നതിന് വിദേശത്തുള്ള ഏജന്റന്മാർ വഴി വിമാനടിക്കറ്റ് എത്തിച്ച സ്ഥാനാർത്ഥികളുണ്ട്. വോട്ടർമാരുടെ ബന്ധുക്കൾ വഴി വോട്ടുറപ്പിച്ചിട്ടും ഇൻഡിഗോ ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ദാക്കുന്നത് തുടർകഥയായതോടെ സമയത്ത് വോട്ടുചെയ്യാൻ പലർക്കും എത്താൻ കഴിയാത്ത സ്ഥിതിവന്നു. കൈയ്യിലെ കാശും പോയി വോട്ടും ലഭിക്കാത്ത സ്ഥിതി പല സ്ഥാനാർത്ഥികളുടെയും കണക്കു കൂട്ടൽ തെറ്റിച്ചു.
സ്ഥാനാർത്ഥി നിശബ്ദ പ്രചാരണം നടത്തിയപ്പോൾ വോട്ടർ പട്ടിക വിലയിരുത്തി ഉറപ്പുള്ള വോട്ട് കണക്കാക്കുന്ന ജോലിയായിരുന്നു ഇന്നലെ. വോട്ടെടുപ്പ് കഴിയുമ്പോൾ വോട്ടു ചെയ്തവരെ വെച്ച് മറ്റൊരു കണക്കെടുക്കും. പോളിംഗ് ശതമാനം കൂടുന്നത് യു.ഡി.എഫിന് ഗുണം ചെയ്യുമെന്ന പഴയ കണക്കിപ്പോൾ മറ്റു മുന്നണികൾകാര്യമായെടുക്കുന്നില്ല. ഇടതു മുന്നണി പ്രവർത്തകർ അവരുടെ വോട്ടുകൾ കൂടുതലും സമാഹരിക്കുമെന്നതിനാൽ ഈ കണക്കു പ്രസക്തമല്ല. ശക്തമായ ത്രികോണ മത്സരം നടക്കുന്നിടങ്ങളിൽ ബി.ജെ.പി പിടിക്കുന്ന വോട്ടുകണക്കിൽ യു.ഡി.എഫിനാണ് എൽ.ഡി.എഫിലും കൂടുതൽ ആശങ്ക.
നഗരസഭകൾ ഒഴിച്ചുള്ള സ്ഥലങ്ങളിൽ ഒരാൾക്ക് ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലേക്ക് മൂന്നു വോട്ടാണ് ചെയ്യാനുള്ളത് . 1500 വോട്ടർമാരുള്ള പോളിംഗ് സ്റ്റേഷനിൽ വരെ ഒരു ബൂത്തേ ഉള്ളൂ. വോട്ടു ചെയ്യാൻ സമയമെടുക്കും. പ്രത്യേകിച്ചും പ്രായമായവർ.
മത്സരിക്കുന്നസ്ഥാനാർത്ഥികളോട് താത്പര്യമില്ലാതെ നോട്ടയ‌്ക്ക് വോട്ടു ചെയ്തു പ്രതിഷേധം രേഖപ്പെടുത്താനുള്ള അവസരം തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രത്തിൽ നോട്ടയില്ലാത്തതിനാൽ സാദ്ധ്യമല്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |