
പാരീസ്: പാരീസിലെ വിഖ്യാതമായ ലൂവ്ര് മ്യൂസിയം വീണ്ടും വാർത്തകളിൽ നിറയുന്നു. കവർച്ചയല്ല, ചോർച്ചയാണ് ഇത്തവണത്തെ പ്രശ്നം. മ്യൂസിയത്തിന്റെ ഒരു ഭാഗത്ത് വെള്ളം ചോർന്നൊലിച്ചത് മൂലം 400ഓളം പുസ്തകങ്ങൾക്കാണ് കേടുപാട് സംഭവിച്ചത്. ഈജിപ്ഷ്യൻ പുരാവസ്തു വിഭാഗത്തിലെ ലൈബ്രറിയിൽ നവംബർ 26നാണ് ചോർച്ച കണ്ടെത്തിയത്. ഭാഗ്യവശാൽ ഇവിടുത്തെ മറ്റ് അമൂല്യ വസ്തുക്കളെ ബാധിച്ചിട്ടില്ല.
ലൈബ്രറിയുടെ സീലിംഗിലൂടെ കടന്നുപോകുന്ന കാലഹരണപ്പെട്ട പൈപ്പ് സംവിധാനത്തിന്റെ വാൽവ് ആകസ്‌മികമായി തുറന്നതാണ് വെള്ളം ചോർന്നൊലിക്കാൻ കാരണമായത്. അടുത്ത വർഷം പൈപ്പുകളിൽ അറ്റക്കുറ്റപ്പണികൾ നടത്താൻ അധികൃതർ നേരത്തെ തീരുമാനിച്ചിരുന്നതാണ്.
പുരാതന ഈജിപ്റ്റുമായി ബന്ധപ്പെട്ട 19, 20 നൂറ്റാണ്ടുകളിലെ ശാസ്ത്രരേഖകളും പുസ്തകങ്ങൾക്കുമാണ് കേടുപാടുണ്ടായത്. പുസ്തകങ്ങൾ നന്നാക്കി ഷെൽഫുകളിൽ തിരിച്ചെത്തിക്കുമെന്ന് അധികൃതർ പറഞ്ഞു. അതേ സമയം, ഒക്ടോബർ 19ന് പട്ടാപ്പകൽ ലൂവ്ര് മ്യൂസിയത്തിൽ നിന്ന് നാല് മോഷ്ടാക്കൾ ചേർന്ന് കൊള്ളയടിച്ച 8.8 കോടി യൂറോയുടെ രാജകീയ ആഭരണങ്ങൾ ഇനിയും കണ്ടെത്താനായിട്ടില്ല. കേസിൽ 9 പേരാണ് ഇതുവരെ അറസ്റ്റിലായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |