കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമ്മാണം പന്തലായനി ഭാഗത്ത് മന്ദഗതിയിൽ. ഡിസംബർ അവസാനത്തോടെ നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് ഭാഗികമായെങ്കിലും തുറന്നു കൊടുക്കുമെന്നായിരുന്നു തീരുമാനം. എന്നാൽ പ്രതീക്ഷിച്ച വേഗത്തിൽ പ്രവൃത്തി നീങ്ങാത്ത അവസ്ഥയാണിപ്പോൾ. ദേശീയപാത 66 വികസനം അഴിയൂർ മുതൽ നാദാപുരം റോഡുവരെയുള്ള 5.5 കിലോ മീറ്റർ, മൂരാടുമുതൽ നന്തിവരെയുള്ള 10.3 കിലോമീറ്റർ, നന്തി മുതൽ വെങ്ങളം വരെയുള്ള 16.7 കിലോമീറ്റർ എന്നിവയുടെ നിർമാണപ്രവൃത്തികൾ ഡിസംബറോടെ പൂർത്തിയാകുമെന്നാണ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചിരുന്നത്.
കൊല്ലം അണ്ടർപാസിനും പന്തലായനി പുത്തലത്ത് കുന്നിനും ഇടയിലാണ് പാതയുടെ നിർമ്മാണത്തിൽ കാര്യമായ പരോഗതി ഉണ്ടാവാത്തത്. ഇവിടെ ടാറിംഗ് പ്രവൃത്തിയിലേക്ക് കടക്കണമെങ്കിൽ ചെമ്മൺ പാതയുടെ പണി തീരണം. പാതയിൽ ഇപ്പോഴും ഉയർച്ച താഴ്ചയാണ്. ഇനിയും മണ്ണിട്ട് ഉയർത്തിയാലെ റോഡ് ലെവലിൽ എത്തുകയുളളു.
പന്തലായനി പുത്തലത്ത് കുന്ന് ഭാഗത്ത് സർവീസ് റോഡിലേക്ക് തളളി നിൽക്കുന്ന പാറക്കെട്ടുകൾ പൊട്ടിച്ചു നീക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്. ബൈപ്പാസ് മുറിച്ചു കടക്കുന്ന കൂമൻ തോട് റോഡിൽ നിർമ്മിച്ച അടിപ്പാതയുടെ ഇരുവശത്തും റോഡ് നിർമ്മാണം പൂർത്തിയായിട്ടില്ല. കൊല്ലം അടിപ്പാതയ്ക്ക് മുകളിലൂടെ ഒറ്റ വരിയിൽ വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയും.
പ്രവൃത്തി നടക്കാനുളളത് നന്തി ടൗണിൽ
ബൈപ്പാസ് ആരംഭിക്കുന്ന നന്തി ടൗണിലാണ് കാര്യമായ പ്രവൃത്തി നടക്കാനുളളത്. ഈ ഭാഗത്ത് റോഡ് പണി തുടങ്ങിയാൽ നന്തിയിൽ നിന്ന് സുഗമായി ബൈപ്പാസിലേക്ക് കടക്കാൻ കഴിയും. നന്തിയിൽ നിലവിലുളള ദേശീയ പാതയുമായി ബൈപ്പാസ് സന്ധിക്കുന്നിടത്ത് പ്രവൃത്തി നടക്കാനുണ്ട്. ഇവിടെ നിർമ്മിച്ച അണ്ടർപാസുമായി ബൈപ്പാസ് റോഡിനെ ബന്ധിപ്പിക്കണം. എങ്കിലേ ചെങ്ങോട്ടുകാവ് വഴി വരുന്ന വാഹനങ്ങൾക്ക് സുഗമായി കണ്ണൂർ റോഡിലേക്ക് കടക്കാൻ കഴിയൂ. നന്തി ശ്രീശൈലം കുന്നിലേക്കുളള ചെറുപാതയിലൂടെയാണ് വാഹനങ്ങൾ ഇപ്പോൾ ഓടുന്നത്.
ചെങ്ങോട്ടുകാവിൽ പണിത അണ്ടർപാസുമായി ആറുവരിപാത ബന്ധിപ്പിക്കുന്ന പ്രവൃത്തി തുടങ്ങിയിട്ടുണ്ട്. ചെങ്ങോട്ടുകാവിനും നന്തിയിക്കും ഇടയിൽ 11 കിലോമീറ്റർ ദൈർഘ്യത്തിലാണ് ബൈപ്പാസ് നിർമ്മിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |