കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്തിൽ യു.ഡി.എഫ് കൈവരിച്ചത് അത്യുജ്ജ്വല വിജയം. അധികം നേടിയത് ഒമ്പത് സീറ്റ്. എൽ.ഡി.എഫിന് ഏഴും ട്വന്റി 20ക്ക് രണ്ട് സീറ്റും നഷ്‌ടമായി. പാമ്പാക്കുടയിൽ നിന്ന് വിജയിച്ച കെ.ജി.രാധാകൃഷ്‌ണൻ പ്രസിഡന്റാകും.
ജില്ലാ പഞ്ചായത്തിൽ എക്കാലത്തെയും വിജയമാണ് യു.ഡി.എഫ് ആവർത്തിച്ചത്. കടമക്കുടി ഡിവിഷനിൽ പത്രിക തള്ളിയതിനാൽ സ്ഥാനാർത്ഥി ഇല്ലാതെ വിജയം ഉറപ്പുള്ള സീറ്റാണ് നഷ്‌ടമായത്. ട്വന്റി 20യിൽ നിന്ന് വെങ്ങോല, കോലഞ്ചേരി ഡിവിഷനുകൾ തിരിച്ചുപിടിക്കാൻ കഴിഞ്ഞത് ഇരട്ടിമധുരവും അഭിമാനവുമായി. ട്വന്റി 20യുടെ സിറ്റിംഗ് അംഗം സജന നസീറിനെയാണ് കോൺഗ്രസിലെ ടി.എസ്.സുമയ്യ 5,130 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തോൽപ്പിച്ചത്. കോലഞ്ചേരിയിൽ ട്വന്റി 20യുടെ വി.ജി.പ്രതീഷ്‌കുമാറിനെ കോൺഗ്രസിലെ സുജിത്ത് പോൾ 2,175 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തോൽപ്പിച്ചു. സിറ്റിംഗ് അംഗമായിരുന്ന ഉമ മഹേശ്വരി തിരഞ്ഞെടുപ്പിന് മുമ്പ് എൽ.ഡി.എഫിൽ ചേർന്നിരുന്നു. എൽ.ഡി.എഫിലെ എം.വി.നിതമോൾ മൂന്നാം സ്ഥാനത്തായി.
പ്രസിഡന്റ് സ്ഥാനം പട്ടികജാതി സംവരണമാണ്. പാമ്പാക്കുടയിൽ ജയിച്ച കെ.ജി.രാധാകൃഷ്‌ണൻ പ്രസിഡന്റാകും. വനിതകൾക്ക് സംവരണം ചെയ്‌ത വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്‌ക്ക് ആലങ്ങാട്ട് വിജയിച്ച സിന്റ ജേക്കബ്, കോടനാട്ട് ജയിച്ച അൽഫോൻസ ഡേവിഡ് എന്നിവരെ പരിഗണിക്കും. മുമ്പും ജില്ലാപഞ്ചായത്ത് അംഗമായിരുന്ന സിന്റ ജേക്കബിനാണ് സാദ്ധ്യത കൂടുതൽ.
കൂടുതൽ ജില്ലാ പഞ്ചായത്ത് സീറ്റുകൾക്ക് ശ്രമിച്ചെങ്കിലും കൈയിലിരുന്നതും നഷ്‌ടമായത് എൽ.ഡി.എഫിന്, പ്രത്യേകിച്ച് സി.പി.എമ്മിന് തിരിച്ചടിയായി. ആറ് സീറ്റുണ്ടായിരുന്ന സി.പി.എം മൂന്നിലൊതുങ്ങി. സി.പി.ഐയുടെ മൂന്ന് സീറ്റും നഷ്‌ടമായി.
രണ്ട് സിറ്റിംഗ് സീറ്റുകൾ നഷ്‌ടമാകുകയും ഇക്കുറി മത്സരിച്ച പുത്തൻകുരിശിൽ സി.പി.എമ്മിനോട് തോൽക്കുകയും ചെയ്‌തത് ട്വന്റി 20ക്ക് തിരിച്ചടിയായി.
''നടപ്പാക്കിയ വികസന,ക്ഷേമ പദ്ധതികളും ചിട്ടയായ പ്രചാരണവും വിജയത്തെ സഹായിച്ചു.""
മനോജ് മുത്തേടൻ
മുൻ പ്രസിഡന്റ്
2025 സീറ്റുനില
യു.ഡി.എഫ് - 25
എൽ.ഡി.എഫ് -3
2020 സീറ്റുനില
യു.ഡി.എഫ് - 16
എൽ.ഡി.എഫ് -9
ട്വന്റി 20 -2
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |