
കൊച്ചി: വിദേശത്തു നിന്ന് മസാല ബോണ്ടിലൂടെ സമാഹരിച്ച പണം സംബന്ധിച്ച് ഇ.ഡി നൽകിയ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കിഫ്ബി ഹൈക്കോടതിയെ സമീപിച്ചു. ഈ പണം അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് വിനിയോഗിച്ചത് വിദേശനാണ്യ വിനിമയ ചട്ടത്തിന്റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയത്. വിശദീകരണം തേടുക മാത്രമായതിനാൽ ഹർജി നിലനിൽക്കുന്നതല്ലെന്നാണ് ഇ.ഡിയുടെ വിശദീകരണം. വിഷയത്തിൽ 16ന് ഉത്തരവ് പുറപ്പെടുവിക്കുമെന്ന് ജസ്റ്റിസ് വി.ജി. അരുൺ വ്യക്തമാക്കി.
അടിസ്ഥാനസൗകര്യ വികസനത്തിന് ഭൂമി വാങ്ങാൻ ഫണ്ട് ഉപയോഗിച്ചതിൽ തെറ്റില്ലെന്നാണ് കിഫ്ബിയുടെ വാദം. ആർ.ബി.ഐ അനുമതിയോടെയാണ് മസാല ബോണ്ട് ഫണ്ട് വിനിയോഗിച്ചതെന്ന് കിഫ്ബിക്കുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ് അറിയിച്ചു. ഭൂമി ഏറ്റെടുക്കൽ സർക്കാരിന്റെ അധികാരത്തിലുള്ള വിഷയമാണ്. ഭൂവുടമയ്‌ക്ക് നഷ്ടപരിഹാരം നൽകിയിട്ടുമുണ്ട്. കിഫ്ബിയുടെ പേരിലേക്ക് സ്ഥലം മാറ്റിയിട്ടില്ല. തിരഞ്ഞെടുപ്പ് വേളയിലാണ് ഇ.ഡി ഇത്തരം നോട്ടിസുകൾ നൽകുന്നതെന്നും ബോധിപ്പിച്ചു.
വിദേശത്തുനിന്ന് വായ്പയെടുക്കുന്നത് ആർ.ബി.ഐ ചട്ട പരിധിയിൽ വരുന്നതാണെന്നും ആ ഫണ്ട് ഇവിടെ ഭൂമി വാങ്ങാൻ ഉപയോഗിക്കാനാവില്ലെന്നും ഇ.ഡിക്കു വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ എ.ആർ.എൽ. സുന്ദരേശൻ ബോധിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |