
എല്ലാം സജ്ജം ഇന്ന് വോട്ടെടുപ്പ്: രാവിലെ ,ഏഴു മുതൽ വൈകിട്ട് ആറ് വരെ
16,41,249 വോട്ടർമാർ, 5281സ്ഥാനാർത്ഥികൾ
കോട്ടയം: പോളിംഗ് സാമഗ്രികളുടെ വിതരണവും പോളിംഗ് ബൂത്തുകളിലെ ക്രമീകരണങ്ങളും സമയബന്ധിതമായി പൂർത്തീകരിച്ച് കോട്ടയം ജില്ല തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനായി സജ്ജമായി. ഇന്നു രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ് പോളിംഗ്. ആറുമണിവരെ വരി നിൽക്കുന്നവർക്കു ടോക്കൺ നൽകി വോട്ട് ചെയ്യുന്നതിന് സൗകര്യമേർപ്പെടുത്തും.
ത്രിതലപഞ്ചായത്തുകളും നഗരസഭകളും ഉൾപ്പെടെ ജില്ലയിലെ 89 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 1611 നിയോജകമണ്ഡലങ്ങളിൽ 16,41,249 പേരാണ് വിധിയെഴുതുക. ട്രാൻസ് ജെൻഡർ വിഭാഗത്തിൽപെട്ട 13 പേരും പ്രവാസി വോട്ടർമാരും ഉൾപ്പെടുന്നു.
ആകെ 5281 പേരാണ് ജനവധി തേടുന്നത്. ജില്ലാ പഞ്ചായത്ത്-83, ബ്ളോക്ക് പഞ്ചായത്ത്-489, ഗ്രാമപഞ്ചായത്ത്- 4032, നഗരസഭ-677 എന്നിങ്ങനെയാണ് വിവിധ തലങ്ങളിലെ സ്ഥാനാർത്ഥികളുടെ എണ്ണം.
വോട്ടിംഗ് യന്ത്രങ്ങൾ ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം തിങ്കളാഴ്ച ഉച്ചയോടെ പൂർത്തിയായി.
അതത് റിട്ടേണിംഗ് ഓഫസർമാരുടെ നേതൃത്വത്തിൽ വിവിധ കൗണ്ടറുകൾ ക്രമീകരിച്ചായിരുന്നു വിതരണം.
വോട്ടെടുപ്പിനുശേഷം ഇന്ന് വൈകുന്നേരത്തോടെ സ്വീകരണ കേന്ദ്രങ്ങളിൽ എത്തിക്കുന്ന വോട്ടിംഗ് യന്ത്രങ്ങൾ സ്‌ട്രോംഗ് റൂമുകളിലേക്കു മാറ്റും. ഇതേ കേന്ദ്രങ്ങളിൽ തന്നെയാണ് 13ന് വോട്ടെണ്ണൽ നടക്കുക. ജില്ലാ പഞ്ചായത്തു ഡിവിഷനുകളിലേയ്ക്കുള്ള തപാൽ വോട്ടുകൾ ജില്ലാ പഞ്ചായത്ത് ഹാളിലായിരിക്കും എണ്ണുക.
ശ്രദ്ധ നേടി മാതൃകാ ഹരിത കളക്ഷൻ സെന്റർ
കോട്ടയം: കോട്ടയം നഗരസഭയിലെ പോളിംഗ് ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം നടന്ന കോട്ടയം ബേക്കർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂളിൽ ഒരുക്കിയ മാതൃകാ ഹരിത കളക്ഷൻ സെൻറർ ശ്രദ്ധേയമായി. നഗരസഭാ ആരോഗ്യവിഭാഗത്തിൻറെ നേതൃത്വത്തിലാണ് തെങ്ങോല, തഴപ്പായ തുടങ്ങിയ പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ച് ഹരിത കളക്ഷൻ സെൻറർ തയ്യാറാക്കിയത്.
ഓല മെടഞ്ഞുണ്ടാക്കിയ കുട്ടകളാണ് വേസ്റ്റ് ബിന്നുകളായി ഉപയോഗിച്ചത്. തെരഞ്ഞെടുപ്പ് വേളയിൽ പാലിക്കേണ്ട ഹരിതചട്ടങ്ങൾ സെൻററിനു മുന്നിൽ എഴുതി പ്രദർശിപ്പിച്ചു. വീടുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യം സംസ്‌കരിക്കേണ്ടതെങ്ങനെയെന്നു സൂചിപ്പിക്കുന്ന ബോർഡും ബയോബിന്നുകൾ ഉപയോഗിച്ച് മാലിന്യം സംസ്‌കരിക്കുന്ന രീതിയും ഇവിടെ പ്രദർശിപ്പിച്ചു.
കോട്ടയം നഗരസഭയിൽ ആറു മേഖലകളിലും തെരഞ്ഞെടുത്ത ഓരോ ബൂത്തിൽ വീതം ഹരിത കേന്ദ്രങ്ങൾ പ്രവർത്തിക്കും.
പൂർണമായും ഹരിതചട്ടം പാലിച്ചുള്ള തെരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത്. പ്ലാസ്റ്റിക് - പി.വി.സി. ഫ്‌ളക്‌സ് എന്നിവ പ്രചാരണങ്ങളിൽ നിരോധിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |