കോഴിക്കോട്: ഭരണസമിതിയുടെ പ്രോഗ്രസ് റിപ്പോർട്ട് കളക്ടറുടെ വിലക്ക് മറികടന്നും വിതരണം ചെയ്യുമെന്ന ഡെപ്യൂട്ടി മേയറുടെ നിലപാടിലൂടെ തിരഞ്ഞെടുപ്പ് സംവിധാനത്തെ തന്നെ വെല്ലുവിളിക്കുകയാണെന്ന് യു.ഡി.എഫ് കൗൺസിൽ പാർട്ടി നേതാവ് കെ.സി ശോഭിതയും കെ. മൊയ്തീൻ കോയയും പറഞ്ഞു. ഒക്ടോബർ 26ന് പ്രസിദ്ധീകരിച്ചുവെന്ന് അവകാശപ്പെടുന്ന ലഘുലേഖയുടെ കവർ ചിത്രം മറ്റൊന്നാണ്. ചട്ടലംഘനം ഉണ്ടെന്ന് സെക്രട്ടറി കൗൺസിലർമാരുടെ ഔദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പിൽ വ്യക്തമാക്കുന്നുണ്ട്. ചട്ടലംഘനമുള്ളതിനാൽ വിതരണം ചെയ്യരുതെന്നാണ് സെക്രട്ടറി കൗൺസിലർമാരോട് അഭ്യർത്ഥിക്കുന്നത്. മാത്രമല്ല, ഇടത് കൗൺസിലർമാർക്ക് മാത്രമാണ് ഇവ വിതരണം ചെയ്തത്. ഇക്കാര്യങ്ങളിൽ എതിർപ്പുള്ളതിനാലാണ് മേയർ വാർത്താ സമ്മേളനത്തിൽ നിന്ന് വിട്ടുനിന്നതെന്നും യു.ഡി.എഫ് ആരോപിച്ചു. പ്രിന്റിംഗ് ആക്ട് പ്രകാരം പ്രസിന്റെ പേര്, എത്ര കോപ്പി എന്ന് ചേർത്തിട്ടില്ലാത്തതിനാൽ സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കണം. കോർപ്പറേഷന് പ്രോഗ്രസ് റിപ്പോർട്ട് തയാറാക്കാൻ പരമാവധി ആറ് ലക്ഷം രൂപയാണ് അനുവദിച്ചത്. പ്രിന്റ് ചെയ്യാൻ എത്ര പണം നൽകി, ബില്ല് ലഭിച്ചിട്ടുണ്ടെങ്കിൽ ഇക്കാര്യവും വ്യക്തമാക്കണം. മേയർ തിരഞ്ഞടുപ്പ് രംഗത്തുനിന്ന് വിട്ടുനിന്നത് ഭരണവീഴ്ചയിൽ പങ്കില്ലെന്ന് വ്യക്തമാക്കാനാണെന്നും യു.ഡി.എഫ് നേതാക്കൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |