കുന്ദമംഗലം: മുണ്ടിക്കൽതാഴത്തിന് സമീപം ചേവരമ്പലം മിനിബൈപാസിൽ കാറിടിച്ച് സ്ക്കൂട്ടർ യാത്രികൻ മരിച്ചു. പെരിങ്ങൊളം മുണ്ടക്കൽ ചോലക്കൽ സുബ്രഹ്മണ്യൻ (47) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ ഷൈനിയെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി പത്തുമണിയോടെയാണ് അപകടം. നഗരത്തിൽ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്ന ദമ്പതികളുടെ സ്ക്കൂട്ടറിൽ അമിതവേഗതയിൽ വന്ന കാർ വന്നിടിക്കുകയായിരുന്നു. പരിസരവാസികളും ചേവായൂർ പൊലീസും ചേർന്ന് ഇരുവരെയും ഉടൻ മെഡിക്കൽകോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും സുബ്രഹ്മണ്യന്റെ ജീവൻ രക്ഷിക്കാനായില്ല. കാറിലുണ്ടായിരുന്നവർ സംഭവസ്ഥലത്ത്നിന്ന് ഓടി രക്ഷപ്പെട്ടു. കുന്ദമംഗലം ഹൈസ്ക്കൂളിലെ ഒൻപതാംക്ലാസ് വിദ്യാർത്ഥിയായ ഏക മകൾ അനുനന്ദയും ഇവർക്കൊപ്പം കോഴിക്കോട്ടേക്ക് പോയിരുന്നുവെങ്കിലും തിരിച്ചുവരുമ്പോൾ മറ്റൊരു വാഹനത്തിലായിരുന്നു. സുബ്രഹ്മണ്യന്റെ മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് 2 മണിക്ക് സംസ്കരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |