
വിതുര: വിനോദസഞ്ചാരകേന്ദ്രമായ പൊൻമുടിയിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. നിലവിൽ പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാതയിൽ കല്ലാർ കടന്നാൽ കാട്ടാനകളുടെ താണ്ഡവമാണ്. കഴിഞ്ഞ ദിവസം വോട്ട് രേഖപ്പെടുത്താൻ പൊൻമുടിയിലേക്ക് പോയ വനസംരക്ഷണസമിതി എക്സിക്യൂട്ടീവ് അംഗം രാഹുലിന്റെ കാർ തകർക്കുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. കാറിലുണ്ടായിരുന്നവർ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഒടുവിൽ വനപാലകരും, ടൂറിസ്റ്റുകളും ചേർന്ന് കാട്ടാനകളെ തുരത്തി വനത്തിനുള്ളിലേക്ക് കടത്തിവിട്ടു. ഇതേദിവസം പൊൻമുടിയിലേക്ക് പുറപ്പെട്ട സഞ്ചാരികളേയും കാട്ടാനക്കൂട്ടം ഓടിച്ചു.
നിലവിൽ പൊൻമുടി റോഡിൽ ഒരാഴ്ചയായി ആനശല്യമുണ്ട്. രാത്രിയിൽ പൊൻമുടി റോഡ് കാട്ടാനകളുടെ നിയന്ത്രണത്തിലാണ്. നടുറോഡിലാണ് അന്തിയുറക്കം. പുലർച്ചെ ബസ് എത്തി ഹോൺമുഴക്കുമ്പോഴാണ് വനത്തിനുള്ളിലേക്ക് മടങ്ങുന്നത്. മാത്രമല്ല വനമേഖലയായതിനാൽ പെട്ടെന്ന് വനത്തിനുള്ളിൽ നിന്നും റോഡിലേക്കിറങ്ങും.
മഞ്ഞിലും തണുപ്പിലും മുങ്ങിനിൽക്കുന്ന കാലാവസ്ഥയായതിനാൽ പൊൻമുടിയിൽ ഇപ്പോൾ ടൂറിസ്റ്റുകളുടെ വൻ തിരക്കാണ്.
വ്യാപക നാശത്തിന് ഇടയാക്കുന്നു
കാട്ടാനയുടെ ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് കൂടുതൽ ആക്രമണങ്ങളും നടക്കുന്നത്. പൊൻമുടി രണ്ടാം വളവ് മുതലാണ് ആനശല്യമുള്ളത്. ഇന്നലെ റോഡരികിൽ നിന്ന മരം കാട്ടാനക്കൂട്ടം റോഡിലേക്ക് പിഴുതിട്ടു. ഇതോടെ പൊൻമുടി റൂട്ടിൽ ഗതാഗത തടസവുമുണ്ടായി. ഫയർഫോഴ്സെത്തി മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
നേരത്തേ നിരവധി വൈദ്യുതി പോസ്റ്റുകൾ കാട്ടാനകൾ തകർത്തിരുന്നു. വനമേഖലയിൽ മരങ്ങളും മറിച്ചിടുന്നുണ്ട്. ഇതുമൂലം പൊൻമുടി മേഖലയിൽ അടിക്കടി വൈദ്യുതി വിതരണം തടസപ്പെടുകയാണ്. പൊൻമുടിക്ക് പുറമേ കല്ലാർ മേഖലയിലും കാട്ടാനശല്യം വർദ്ധിച്ചതായി ആദിവാസികൾ അറിയിച്ചു.
മുന്നറിയിപ്പുകൾ പാലിക്കണം
പൊൻമുടി മേഖലയിൽ കാട്ടാനശല്യം വർദ്ധിച്ചിട്ടുണ്ട്. നിലവിൽ പകൽസമയത്തുപോലും കാട്ടാനകൾ റോഡിലേക്കിറങ്ങുന്ന സ്ഥിതിയാണ്. പൊൻമുടിയിലേക്കുള്ള യാത്രക്കിടയിൽ കല്ലാർ കഴിഞ്ഞാൽ എപ്പോഴും ആനകളെ കാണാം. ഇതിന് പുറമെ പുലി ശല്യവുമുണ്ട്. സഞ്ചാരികൾ വനത്തിനുള്ളിലേക്ക് കയറരുത്. കാട്ടാനകളുടെ ചിത്രം എടുക്കാനും ശ്രമിക്കരുത്. പൊലീസിന്റെയും വനപാലകരുടെയും നിർദ്ദേശങ്ങൾ പാലിക്കണം.
ക്യാപ്ഷൻ: കാട്ടാനകൾ കേടുവരുത്തിയ പൊൻമുടി വി.എസ്.എസ് എക്സിക്യൂട്ടീവ് അംഗം രാഹുലിന്റെ കാർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |